കോഴിക്കോട്: മന്ത്രി വി. അബ്ദുറഹ്മാനെയും മുന്‍ മന്ത്രി കെ.ടി ജലീലിനെയും രൂക്ഷമായി വിമര്‍ശിച്ച് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ഒരു സമുദായത്തെ നിരന്തരം വേട്ടയാടുകയും അവഗണിക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ധ്രുവീകരണം ഉണ്ടാക്കുകയാണ് ജലീലിന്റെ പണിയെന്ന് നാസര്‍ ഫൈസി കുറ്റപ്പെടുത്തി.
വഖഫ് നിയമനം പി.എസ്.സിക്ക് കൈമാറിയതിന് പിന്നില്‍ ജലീലിന് ചില അജണ്ടകളുണ്ട്. ജലീലിന്റെ കൈയിലെ പാവയായി മന്ത്രി വി. അബ്ദുറഹ്മാന്‍ മാറി. ജലീലിന്റെ അജണ്ട നടപ്പാക്കാന്‍ ഇടത് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നും നാസര്‍ ഫൈസി പറഞ്ഞു. മീഡിയവണ്‍ ചാനിലിലൂടെയായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം.
ജലീലിന്റെ അജണ്ടകള്‍ക്ക് മന്ത്രി അബ്ദുറഹ്മാന്‍ കൂട്ടുനില്‍ക്കുന്നു. വഖഫ് വിഷയത്തില്‍ നിലപാട് പറയേണ്ടത് വകുപ്പ് മന്ത്രിയാണ്. മന്ത്രി അബ്ദുറഹ്മാനെ പാവയാക്കി ജലീല്‍ വകുപ്പ് കൈകാര്യം ചെയ്യുന്നത് കേരളത്തിന് അപമാനമാണ്.
മുസ്‌ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം ജലീല്‍ ഏറ്റെടുക്കുകയാണ്. അതിന്റെ ഉദാഹരണമാണ് അവശ്യമില്ലാത്ത സമയത്ത് അനാവശ്യ വാദങ്ങളുമായി ജലീല്‍ രംഗത്തുവരുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
മുസ്‌ലിങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വി അബ്ദുര്‍റഹ്മാന്‍ അറിയിച്ചിരുന്നു.