വിദ്വേഷമുണ്ടാകാതിരിക്കാന്‍ എല്ലാ മതമേലധ്യക്ഷന്മാര്‍ക്കും കടമയുണ്ട്; അത് ചവറ്റുകുട്ടയിലെറിഞ്ഞാണ് പാല ബിഷപ്പ് സംസാരിച്ചത്: ജിഫ്രി മുത്തുക്കോയ തങ്ങള്‍
Kerala News
വിദ്വേഷമുണ്ടാകാതിരിക്കാന്‍ എല്ലാ മതമേലധ്യക്ഷന്മാര്‍ക്കും കടമയുണ്ട്; അത് ചവറ്റുകുട്ടയിലെറിഞ്ഞാണ് പാല ബിഷപ്പ് സംസാരിച്ചത്: ജിഫ്രി മുത്തുക്കോയ തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th September 2021, 10:07 am

കോഴിക്കോട്: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. വിദ്വേഷമുണ്ടാക്കാതിരിക്കാലണ് എല്ലാ മതങ്ങളുടെയും പൊതുതത്വമെന്നും അതെല്ലാം മറന്നുകൊണ്ടാണ് ബിഷപ്പ് പ്രസംഗിച്ചതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

‘ഏതോ ഒരു ബിഷപ്പ് രണ്ട് ദിവസം മുന്‍പ് എന്തൊക്കയോ വിളിച്ച് പറഞ്ഞില്ലേ. മതങ്ങള്‍ക്കെല്ലാം ഒരു പൊതുതത്വമുണ്ടാകും. മാന്യത സൂക്ഷിക്കുക, പരസ്പര വിദ്വേഷം ഉണ്ടാക്കാതിരിക്കുക, എല്ലാ മനുഷ്യരോടും സന്തോഷത്തിലും സ്‌നേഹത്തിലും പെരുമാറുക എന്നതാണത്. ഈയൊരു പൊതുതത്വം ചവറ്റുകുട്ടയിലെറിഞ്ഞുകൊണ്ടാണ് ബിഷപ്പ് പ്രസംഗിച്ചത്. അതിന് മറുപടി പറയല്‍ നമ്മുടെ പണിയല്ല,’ ജിഫ്രി തങ്ങള്‍ പറഞ്ഞു.

കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം.

മുസ്‌ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍കോട്ടിക്സ് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറയുന്നത്.

കേരളത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നടക്കില്ലെന്ന് മനസിലായപ്പോഴാണ് ഇത്തരം മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതെന്നും ബിഷപ്പ് പറഞ്ഞു. എട്ട് നോമ്പിനടുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ വെച്ചു നടത്തിയ പ്രസംഗത്തിനിടയിലാണ് ബിഷപ്പിന്റെ വിവാദ പ്രസ്താവന.

കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ബിഷപ്പ് പറയുന്നത്. കോളേജുകളെയും സ്‌കൂളുകളെയും കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് മറ്റു താല്‍പര്യങ്ങളുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹലാല്‍ വിവാദം പോലുള്ള സംഭവങ്ങളെന്നും ഇത്തരത്തില്‍ വിവിധ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞിരുന്നു.

ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിനുള്ള ദീപിക ദിനപ്പത്രവും രംഗത്തുവന്നിരുന്നു. കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന് മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്നായിരുന്നു കെ.സി.ബി.സിയുടെ പ്രസ്താവന.

എന്നാല്‍ പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം രംഗത്ത് എത്തിയിരുന്നു. കേരളത്തില്‍ ലൗ ജിഹാദിനും ലഹരി ജിഹാദിനുമുള്ള സാഹചര്യമില്ലെന്നും പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ കാരണം അറിയില്ലെന്നുമാണ് മാര്‍ അപ്രേം പറഞ്ഞത്.

മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ കത്തോലിക്ക സഭയുടെ ആശങ്ക ശരിയായിരിക്കാം. പക്ഷേ വിഷയത്തില്‍ കല്‍ദായ സുറിയാനി സഭയ്ക്ക് ആശങ്കയില്ലെന്നും കേരളത്തില്‍ ഇത് ചര്‍ച്ചയാക്കേണ്ടെന്നും ബിഷപ് മാര്‍ അപ്രേം പറഞ്ഞു.

നേരത്തെ പാല ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് എതിരെ മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസും രംഗത്ത് എത്തിയിരുന്നു. സുവിശേഷം സ്‌നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിവാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാര്‍ക്കോട്ടിക് പ്രശ്‌നത്തിന് ഒരു മതത്തിന്റെയും നിറം കൊടുക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും അദ്ദേഹം സ്വാഗതം ചെയ്തു.

നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയ വി.ഡി. സതീശനും പി.ടി. തോമസിനും മാര്‍ കൂറിലോസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു

നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. മുസ്‌ലിം -ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Samastha president  Jifri Muthukkoya Thangal responds to Pala Bishop’s Narcotic ihad remark