| Sunday, 17th November 2019, 12:27 pm

അയോധ്യ വിധിയില്‍ പുന:പരിശോധന വേണം, അഞ്ചേക്കര്‍ സൗഹാര്‍ദ്ദപൂര്‍വ്വം നിരസ്സിക്കണം; സമസ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: അയോധ്യ വിധിയില്‍ പുന:പരിശോധന വേണമെന്ന നിലപാടാണ് സമസ്തയ്ക്കുള്ളതെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. അയോധ്യ കേസിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ടെന്നും അഞ്ച് നിര്‍ദ്ദേശങ്ങളാണ് സമസ്തയ്ക്ക് മുന്നോട്ട് വെക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി, മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സമസ്തയുടെ നിലപാട് വ്യക്തമാക്കിയത്.

അയോധ്യയില്‍ പള്ളി പണിയാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതുപ്രകാരമുള്ള അഞ്ചേക്കര്‍ ഭൂമി
തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതല്ലെന്നും അത് സ്വീകരിക്കുന്നതില്‍ പ്രയാസമുണ്ടെന്നും ഭൂമി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം സൗഹാര്‍ദ്ദപൂര്‍വ്വം നിരസ്സിക്കണമെന്നുമാണ് സമസ്തയുടെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. ബാബ്‌റി മസ്ജിദ് പൊളിച്ചവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസില്‍ നടപടി വേഗത്തില്‍ ആക്കണമെന്നും കുറ്റം ചെയ്തവര്‍ക്ക് കനപ്പെട്ട ശിക്ഷ തന്നെ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ തര്‍ക്കത്തില്‍പ്പെട്ട് സര്‍ക്കാറിന്റെ കയ്യില്‍ കിടക്കുന്ന ഭൂമിയില്‍ തന്നെ പള്ളി പണിയാന്‍ സ്ഥം ലഭ്യമാക്കണമെന്നും വഖഫ് ബോര്‍ഡിന് അവകാശപ്പെട്ട 65 എക്കര്‍ ഭൂമി തിരിച്ചു കിട്ടാന്‍ വേണ്ടി നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഒന്നിനു പകരം മറ്റൊന്ന് നല്‍കി തീര്‍പ്പാക്കുന്ന കീഴ്‌വഴക്കം നിര്‍ത്തലാക്കണമെന്നും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ആള്‍ക്കാര്‍ക്ക് കനപ്പെട്ട ശിക്ഷ തന്നെ നല്‍കണമെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. എല്ലാവിധ പിന്തുണയും കോടതിക്കും സര്‍ക്കാറിനും ഉണ്ടെങ്കിലും വിധി വേദനാജനകമായിട്ടാണ് സമസ്ത കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് അയോധ്യ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
അതേസമയം കോടതി വിധിയില്‍ റിവ്യൂ ഹരജിയ്ക്കുള്ള സാധ്യത പരിശോധിക്കുമെന്നാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പറഞ്ഞിരുന്നത്. നീതിയും സമത്വവും പാലിക്കുന്ന വിധിയല്ല കോടതി പുറപ്പെടുവിച്ചതെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം സഫരിയാബ് ജിലാനി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീം കോടതി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണെന്നും ഞങ്ങള്‍ക്ക് ഇതിന് പകരം നൂറ് ഏക്കര്‍ സ്ഥലം ലഭിച്ചിട്ടും കാര്യമില്ലെന്നുമായിരുന്നു മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം കമല്‍ ഫറൂഖി പറഞ്ഞിരുന്നത്. തങ്ങളുടെ 67 ഏക്കര്‍ സ്ഥലം കൈയേറിയിട്ടാണ് പകരം അഞ്ച് ഏക്കര്‍ ഇപ്പോള്‍ തരുന്നതെന്നും ഇത് എവിടുത്തെ നീതിയാണെന്നും കമാല്‍ ഫാറൂഖി ചോദിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more