ഐ.എസുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ നിരീക്ഷണത്തില്‍ അവലംബിച്ച യുക്തിയും ന്യായവുമെന്തെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ലെന്ന് മുസ്തഫ മുണ്ടുപാറ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എ മാതൃഭൂമിയിലെഴുതിയ സലഫി അനുകൂല ലേഖനത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യുവജന വിഭാഗമായ സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ.
കേരളത്തിലെ ഐ.എസ്: വളംവെച്ചതാര്? എന്ന തലക്കെട്ടില്‍ കഴിഞ്ഞദിവസമാണ് മാതൃഭൂമിയില്‍ കെ.എം ഷാജിയുടെ ലേഖനം പ്രസിദ്ധീകരിച്ചത്.
ഐ.എസുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ നിരീക്ഷണത്തില്‍ അവലംബിച്ച യുക്തിയും ന്യായവുമെന്തെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ലെന്ന് മുസ്തഫ മുണ്ടുപാറ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. പകല്‍ പോലെ വ്യക്തമായ ചില യാഥാര്‍ത്ഥ്യങ്ങളെ പച്ചയായി നിഷേധിക്കാനുള്ള ശ്രമമാണ് ഷാജി നടത്തിയതെന്നും മണ്ണില്‍ തല താഴ്ത്തി ആരും കാണുന്നില്ലെന്നു നടിക്കുന്ന ഒട്ടകപ്പക്ഷിയുടെ നയത്തിനു തുല്യമാണിതെന്നും മുസ്തഫ മുണ്ടുപാറ വിമര്‍ശിക്കുന്നു.
സലഫിസത്തെ വെള്ളപൂശാന്‍ വേണ്ടി മൗദൂദിസത്തെ വിമര്‍ശിക്കുന്നതിലെ സൂത്രം വളരെ വ്യക്തമായി ഈ ലേഖനത്തില്‍ കാണുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സലഫി പ്രസ്ഥാനത്തെ രക്ഷിക്കാനായി കെ.എം ഷാജി സലഫി സംഘനകളെ ലേഖനത്തില്‍ മൂന്നായി തിരിച്ച് അതിലൊരു വിഭാഗത്തിന്റെ ആശയങ്ങള്‍ മൗദൂദിസത്തിന്റെ തലയില്‍ വെച്ചുകെട്ടുകയുമാണ്.
സലഫിസത്തെക്കുറിച്ച് കൂലങ്കഷമായി പഠിച്ചവര്‍ മൂന്നുവിഭാഗം സലഫികളെക്കുറിച്ച് പറയുന്നുണ്ട്. ഒന്നാമത്തേത് മൃദുസലഫിസമാണ്. അവര്‍ രാഷ്ട്രീയ ആക്ടിവിസത്തില്‍നിന്ന് മാറിനില്‍ക്കുകയും ഖുര്‍ആനും നബിചര്യയും അനുസരിച്ച് ലോകത്തെവിടെയും ജീവിക്കാമെന്ന് വിശ്വസിക്കുന്നവരുമാണ്. രണ്ടാമത്തേത് സക്രിയ സലഫിസമാണ്. ഇക്കൂട്ടര്‍ ഇസ്‌ലാമികമായ രാഷ്ട്രീയക്രമത്തിനുവേണ്ടി വാദിക്കുന്നവരും പ്രബോധനം ചെയ്യുന്നവരുമത്രെ. പക്ഷേ, ലക്ഷ്യപ്രാപ്തിക്ക് ഹിംസയെ ആശ്രയിക്കുന്നില്ല. മൂന്നാമത്തേതാണ് ജിഹാദി സലഫിസം. ഭൂമിയില്‍ ദൈവത്തിന്റെ ഭരണം സ്ഥാപിക്കാന്‍ ഹിംസയുടെ അനിവാര്യത പ്രഘോഷണംചെയ്യുന്നവരാണിവര്‍. കേരളത്തില്‍ ഏഴെട്ട് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുപോരുന്ന സലഫികള്‍ ആദ്യവകുപ്പില്‍ പെട്ടവരാണ്. അവര്‍ ആധുനിക വിദ്യാഭ്യാസത്തിനുവേണ്ടിയും സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരള നവോത്ഥാനചരിത്രത്തിന്റെ ഭാഗമാണെന്നും ലേഖനത്തില്‍ കെ.എം ഷാജി വ്യക്തമാക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, ജിഹാദി സലഫിസത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലൊന്നായ ഹാക്കീമിയ്യ അഥവാ ദൈവത്തിന്റെ പരമാധികാരം എന്ന സങ്കല്പം സാമ്പ്രദായിക സലഫിസത്തിന്റെ ആശയമല്ല എന്നതാണ്. “സലഫി ജിഹാദിസം: ദ ഹിസ്റ്ററി ഓഫ് ഏന്‍ ഐഡിയ” എന്ന ഗ്രന്ഥത്തില്‍ ഷിറാസ് മഹര്‍ വ്യക്തമാക്കുന്നതുപോലെ ഹാക്കിമിയ്യ എന്ന ആശയത്തിന് ആധുനികകാലത്ത് സവിശേഷ ഊന്നല്‍ കൊടുത്തതും പ്രചാരം നല്‍കിയതും ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ മൗലാനാ മൗദൂദിയാണ്. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഭരണമല്ലാതെ മറ്റൊരു ഭരണവ്യവസ്ഥയും പാടില്ലെന്നും ജനാധിപത്യവും മതനിരപേക്ഷതയും ദേശീയതയും ഭരണഘടനയുമൊക്കെ അനിസ്‌ലാമികമാണെന്നും യുദ്ധോത്സുകഭാഷയില്‍ അവതരിപ്പിച്ചത് അദ്ദേഹമാണെന്നും ലേഖനത്തിലുണ്ട്.
Also Read: പച്ചില പെട്രോളിന്റെ പേരില്‍ തട്ടിപ്പ്; രാമര്‍ പിള്ളക്ക് മൂന്ന് വര്‍ഷം തടവ്
മൗദൂദിയുടെ തീവ്രനിലപാടുകള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണെന്ന് മുസ്തഫ മുണ്ടുപാറ പറയുന്നു. എന്നാല്‍ നിലവിലെ ഐ.എസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രാദേശിക ദേശീയഅന്തര്‍ ദേശീയ തലങ്ങളില്‍ മാദൂദിസത്തിന്റെ സാന്നിധ്യം പ്രകടമായി ദൃശ്യമല്ല. എന്നാല്‍ സലഫിസം കൃത്യമായി ക്യാന്‍വാസില്‍ തെളിയുന്നുമുണ്ട്.
സ്വന്തം സമുദായത്തിന്റെ പ്ലാറ്റ്‌ഫോമിലുള്ളവരെ മുസ്‌ലിമായി അംഗീകരിക്കാന്‍ പോലുമുള്ള വിശാലമായൊരു കാഴ്ചപ്പാട് വഹാബിസത്തിനുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറിക്കുന്നു. അടിസ്ഥാനപരമായി വഹാബി ആശയത്തിന്റെ മനസ്സ് ഈ തലത്തിലാണുള്ളത്.( നിലവിലെ മുജാഹിദ് നേതാക്കളായ ടി.പിയും മടവൂരുമെല്ലാം പെരുമാറ്റത്തിലും സമീപനത്തിലും വിശാലത കാണിക്കുന്നവരാണെന്നത് നിഷേധിക്കുന്നില്ല) നെഗറ്റീവിസം ആശയതലത്തിലെ അടിത്തറയായൊരു പ്രത്യയശാസ്ത്രം തീവ്രമായ സമീപനം നിലനില്‍പിനു വേണ്ടി സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരാവുകയാണ്, പക്ഷെ, ഇത് എല്ലാ അതിര്‍ത്തിയും ലംഘിച്ചുവെന്നു മാത്രം,മുസ്തഫ മുണ്ടുപാറ
പറയുന്നു.
തീവ്രമായ ഈ നിലപാടിനെ പേരിനു പോലും ഒന്ന് വിമര്‍ശിക്കാന്‍ തയ്യാറായില്ലെന്നത് കെ.എം ഷാജിയുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കാന്‍ ഇടയാക്കുകയാണെന്ന് മുസ്തഫ മുണ്ടുപാറ ആരോപിക്കുന്നു. സലഫിസത്തെ മൂന്നായി വിഭജിക്കുകയും മൂന്നാമത്തേതിന്റെ പിതൃത്വം മറ്റ് ആളുകളുടെ പേരില്‍ ചാര്‍ത്തുകയും ചെയ്യുന്നതു കാണുമ്പോള്‍ ഇത്രമാത്രം ഷാജി വഹാബിസത്തിനു വിധേയനായിപ്പോയോ എന്ന് ആരും ശങ്കിച്ചു പോകുമെന്നും മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി.