ചില കേന്ദ്രങ്ങളില്‍ നിന്ന് അവാസ്തവ പ്രചരണം; മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടിക്ക് സമസ്ത നേതാവിന്റെ കത്ത്
കോഴിക്കോട്: മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മിലെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ നേത്യത്വം നല്‍കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് മുസ്തഫ മുണ്ടുപാറ. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഇതുസംബന്ധിച്ച് ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു.
ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ മുസ്‌ലിങ്ങള്‍ തട്ടിയെടുക്കുന്നതായി ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നതായും ഈ തെറ്റിദ്ധാരണ നീക്കാന്‍ ഉമ്മന്‍ ചാണ്ടി ഇടപെടണം എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
ക്രിസ്തീയ സഹോദരങ്ങളും മുസ്ലിങ്ങളും തമ്മില്‍ ഇത് വരെയായി നമ്മുടെ നാട്ടില്‍ ഒരു സംഘര്‍ഷവുമുണ്ടായിരുന്നില്ല. എന്നാല്‍ സമീപകാലത്തായി ഈ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ചില നീക്കങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. അവയില്‍ പ്രധാനമായത് ചില ക്രിസ്തീയ കേന്ദ്രങ്ങളില്‍ നിന്ന് മുസ്ലിം സമുദായത്തിനെതിരെ നടക്കുന്ന നീക്കങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
‘അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളുമുണ്ടെങ്കില്‍ ഇരുവിഭാഗത്തിന്റെയും ഉത്തരവാദിത്വപ്പെട്ടവര്‍ ഒരു മേശക്ക് ചുറ്റുമിരുന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതേ ഉള്ളൂ.
ഇക്കാര്യത്തിന് നേതൃത്വം നല്‍കാന്‍ ഏതര്‍ത്ഥത്തിലും അനുയോജ്യനായ വ്യക്തി അങ്ങാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.ആയതു കൊണ്ട് ഈ വിഷയത്തില്‍ അങ്ങയുടെ നേതൃത്വത്തില്‍ ഒരു ഇടപെടല്‍ അടിയന്തിരമായി ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ മുസ്തഫ മുണ്ടുപാറ പറയുന്നു.
ബഹുമാനപ്പെട്ട മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ അടിയന്തിര ശ്രദ്ധയിലേക്ക്. സര്‍,
സുഖമായിരിക്കുമല്ലൊ. അത്യന്തം അടിയന്തിരവും ഗുരുതരവുമായ ഒരു വിഷയത്തിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തെക്കാള്‍ സൗഹൃദവും ഐക്യവുമെല്ലാം നിലനില്‍ക്കുന്ന പ്രദേശമാണല്ലോ നമ്മുടെ കേരളം.
സഹസ്രാബ്ദങ്ങളായി വിവിധ മതക്കാരും വിശ്വാസികളും ഒരുമിച്ച് പരസ്പരം സഹകരിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ക്രിസ്തീയ സഹോദരങ്ങളും മുസ്ലിങ്ങളും തമ്മില്‍ ഇത് വരെയായി നമ്മുടെ നാട്ടില്‍ ഒരു സംഘര്‍ഷവുമുണ്ടായിരുന്നില്ല. ഈ രണ്ടു മതദര്‍ശനങ്ങളെയും ചേര്‍ത്തു പിടിച്ച ഹൈന്ദവ വിശ്വാസികളും എല്ലാം കൂടിച്ചേര്‍ന്ന സൗഹൃദത്തിന്റെ ഒരു പാരമ്പര്യമാണ് മലയാള നാടിനുള്ളത്.
എന്നാല്‍ സമീപകാലത്തായി ഈ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ചില നീക്കങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.അവയില്‍ പ്രധാനമായത് ചില ക്രിസ്തീയ കേന്ദ്രങ്ങളില്‍ നിന്ന് മുസ്ലിം സമുദായത്തിനെതിരെ നടക്കുന്ന നീക്കങ്ങളാണ്.
തികച്ചും അവാസ്തവങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ നിന്ന് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അന്യായമായി മുസ്ലിം സമുദായം ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്നും കൃസ്തീയ സഹോദരങ്ങളെ ആട്ടിപ്പായിക്കുകയാണെന്നും വരെയുള്ള കടുത്ത ആരോപണങ്ങളാണ് ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
സ്‌കൂളുകളിലെ പിഞ്ചു കുട്ടികളുടെ മനസ്സുകളിലേക്കു പോലും വര്‍ഗീയത പ്രസരിപ്പിച്ചു കൊണ്ടിരിക്കുന്ന അത്യന്തം വേദനാജനകമായ സാഹചര്യങ്ങളിലേക്കാണ് വിഷയം നീങ്ങിക്കൊണ്ടിരിക്കുന്നത്. (കൊല്ലം ജില്ലയിലെ ഉമയനല്ലൂര്‍ ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ കൊടുത്ത ഒരു വീഡിയോ ഇതോടൊപ്പം വെക്കുന്നു.)
അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളുമുണ്ടെങ്കില്‍ ഇരുവിഭാഗത്തിന്റെയും ഉത്തരവാദിത്വപ്പെട്ടവര്‍ ഒരു മേശക്ക് ചുറ്റുമിരുന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതേ ഉള്ളൂ. ഇക്കാര്യത്തിന് നേതൃത്വം നല്‍കാന്‍ ഏതര്‍ത്ഥത്തിലും അനുയോജ്യനായ വ്യക്തി അങ്ങാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.ആയതു കൊണ്ട് ഈ വിഷയത്തില്‍ അങ്ങയുടെ നേതൃത്വത്തില്‍ ഒരു ഇടപെടല്‍ അടിയന്തിരമായി ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിശ്വസ്തയോടെ, മുസ്തഫ മുണ്ടുപാറ.