| Sunday, 15th December 2013, 11:00 am

റഹ്മത്തുള്ള ഖാസിമിയെ സമസ്തയുടെ പദവികളില്‍ നിന്ന് ഒഴിവാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: ഇ.കെ വിഭാഗം സമസ്തയിലെ പ്രമുഖനേതാവും പ്രഭാഷകനുമായ റഹ്മത്തുല്ല ഖാസിമിയെ സംഘടനയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയതായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അറിയിച്ചു.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അച്ചടക്ക ലംഘനം നട്തതിയെന്നും കാണിച്ചാണ് നടപടി.

നേരത്തേ സുന്നി സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രൂക്ഷമായിരിക്കുന്ന അക്രമസംഭവങ്ങളേയും നേതാക്കളുടെ മാന്യത വിടുന്ന പരിഹാസത്തേയും വിമര്‍ശിച്ച് രംഗത്തെത്തിയ ഖാസിമിക്ക് സമസ്ത ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു.

മുസ്‌ലീം സമുദായത്തിലെ വിഭാഗീയതക്കും പരസ്പര ശത്രുതക്കുമെതിരെ ദഅ്‌വ യൂത്ത് ഫോറം എന്ന പേരില്‍ സംഘടനയുണ്ടാക്കിയ റഹ്മത്തുള്ള ഖാസിമിക്കെതിരെ സുന്നി യുവജന സംഘം ഇ.കെ വിഭാഗം രംഗത്തെത്തിയിരുന്നു.

വേദികള്‍ നഷ്ടപ്പെടുമ്പോള്‍ പുതിയ വിവാദമുണ്ടാക്കി സാന്നിധ്യമറിയിക്കുകയാണ് ഖാസിമി ചെയ്യുന്നതെന്നായിരുന്നു ഇ.കെ വിഭാഗത്തിന്റെ ആരോപണം.ആദര്‍ശ വിരോധികളെ പ്രതിരോധിക്കുന്നതിന് സാധ്യമായ മേഖലകള്‍ സ്വീകരിക്കുമ്പോള്‍ അത് ശിഥിലീകരണമാണെന്ന് പ്രചരിപ്പിക്കുന്നതും അത്തരത്തില്‍ അപഹാസ്യ പ്രസംഗം നടത്തുന്നതും പുതിയ അനൈക്യം സൃഷ്ടിക്കലാണെന്ന് സംഘടന നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

പുതിയ സംഘടന രൂപീകരിച്ചതിനേയും അപഹാസ്യ പ്രസംഗം നടത്തുന്നതിനേയും കരുതിയിരിക്കണമെന്നും എസ്.വൈ.എസ്് ഇ.കെ വിഭാഗം ജില്ലാ പ്രവര്‍ത്തക സമിതി ചൂണ്ടിക്കാട്ടിയിരുന്നു.

പരസ്പരമുള്ള പരിഹാസങ്ങള്‍ ദഅ്‌വത്ത് അല്ലായെന്നും മത നേതാക്കന്മാര്‍ പരസ്പരം മൈാബൈല്‍ ഫോണുകള്‍ ചോര്‍ത്തുന്നത് വരെ എത്തിയിരിക്കുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ എങ്ങിനെയാണ് മത സംഘടനകള്‍ സ്വീകരിക്കുന്നതെന്നും ഖാസിമി കോഴിക്കോട് പ്രസംഗിച്ചിരുന്നു.

ഖാസിമിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
———————————————–———————

“തമ്മില്‍ത്തല്ല് അവസാനിപ്പിച്ച് മുസ് ങ്ങള്‍ ഒന്നാകണം. പരദൂഷണമാണ് കൈകൊണ്ടുള്ള അക്രമത്തേക്കാള്‍ വലിയ അക്രമം, ഇത്തരത്തിലുള്ള ചില സംഘടനാ വേദികളില്‍ തനിക്കും അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ പരസ്യമായി മാപ്പ് ചോദിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടവരോട് മാപ്പ് ചോദിച്ചുവെന്ന കാര്യവും സത്യമാണ്.

സമസ്തയുടെ നേതാക്കള്‍ ഉദ്ഘാടനം ചെയ്ത് പോരുന്ന സമ്മേളനങ്ങളില്‍ പിന്നെ എന്ത് നടക്കുന്നുവെന്ന് നിങ്ങളറിയുന്നില്ല. താനടക്കമുള്ള പുതിയ പ്രബോധകരെ നിങ്ങള്‍ മര്യാദ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാപ്പമാര്‍ പടുത്തുയര്‍ത്തിക്കൊണ്ടുവന്ന ദീന്‍ ഈ നാട്ടില്‍ നഷ്ടപ്പെടുമെന്ന് നിങ്ങളുടെ കാല് പിടിച്ച് ഞാന്‍ പറയുകയാണ്. എനിക്ക് അബദ്ധം പറ്റിയെന്ന് പറഞ്ഞാല്‍ ഞാന്‍ ആരോടും മാപ്പ് പറയും. എന്റെ കൈയില്‍ അബദ്ധമായി പറ്റിയ വാക്കുകള്‍ക്കെല്ലാം പറയേണ്ടവരോട് ഞാന്‍ വിളിച്ച് മാപ്പ് പറഞ്ഞിട്ടുണ്ട്. മാപ്പ് പറഞ്ഞു എന്നത് നേരാണ്. എനിക്ക് രക്ഷപ്പെടണമെന്നല്ലാതെ വേറെ മോഹമില്ല.

മറ്റൊരു സംഘടനയുടെ നേതാക്കളെ പരിധിവിട്ട് ഹുറുമത്ത് പറിച്ച് ചീന്തുന്ന വിധത്തില്‍ നാലും അഞ്ചും മണിക്കൂര്‍ പ്രസംഗിക്കുകയും ഒടുവില്‍ ദുആസമ്മേളനം നടത്തി പിരിയുകയും ചെയ്യുന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളത്. ഇത്തരക്കാരുടെ ദുആ പടച്ചവന്‍ സ്വീകരിക്കില്ല.

പണ്ഡിതന്മാരെ അവഹേളിക്കുന്ന ക്ലിപ്പുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി പ്രബോധകരുടെ വേഷം കെട്ടിയ ചിലര്‍ കോഴിക്കോട്ട് നിന്നും കൊയിലാണ്ടിയില്‍ നിന്നും പാലക്കാട്ട് നിന്നും മംഗലാപുരത്ത് പോകുക. എന്നിട്ട് അവിടെ പോയി പ്രദര്‍ശിപ്പിക്കുക. ഈ യാത്രയുടെ പേരെന്താ? ഇത് സഫറുല്‍ മഅസിയത്തല്ലേ?

ഇത് മഅസിയത്തിന്റെ യാത്രയല്ലേ? വേറൊരുത്തന്റെ ഫോണ്‍ ചോര്‍ത്തിയത് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി പോകുന്നത് തെറ്റായ യാത്രയല്ലേ. ഇതില്‍ ജംഉം ഖസ്‌റും ജാഇസാകുമോ? ഇസ്ലാമിന്റ വല്ല ആനുകൂല്യവും ആ യാത്രക്കുണ്ടോ? ഈ പരിപാടി കഴിഞ്ഞ് സംഘാടകര്‍ നല്‍കുന്ന പാരിതോഷികം വാങ്ങി മക്കള്‍ക്ക് തിന്നാന്‍ കൊടുത്താല്‍ ജാഇസാകുമോ? ഞാന്‍ പറയുന്നത് തെറ്റാണെന്ന് പറയാന്‍ പറ്റിയ ആണ്‍കുട്ടിയുണ്ടെങ്കില്‍ കടന്നുവരണം

ഓരോവര്‍ഷവും നിങ്ങള്‍ ചായകുടിച്ചുപിരിയുമ്പോഴേക്കും മുസ്‌ലീങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ നിലക്ക് പോയാല്‍ മുമ്പ് സ്‌പെയിനില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും. 800 വര്‍ഷം മുസ്‌ലീങ്ങള്‍ ഭരിച്ച സ്‌പെയിനില്‍ അവര്‍ പരസ്പരം തല്ലിയതിന്റെ ഭാഗമായി അവിടെ മുസ്‌ലീങ്ങള്‍ക്ക് ഇന്ന് ഒരു പഞ്ചായത്ത് പോലും ഇല്ലാത്ത സ്ഥിതിയാണ്.”

Latest Stories

We use cookies to give you the best possible experience. Learn more