കോഴിക്കോട്: പിണറായി സര്‍ക്കാരിന് പിന്തുണയുമായി സമസ്ത. പോരായ്മയുണ്ടെങ്കിലും പിണറായി സര്‍ക്കാരില്‍ സംതൃപ്തിയെന്ന് സമസ്ത അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളപര്യടനത്തിന്റെ ഭാഗമായി മുസ്‌ലിം സമുദായ സംഘടനകളുമായി നടത്തിയ യോഗത്തിലാണ് സമസ്ത പരസ്യമായി നിലപാട് വ്യക്തമാക്കിയത്. ജമാഅത്തെ ഇസ്‌ലാമിയുമായി ധാരണയിലെത്താനുള്ള യു.ഡി.എഫ് നീക്കത്തെ സമസ്ത രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
സമസ്താ മുഷാവറ അംഗം ഉമര്‍ ഫൈസിയാണ് യോഗത്തിലെത്തി നിലപാട് വ്യക്തമാക്കിയത്. മതരാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാത്തെ ഇസ്‌ലാമി. ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിച്ചാല്‍ തെരഞ്ഞെുടപ്പില്‍ യു.ഡി.എഫിന് എതിര്‍ക്കുമെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി.
സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരാണ് അധികാരത്തില്‍ വരേണ്ടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളപര്യടനത്തിന്റൈ ഭാഗമായി നടന്ന യോഗത്തില്‍ നിന്നും ജമാഅത്തെ ഇസ് ലാമിയെ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നടപടിയെയും സമസ്ത പിന്തുണച്ചു. ജമാഅത്തെ ഒഴികെയുള്ള മറ്റെല്ലാ മുസ്‌ലിം സംഘടനകളെയും യോഗത്തിന് ക്ഷണിച്ചിരുന്നു.
അതേസമയം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലെ വെല്‍ഫെയര്‍ പാര്‍ട്ടി – യു.ഡി.എഫ് – മുസ്‌ലിം ലീഗ് നീക്കുപോക്കിനെതിരെ സമസ്ത രംഗത്തെത്തിയരുന്നു. സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ വിഷയത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മുസ്‌ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണെന്നും അതിനാല്‍ അക്കാര്യങ്ങളില്‍ ഇടപെടില്ലെന്നും പറഞ്ഞ അദ്ദേഹം സഖ്യത്തിന്റെ ഗുണം അനുഭവിക്കുന്ന ലീഗ് തന്നെ അതിന്റെ ദോഷവും അനുഭവിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു.
‘വെല്‍ഫെയറുമായുളള ലീഗ് കൂട്ടുകെട്ട് തെരഞ്ഞെടുപ്പില്‍ ജയിക്കാനുളള നീക്ക്‌പോക്കായിരിക്കും. ജമാഅത്തിന്റെ നയത്തോട് യോജിക്കില്ലായിരിക്കും. ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനം ലീഗിനുണ്ടാകുമെന്ന് കരുതുന്നില്ല. സഖ്യത്തിലെ തകരാര്‍ ജനം ചൂണ്ടിക്കാട്ടിയാല്‍ മറുപടി പറയാന്‍ ലീഗിന് കഴിയണം. അതുകൊണ്ടുതന്നെ സഖ്യത്തെക്കുറിച്ച് ആക്ഷേപം ഉയര്‍ന്നാല്‍ തരണം ചെയ്യേണ്ടതും ലീഗ് തന്നെയാണ്. വെല്‍ഫെയറുമായുളള സഖ്യത്തിന്റെ ഗുണവും ദോഷവും ലീഗ് തന്നെ അനുഭവിക്കണം,’ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
മുസ്‌ലിം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ല. അതുകൊണ്ടുതന്നെ മതസംഘടന എന്ന നിലയില്‍ ജമാഅത്തെയോട് സമസ്തയ്ക്ക് എതിര്‍പ്പുണ്ട്. മതരാഷ്ട്രവാദത്തോടും ദൈവരാജ്യത്തോടും യോജിപ്പില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Samastha supports LDF govt and CM Pinarayi Vijayan, warns UDF about Jamaat-e-Islami