അടുത്തകാലത്തായുള്ള കോടതിവിധികളില്‍ മുഴച്ചുനില്‍ക്കുന്നത് പക്ഷപാതിത്വം; രക്ഷപെടുന്നവരൊക്കെ ആര്‍.എസ്.എസുകാര്‍; വിമര്‍ശിച്ച് സമസ്ത മുഖപത്രം
Kerala
അടുത്തകാലത്തായുള്ള കോടതിവിധികളില്‍ മുഴച്ചുനില്‍ക്കുന്നത് പക്ഷപാതിത്വം; രക്ഷപെടുന്നവരൊക്കെ ആര്‍.എസ്.എസുകാര്‍; വിമര്‍ശിച്ച് സമസ്ത മുഖപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st April 2024, 9:52 am

കോഴിക്കോട്: റിയാസ് മൗലവി വധക്കേസിലെ കോടതി വിധിക്കെതിരെ കടുത്ത വിമര്‍ശനവുമായി സമസ്ത മുഖപത്രം. ഏഴുവര്‍ഷം മുമ്പുനടന്ന അരുംകൊലയേക്കാള്‍ അമ്പരപ്പുളവാക്കുന്നതാണ് പ്രതികളായ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വെറുതെവിട്ടുകൊണ്ടുള്ള കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയുടെ വിധിയെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗത്തില്‍ പറയുന്നു.

മതസ്പര്‍ധയുണ്ടാക്കാനും അതുവഴി വര്‍ഗീയകലാപത്തിനു കോപ്പുകൂട്ടാനുമാണ്2017 മാര്‍ച്ച് 20ന് പുലര്‍ച്ചെ, ഒരു യുവ പണ്ഡിതനെ പള്ളിക്കകത്ത് നിഷ്ഠുരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന പ്രോസിക്യൂഷന്‍ വാദം മുഖവിലയ്ക്കെടുക്കാന്‍ നീതിപീഠത്തിന് കഴിയാതെ പോയെന്ന് മുഖപ്രസംഗം പറയുന്നു.

പ്രതികളായവര്‍ക്ക് റിയാസ് മൗലവിയോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് തങ്ങളുടെ മതത്തിനുപുറത്തുള്ള ഒരാള്‍ എന്ന ഒരേയൊരു പകയായിരുന്നു. ഇതേ മനോനില തന്നെയാണോ രാജ്യത്തെ നീതിനിര്‍വഹണ, നീതിന്യായ സംവിധാനങ്ങളെയും ഗ്രസിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് റിയാസ് മൗലവി വധക്കേസ് വിധിയും ഉയര്‍ത്തുന്നതെന്ന് മുഖപ്രസംഗം പറഞ്ഞു.

സാക്ഷിമൊഴികളും ഫോറന്‍സിക് ഉള്‍പ്പെടെ നൂറിലേറെ തെളിവുകളും ഹാജരാക്കിയിട്ടും കേസിലെ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടു എന്നത്ദുരൂഹവും ഭയജനകവുമാണ്.

ഗൂഢാലോചനാവാദം സാധൂകരിക്കാനോ ഒരു സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിനു പിന്നിലെന്നു തെളിയിക്കാനോ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നാണ് ജഡ്ജി കെ.കെ ബാലകൃഷ്ണന്റെ വിധിപ്രസ്താവത്തിലുള്ളത്.

പ്രതികളുടെ ആര്‍.എസ്.എസ് ബന്ധം തെളിയിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി വിധിയിലുണ്ട്. എന്നാല്‍ ഒന്നാം പ്രതി അജേഷിന്റെ ആര്‍.എസ്.എസ് യൂനിഫോമിലുള്ള ഫോട്ടോയും തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ ബി.ജെ.പിയുടെ തൊപ്പിയണിഞ്ഞ ഫോട്ടോയും പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

രണ്ടും മൂന്നും പ്രതികളുടെ ആര്‍.എസ്.എസ് ബന്ധം വെളിപ്പെടുത്തുന്ന തെളിവുകളും ഹാജരാക്കി. എന്നിട്ടും കോടതിക്ക് ഇതൊന്നും മതിയായ തെളിവായില്ല.

ഡി.എന്‍.എ ഫലം അടക്കമുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടും കോടതി മുഖവിലക്കെടുത്തില്ലെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. തെളിവുശേഖരണത്തില്‍ പൊലിസിനു ഗുരുതര വീഴ്ച സംഭവിച്ചുവെന്നും 170 പേജുള്ള വിധിപ്പകര്‍പ്പില്‍ പറയുന്നു.

മൂന്നുദിവസത്തിനകം പ്രതികളെ പിടിക്കുകയും 85ാംനാള്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തുവെന്ന് അഭിമാനിക്കുന്ന കേരളാ പൊലിസിനാണ് പിഴച്ചത് എന്നാണോ മറ്റുള്ളവര്‍ വിചാരിക്കേണ്ടതെന്നും മുഖപ്രസംഗം ചോദിക്കുന്നു.

നിരാശാജനക വിധിക്കെതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നാണ് പ്രോസിക്യൂഷന്‍ഭാഗം അഡ്വക്കേറ്റ് ടി. ഷാജിത് മാധ്യമങ്ങളോട് പറഞ്ഞത്. കോടതി ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍ പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കില്‍ പ്രതിപക്ഷം ആരോപിക്കുന്നതുപോലെ റിയാസ് മൗലവി വധക്കേസില്‍ ഒത്തുകളിയോ മധ്യസ്ഥമോ നടന്നതായി ന്യായമായും സംശയിക്കാം. എന്നാല്‍ ഡി.എന്‍.എ ഫലം ഉള്‍പ്പെടെയുള്ള അതിപ്രധാന തെളിവുകള്‍ ഹാജരാക്കിയിട്ടും പ്രതികള്‍ കുറ്റവിമുക്തരായെങ്കില്‍ നമ്മള്‍ ആരെയാണ് സംശയിക്കേണ്ടതെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

അടുത്തകാലത്തായി രാജ്യത്തെ കോടതിവിധികളില്‍ ചിലതിലെങ്കിലും പക്ഷപാതിത്വങ്ങള്‍ മുഴച്ചുനില്‍ക്കുന്നതായി നിരീക്ഷിക്കാന്‍ സാധിക്കുന്നുണ്ട്. പല നിയമജ്ഞരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. അത്തരം സംഭവങ്ങളില്‍ രക്ഷപെടുന്നവരൊക്കെ ആര്‍.എസ്.എസ് ബന്ധമുള്ളവരാണെന്നുകൂടി ഓര്‍ക്കുമ്പോള്‍ കൂട്ടിവായനകള്‍ അസ്ഥാനത്താകുന്നില്ല.

ജുഡീഷ്യറിക്കുമേല്‍ അധികാരകേന്ദ്രങ്ങളുടെ ഇടപെടല്‍ ഉണ്ടോ എന്ന് സാധാരണക്കാര്‍ സംശയിക്കുന്ന ഇത്തരം ഒട്ടേറെ വിധികള്‍ രാജ്യം കേട്ടതാണ്. വിധി പ്രസ്താവിക്കുന്ന ജഡ്ജിമാര്‍ പദവിയൊഴിഞ്ഞ്, ഭരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുന്നതും ഈ രാജ്യത്തുതന്നെയാണ്.

ജനാധിപത്യത്തിന്റെ കരുത്തും ജുഡീഷ്യറിയുടെ വിശ്വാസ്യതയും ഇല്ലായ്മ ചെയ്യുന്നതാണ് ഈയിടെയായി നടക്കുന്ന ചില വിധി പറച്ചിലുകളെന്ന് പറയാതെ വയ്യെന്നും മുഖപ്രസംഗം പറയുന്നു.

അതേസമയം റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 3 പേരെയും വെറുതേവിട്ട ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

തുടര്‍നടപടികള്‍ക്ക് എ.ജിയെ ചുമതലപ്പെടുത്തി. വേഗത്തില്‍ അപ്പീല്‍ നല്‍കാനാണ് എജിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിന്‍കുമാര്‍ എന്ന നിതിന്‍ (26), കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു (32) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

വിചാരണക്കോടതിയുടെ ഉത്തരവ് അദ്ഭുതപ്പെടുത്തിയെന്ന് കേസിലെ സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു. കേസില്‍ ഒത്തുകളി നടന്നിട്ടില്ലെന്നും പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സാക്ഷികള്‍ കൂറുമാറിയതു കൊണ്ട് പ്രതികളുടെ ആര്‍.എസ്.എസ് ബന്ധം സ്ഥാപിക്കാനായില്ല. ഡി.എന്‍.എ എടുത്തില്ല എന്നു കോടതി പറഞ്ഞത് അദ്ഭുതപ്പെടുത്തിയെന്നും സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു.

Content Highlight: samastha mouthpiece editoreal criticise court verdict on Riyas Moulavi Murder case