ജുമുഅ നമസ്‌കാരത്തിന് അനുമതി വേണം; സമരം നടത്താനൊരുങ്ങി സമസ്ത
Kerala News
ജുമുഅ നമസ്‌കാരത്തിന് അനുമതി വേണം; സമരം നടത്താനൊരുങ്ങി സമസ്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th July 2021, 5:22 pm

കോഴിക്കോട്: വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോര്‍ഡിനേഷന്‍. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച 11 മണിക്ക് സെക്രട്ടറിയേറ്റിന് മുമ്പില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമരം നടത്താനും തീരുമാനിച്ചു.

സംസ്ഥാന വ്യാപകമായിട്ടാവും പ്രതിഷേധ സമരം നടത്തുകയെന്നും വ്യാഴാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് സമാനമായി കളക്ടറേറ്റുകള്‍ക്ക് മുന്നിലും തദ്ദേശ സ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

സമരത്തിലേക്ക് തള്ളിവിടാതെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണം. വിശ്വാസികളുടെ ക്ഷമ സര്‍ക്കാര്‍ ദൗര്‍ബല്യമായി കാണരുതെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ജുമുഅ നമസ്‌കാരത്തിന് ചുരുങ്ങിയത് 40 പേരെ അനുവദിക്കണമെന്നാണ് സമസ്ത ആവശ്യപ്പെട്ടിരുന്നത്. എല്ലാത്തിനും ഇളവുകള്‍ അനുവദിക്കുമ്പോള്‍ ജുമുഅ നമസ്‌കാരത്തിന് മാത്രം അനുമതി നല്‍കാത്തത് അംഗീകരിക്കാനാവില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു.

ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ കൂടുതല്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതിന് പിന്നാലെ സമസത പോഷക സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. യോഗത്തിലാണ് പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

ബലിപെരുന്നാളിനും വെള്ളിയാഴ്ചകളിലെ ജുമുഅക്കും ആരാധനയുടെ നടത്തുന്നതിന്, മതപരമായി അനിവാര്യമായ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി പള്ളികളില്‍ നിസ്‌കാരം നടത്താന്‍ അനുവദിക്കണമെന്ന് കാന്തപരും എ.പി. അബൂബക്കര്‍ മുസ്‌ലിയാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വ്യാപാര സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Samastha to strike to allow prayer in mosques during Jumua