ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും, ഹകീം ഉസ്താദിനെതിരായ നടപടി സമസ്ത പിന്‍വലിക്കണം: വാഫി അലുംനി അസോസിയേഷന്‍
Kerala News
ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും, ഹകീം ഉസ്താദിനെതിരായ നടപടി സമസ്ത പിന്‍വലിക്കണം: വാഫി അലുംനി അസോസിയേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th November 2022, 10:19 pm

മലപ്പുറം: സുന്നി ആശയാദര്‍ശങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചെന്നാരോപിച്ച് അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയ നടപടി സമസ്ത പിന്‍വലിക്കണമെന്ന് വാഫി അലുംനി അസോസിയേഷന്‍ ആവശ്യപ്പെട്ടു. സമസ്തയുടെ ഘടകങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം വസ്തുതകള്‍ക്ക് നിരക്കാത്തതും ദുഃഖകരവുമാണെന്ന് വാഫി അലുംനി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നൗഫല്‍ അബ്ദുല്‍ റഊഫ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

സമസ്ത പിന്തുടരുന്ന അഹ്ലുസ്സുന്നയുടെ ആദര്‍ശം അംഗീകരിച്ച് ആയിരക്കണക്കിന് പണ്ഡിതരെയും പണ്ഡിതകളെയും വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചൊരു പണ്ഡിതനെ സമൂഹത്തിന് മുമ്പില്‍ അവഹേളിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ സമസ്തയെപ്പോലൊരു പണ്ഡിത സംഘടന ശരിവെക്കുന്നത് സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വാഫി അലുംനി വിമര്‍ശിച്ചു.

സമസ്തയുടെ ആദര്‍ശത്തിലൂന്നി അഭിമാനകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വാഫി, വഫിയ്യ വിദ്യാഭ്യാസ സംവിധാനത്തേയും അതിന്റെ നേതൃത്വത്തേയും തേജോവധം ചെയ്യാനും സമസ്ത നേതൃത്വത്തില്‍ തെറ്റിദ്ധാരണയും സമൂഹത്തില്‍ ഭിന്നതയും സൃഷ്ടിക്കാനും ചിലര്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാഫി അലുംനി വിശ്വസിക്കുന്നു. അത്തരം ശക്തികളെ സമസ്തക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ തുറന്ന് കാണിക്കാനും പ്രതിരോധിക്കാനും വാഫി അലുംനി അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും വാഫി അലുംനി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്തയില്‍ നിന്ന് പുറത്താക്കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ സമസ്ത യോഗം വിളിച്ചു. ചേളാരിയിലെ സമസ്ത ആസ്ഥാനത്ത് ശനിയാഴ്ചയാണ് യോഗം. സമസ്തയുടെയും പോഷക സംഘടകളുടെയും കൗണ്‍സിലര്‍മാരാണ് യോഗത്തില്‍ പങ്കെടുക്കുക. എസ്.വൈ എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്.

അതേസമയം, ആദൃശ്ശേരിയെ സി.ഐ.സി(കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ്)യില്‍ നിന്നും പുറത്താക്കാന്‍ സമസ്ത ആവശ്യപ്പെടും. സി.ഐ.സി അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളോടാകും സമസ്ത ആവശ്യം ഉന്നയിക്കുക. വിശദീകരണം പോലും തേടാതെയുള്ള പുറത്താക്കലില്‍ സി.ഐ.സിക്ക് വലിയ അതൃപ്തിയുണ്ട്.

കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസിന്റെ ജനറല്‍ സെക്രട്ടറിയായ ഹകീം ഫൈസിയെ സമസതയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും പുറത്താക്കാനാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന് സമസ്ത മുശാവറ തീരുമാനിച്ചത്.

ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിലാണ് മുശാവറ ചേര്‍ന്നത്. സുന്നി ആശയങ്ങള്‍ക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് സമസ്ത മുശാവറ ആദൃശ്ശേരിയെ പുറത്താക്കിയത്. നിലവില്‍ സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ് അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി.

എന്നാല്‍, സുന്നി ആശയങ്ങള്‍ക്കെതിരെ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും തനിക്കെതിരെയുണ്ടായ നടപടി വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിശദീകരണം സമസ്ത കേട്ടിട്ടില്ലെന്നും സമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആദൃശ്ശേരി പറഞ്ഞു.

വാഫി അലുംനി അസോസിയേഷന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:

സി.ഐ.സി ജനറല്‍ സെക്രട്ടറിയും അഭിവന്ദ്യ ഗുരുവര്യരുമായ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി ഉസ്താദിനെ അഹ്ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കും സമസ്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രചാരണം നടത്തിയെന്ന കാരണം പറഞ്ഞ് സമസ്തയുടെ ഘടകങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം വസ്തുതകള്‍ക്ക് നിരക്കാത്തതും ദുഃഖകരവുമാണ്. മുന്‍കാലങ്ങളില്‍ സമസ്ത പിന്തുടര്‍ന്ന് വന്ന രീതിക്ക് വിരുദ്ധമായി കൈകൊണ്ട് ഈ തീരുമാനം ഉന്നത മാനുഷിക മൂല്യങ്ങളുടെ ലംഘനം കൂടിയാണെന്ന് വാഫി അലുംനി അഭിപ്രായപ്പെടുന്നു.

സമസ്ത പിന്തുടരുന്ന അഹ്ലുസ്സുന്നയുടെ ആദര്‍ശം അംഗീകരിച്ച് ആയിരക്കണക്കിന് പണ്ഡിതരെയും പണ്ഡിതകളെയും വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചൊരു പണ്ഡിതനെ സമൂഹത്തിന് മുമ്പില്‍ അവഹേളിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ സമസ്തയെപ്പോലൊരു പണ്ഡിത സംഘടന ശരിവെക്കുന്നത് സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. നിലവില്‍ പഠിച്ച് കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് കുട്ടികളുടെ പഠനത്തില്‍ ആശങ്ക സൃഷ്ടിക്കാനും പഠനം പൂര്‍ത്തിയാക്കിയ നാലായിരത്തിലധികം വരുന്ന വാഫി, വഫിയ്യകളുടെ ആദര്‍ശത്തെ ചോദ്യം ചെയ്യുന്നതിലേക്കും ഇത് വഴിവെച്ചേക്കും.

29.06.2022 ന് സമസ്തയുടെ ലെറ്റര്‍ ഹെഡില്‍ സി.ഐ.സി യുടെ അസ്തിത്വത്തെ പറ്റിയും അതിന്റെ ശില്‍പിയായ അബ്ദുല്‍ ഹകീം ഫൈസി ഉസ്താദിനെക്കുറിച്ചും തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ കുറിപ്പ് പുറത്ത് വന്നപ്പോള്‍ സത്യാവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് വാഫി അലുംനി അസോസിയേഷന്‍ സമസ്ത മുശാവറക്ക് 18.07.2022ന് കത്ത് നല്‍കുകയും മുശാവറ അംഗങ്ങളും പോഷക സംഘടനാ നേതാക്കളുമടങ്ങുന്ന ഒട്ടേറെ പേരെ നേരില്‍ പോയി കാണുകയും ചെയ്തിരുന്നു. പക്ഷേ ഇത് വരെയായി അലുംനിയുടെ കത്തിന് മറുപടി ലഭിക്കുകയോ സമസ്തയുടെ പേരില്‍ വന്ന വിവാദമായ കുറിപ്പ് തിരുത്തുകയോ കൃത്യമായ തെളിവുകള്‍ നല്‍കുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി സമസ്തയുടെ ആദര്‍ശമനുസരിച്ച് സമസ്തയുടെ ഭരണഘടനയില്‍ പറയുന്ന ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന തരത്തില്‍ ഉന്നത മത ഭൗതിക സമന്വയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി ആഗോള വിദ്യാഭ്യാസ ഏജന്‍സികളുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ കൂട്ടായ്മയാണ് സി.ഐ.സി. സമസ്തയുടെ ആദര്‍ശത്തിന് നിരക്കാത്ത ഒരു പ്രവര്‍ത്തനവും നാളിത് വരെയായി സി.ഐ.സിയോ അതിന്റെ സ്ഥാപകനും ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയുമായ ബഹുമാനപ്പെട്ട ഹകീം ഫൈസി ഉസ്താദോ നടത്തിയിട്ടില്ല. വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന പതിനായിരക്കണക്കിന് സമസ്തക്കാര്‍ അതിന് ജീവിക്കുന്ന സാക്ഷികളാണ്.

സമസ്ത മുന്നോട്ട് വെക്കുന്ന സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തിലൂന്നി അഭിമാനകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വാഫി, വഫിയ്യ വിദ്യാഭ്യാസ സംവിധാനത്തേയും അതിന്റെ നേതൃത്വത്തേയും തേജോവധം ചെയ്യാനും സമസ്ത നേതൃത്വത്തില്‍ തെറ്റിദ്ധാരണയും സമൂഹത്തില്‍ ഭിന്നതയും സൃഷ്ടിക്കാനും ചിലര്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാഫി അലുംനി വിശ്വസിക്കുന്നു. അത്തരം ശക്തികളെ സമസ്തക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ തുറന്ന് കാണിക്കാനും പ്രതിരോധിക്കാനും വാഫി അലുംനി അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണ്.

വാഫി, വഫിയ്യാ കുടുംബത്തിനും സമസ്തയെ സ്നേഹിക്കുന്നവര്‍ക്കും പൊതു സമൂഹത്തിനുമുണ്ടായ പ്രയാസങ്ങള്‍ മനസ്സിലാക്കി നിലവിലെ നടപടി പിന്‍വലിക്കാനും സമസ്ത പിന്തുടരുന്ന ആശയാദര്‍ശങ്ങള്‍ അംഗീകരിക്കുന്നവരാല്‍ സ്ഥാപിതമായ സി.ഐ.സി സംവിധാനത്തിന് അതിന്റെ ഭരണഘടനക്കനുസൃതമായി സുഗമമായി പ്രവര്‍ത്തിക്കാന്‍ വേണ്ടത് ചെയ്യാനും ഇതിനാല്‍ വിനീതമായി അപേക്ഷിക്കുന്നു.

Content Highlight: Samastha’s Action against Abdul Hakeem Faizy Adrisseri should be withdrawn Says Wafi Alumni Association