മലപ്പുറം: കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത എന്ന തലക്കെട്ടില്‍ തന്റെ ഫോട്ടോ വെച്ച് വന്ന വാര്‍ത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
മീഡിയ വണ്‍ ചാനലിലായിരുന്നു ജിഫ്‌രി തങ്ങളുടെ ഫോട്ടോ വെച്ച് ‘കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത’ എന്ന തലക്കെട്ടില്‍ വാര്‍ത്ത പുറത്തുവന്നത്.
സുന്നി മഹല്ല് ഫെഡറേഷന്റെ ലൈറ്റ് ഓഫ് മിഹ്റാബ് എന്ന പരിപാടിയില്‍ മലപ്പുറത്ത് താന്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ അവിടെ നടത്തിയ പ്രസംഗത്തിലും തുടര്‍ന്ന് പത്രക്കാരുമായി നടത്തിയ സംസാരത്തിലും ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടേയില്ലെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ വാര്‍ത്തകള്‍ വരുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കമ്മ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നും ഇത് തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ടെന്നും സമസ്ത ക്യാമ്പയിനെ കുറിച്ച് വിശദീകരിച്ച് ലേഖനം പുറത്തുവന്നിരുന്നു.
സമസ്ത നേതാവും ദാറുല്‍ ഹുദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സുപ്രഭാതം പത്രത്തിലും ചന്ദ്രിക പത്രത്തിലും എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
‘ലൈറ്റ് ഓഫ് മിഹ്റാബ്’ എന്ന പേരില്‍ സുന്നി മഹല്ല് ഫെഡറേഷനാണ് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്. മുസ്‌ലിങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെട്ട് അതു കേവലമൊരു രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്.
അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകള്‍ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. മാര്‍ക്സും ഏംഗല്‍സും മുതല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വരെ അതു സുതരാം വ്യക്തമാക്കിയതാണ്. ‘കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു’വെന്നാണ് മാര്‍ക്സിന്റെ വീക്ഷണം. ലിബറല്‍ ധാര്‍മികതയാണ് കമ്മ്യൂണിസത്തിന്റെ ആശയം. സ്വതന്ത്ര ലൈംഗികതയെ വരെ അവര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും സമസ്ത പറയുന്നു.
കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി സംഘടന ‘അന്തര്‍ദേശീയ സ്വയംഭോഗ ദിനം’ സജീവമായി ആചരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മാന്യതയുള്ളവര്‍ പറയാന്‍പോലും താല്‍പര്യപ്പെടാത്ത കാര്യങ്ങള്‍ പൊതുഇടങ്ങളില്‍ ആഘോഷിക്കാന്‍ മടിയില്ലാത്തവിധം ഇവരുടെ മനസിനെ വികൃതമാക്കിയത് ഇത്തരം ലിബറല്‍ കാഴ്ചപ്പാടുകളാണ്. പതിയിരിക്കുന്ന അപകടമാണ് കമ്മ്യൂണിസം എന്ന് തിരിച്ചറിയാന്‍ നമുക്കു കഴിയേണ്ടതുണ്ടെന്നും ക്യാമ്പയിന്‍ വിശദീകരിക്കുന്ന ലേഖനത്തില്‍ പറയുന്നു.
കമ്മ്യൂണസത്തിന് പുറമെ മതവിശ്വാസത്തെ എതിര്‍ക്കുന്ന ആശയങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയുമാണ് സമസ്ത രംഗത്ത് എത്തിയത്. സമൂഹത്തില്‍ യുക്തിവാദവും നിരീശ്വരവാദവും സ്വതന്ത്രചിന്തയും സന്നിവേശിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്നും ഇസ്‌ലാം വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുകയും സംഘപരിവാര്‍ വാദങ്ങള്‍ അതേപടി പകര്‍ത്തുകയും ചെയ്യുന്ന യുക്തിവാദികള്‍ പുതുതലമുറയില്‍ വലിയ സ്വാധീനമുണ്ടാക്കുന്നുണ്ടെന്നും സമസ്ത ആരോപിച്ചു.
അതേസമയം തങ്ങളുടെ ക്യാമ്പയിന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എതിരെയല്ലെന്നും ക്യാമ്പയിനിലെ വിവിധ വിഷയങ്ങളില്‍ ഒന്നാണ് കമ്മ്യൂണിസത്തിനെതിരായതെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ നേതാവ് ഷാഫി ഹാജി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
വിവിധ വിഷയങ്ങളിലാണ് ക്യാമ്പയിന്‍ എന്നാല്‍ കമ്മ്യൂണിസം എന്നത് മാത്രമെടുത്ത് മാധ്യമങ്ങള്‍ ക്യാമ്പയിനെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ഷാഫി ഹാജി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘Samastha with campaign against communism’; I have nothing to do with the news that comes with my photo; Jifri Muthukkoya Thangal