കോഴിക്കോട്: ഓണ്‍ലൈനിലൂടെയുള്ള മതപരിപാടികളുടെ പേരില്‍ വിവാദത്തിലായ അത്മീയ പ്രഭാഷകന്റെ പരിപാടിയുടെ പരസ്യം സുപ്രഭാതം പത്രത്തില്‍ വന്നതിന് പിന്നാലെ വിമര്‍ശനം. ആത്മീയതയെ പ്രഹസനമാക്കുന്നതാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് ജാമിഅ നൂരിയ്യ അറബിയ്യിയിലെ അധ്യാപകന്‍ സിയാവുദ്ദീന്‍ ഫൈസി പറഞ്ഞു.
മുസ്‌ലിം ലീഗ് നിയന്ത്രണത്തിലാക്കിയ കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജിന്റെ (സി.ഐ.സി)യുടെ പരസ്യവും വാര്‍ത്തയും സമസ്ത മുഖപത്രം സുപ്രഭാതം ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സിയാവുദ്ദീന്‍ ഫൈസി ഇത്തരമൊരു പരസ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
‘ആത്മീയതയെ പ്രഹസനമാക്കുന്നതാണ് അതിന്റെ പേരില്‍ നടക്കുന്ന പല പരിപാടികളും. ഒരു വിഭാഗം ആത്മീയതയെ തന്നെ നിഷേധിക്കുമ്പോള്‍ അവര്‍ക്ക് വളം വെച്ച് കൊടുക്കുന്നതാണ് ആത്മീയതയുടെ പേരില്‍ നടക്കുന്ന പല പരിഹാസങ്ങളും കോപ്രായങ്ങളും. ആത്മീയ രംഗത്തിന് ഇവര്‍ ഏല്‍പ്പിക്കുന്ന പരിക്ക് ചെറുതല്ല. സ്വന്തം ന്യൂനതകള്‍ പരതലും പരിഹരിക്കലുമാണ് ആത്മീയതയുടെ പ്രഥമ പടി.
അതിന്റെ നേര്‍ വിപരീതമാണ് പൊങ്ങച്ചം പറയലും ആസ്വദിക്കലും. ധന സമ്പാദനത്തിന് കുറുക്കു വഴി തേടി ഓണ്‍ലൈന്‍ ബിസിനസ് തട്ടിപ്പില്‍ കുടുങ്ങലും സ്വര്‍ഗ പ്രവേശനത്തിന് കുറുക്കുവഴി തേടി വ്യാജ ആത്മീയതയില്‍ കുടുങ്ങലും വലിയ അന്തരമില്ല. പൊതു സമൂഹത്തിന് മുന്നില്‍ മാന്യതയോടെയും അന്തസോടെയും ഇസ്‌ലാമിനെ അവതരിപ്പിക്കാനാണ് എല്ലാവരും പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും. കഴിയില്ലെങ്കില്‍ മിണ്ടാതിരിക്കുക,’ എന്നാണ് സിയാവുദ്ദീന്‍ ഫൈസി എഴുതിയത്.