കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് മതാചാര പ്രകാരം ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കണം; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് സമസ്ത
Kerala News
കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് മതാചാര പ്രകാരം ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കണം; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് സമസ്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th October 2020, 8:07 am

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് മതാചാര പ്രകാരം മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സമസ്തയടക്കമുള്ള മുസ്‌ലിം സംഘടനകള്‍. നിലവിലുള്ള കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ടാണ് സമസ്തയുടെ നേതൃത്വത്തില്‍ മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.

നിലവിലുള്ള പ്രോട്ടോക്കോളനുസരിച്ച് കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്താന്‍ കഴിയുന്നില്ലെന്നും സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നല്‍കിയ കത്തില്‍ പറയുന്നു. രോഗം പകരാതിരിക്കാനായി മൂന്ന് പാളി കവറുകളാക്കുന്ന മൃതദേഹം കുഴിയിലേക്ക് ഇറക്കി വെച്ചാണ് സംസ്‌കരിക്കുന്നത്. ഇതും ഒഴിവാക്കണമെന്നാണ് നിലവിലെ ആവശ്യം.

വിശ്വാസ പ്രകാരമുള്ള അത്യാവശ്യ ചടങ്ങുകള്‍ നടത്താനെങ്കിലും അനുമതി നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.

കൊവിഡ് പ്രോട്ടോകോളില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള ആവശ്യം ന്യായമാണെന്നാണ് എ.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞത്.

‘രോഗം ബാധിച്ചവരെ നേരത്തെ പരിചരിച്ച പോലെയല്ല ഇപ്പോള്‍ പരിചരിക്കുന്നത്. ഇപ്പോള്‍ വീട്ടില്‍ വെച്ച് നോക്കാനും ആവശ്യമെങ്കില്‍ കൂടെ നില്‍ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ട്. ഇതിന്റെ ഭീകരത മനസിലാക്കി നമ്മള്‍ നേരത്തെചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി, ഈ വൈറസിന്റെ വ്യാപനത്തെ തടയുന്നതിനുള്ള മുന്‍കരുതലുകളെല്ലാം എടുത്തുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യാനാകുന്നുണ്ടല്ലോ. അപ്പോള്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈകാര്യം ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന ന്യായമായ ഒരു കാര്യം മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്,’ അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

മരിച്ചയാളെ അവസാനമായി ബന്ധുക്കള്‍ക്ക് കാണാന്‍ അവസരമൊരുക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് സംഘടനകളുടെ ആവശ്യം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരും സംയുക്ത ഹരജിയില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Samastha seeks permission to do burial ceremony of person who died of covid