തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിന്നാക്ക, എസ്.സി, എസ്.ടി സംഘടനകൾ ചേർന്ന് രൂപം നൽകിയ സമിതിയിൽ നിന്ന് പിന്മാറി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ.
സംസ്ഥാന സർക്കാരിനെതിരെ മാർച്ച് അഞ്ച്, ആറ് തീയതികളിൽ ആക്ഷൻ കൗൺസിൽ ഫോർ എസ്.ഇ.സി.സി എന്ന സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുന്നുണ്ട്. 50ഓളം സംഘടനകളെ അണിനിരത്തിയാണ് സമരം നടത്തുന്നത്.
സർക്കാരിനെതിരായ സമരത്തിൽ ചെയർമാൻ സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന സമസ്ത നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് പൂക്കോട്ടൂർ പിന്മാറിയത്.
കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയാണ് നിലവിൽ ആക്ഷൻ കൗൺസിലിന്റെ ചെയർമാൻ.
ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് ചേർന്ന് യോഗത്തിലാണ് ജാതി സെൻസസ് വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ സമരം നടത്താൻ സാമുദായിക സംഘടനകൾ പൊതുവേദി രൂപീകരിച്ചത്.
നേരത്തെ ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് മുസ്‌ലിം സംഘടനകളുടെ ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ നിന്നും സമസ്ത പിന്മാറിയിരുന്നു.
അതേസമയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ വിധി വരട്ടെ എന്നും ജാതി സെൻസസിൽ അതിനുശേഷം തീരുമാനമെടുക്കാമെന്നുമാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ അറിയിച്ചത്.
എന്നാൽ ജാതി സെൻസസ് നടത്തുന്നതിന് സംസ്ഥാനങ്ങൾക്കു മുന്നിൽ തടസ്സമില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ജാതി സെൻസസ് നടപ്പാക്കിയിട്ടുമുണ്ട്.
Content Highlight: Samastha withdraw from chairmanship of Action committee against State government ion not implementing caste census