കോഴിക്കോട്: വഖഹ് ബോര്‍ഡ് നിയമനത്തിനെതിരെ സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചരണം നടത്തില്ലെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പള്ളികളിലെ പ്രതിഷേധം അപകടം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പള്ളികളുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വഖഫ് നിയമനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
നിലവില്‍ ഇക്കാര്യത്തില്‍ പ്രതിഷേധ പരിപാടികള്‍ സമസ്ത ആലോചിച്ചിട്ടില്ലെന്നും എന്നാല്‍ ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പറഞ്ഞു.
നേരത്തെ വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചാരണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞിരുന്നു.എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പള്ളികളില്‍ ആശയപ്രചാരണം നടത്തണമെന്ന് താന്‍ പറഞ്ഞിട്ടില്ല എന്ന് സലാം തിരുത്തി പറഞ്ഞിരുന്നു.
പള്ളികളില്‍ ബോധവത്കരണം നടത്താനുള്ള തീരുമാനം മുസ്ലിം സംഘടനകളിടേതായിരുന്നുവെന്നും കണ്‍വീനര്‍ എന്ന നിലയിലാണ് താന്‍ ഇക്കാര്യം പറഞ്ഞത് എന്നായിരുന്നു പിഎം.എ. സലാം നേരത്തെ പറഞ്ഞിരുന്നത്.