കോഴിക്കോട്: ചെമ്മാട് ദാറുല്‍ ഹുദയില്‍ നടക്കുന്ന ദേശീയ കലാമേളയില്‍ നടന്ന നാടകം ഇസ്ലാമികമല്ലെന്ന് ഇ.കെ വിഭാഗം സമസ്ത പ്രസിഡന്റ് ജിഫ്രിമുത്തുക്കോയ തങ്ങള്‍. ഇസ്ലാമിക ആദര്‍ശത്തിനെതിരായ നാടകത്തില്‍ സമസ്തയ്ക്ക് യാതൊരു പങ്കുമില്ലെന്നും അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
“ഒരു ദേശീയ കലാമേള സിബാക്ക് എന്ന പേരില്‍ നടക്കുകയാണ്. വിവിധ കലകള്‍ അവര്‍ പ്രകടിപ്പിച്ചു. പക്ഷെ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ കലാമേളയില്‍ ഏതോ ഒരു സ്ഥാപനത്തില്‍ നിന്ന് വന്ന കുട്ടികള്‍ നമ്മുടെ ഉസ്താദുമാരുടെ നിര്‍ദേശത്തിന് വിപരീതമായി, ഇസ്ലാമികമായി നമുക്ക് യോജിക്കാന്‍ പറ്റാത്ത, സമസ്തയുടെ ആദര്‍ശത്തിനെതിരായ ഒരു പ്രകടനം കാഴ്ച്ചവെച്ചു. അതില്‍ നമ്മള്‍ നിര്‍വ്യാജം ഖേദിക്കുന്നു”. ജിഫ്രിതങ്ങള്‍ വ്യക്കമാക്കി.
സമസ്തയ്ക്കോ ഈ സ്ഥാപനത്തിനോ എസ്.എം.എഫിനോ അതില്‍ യാതൊരു പങ്കുമില്ല. ഒരു അബദ്ധം സംഭവിച്ചു പോയതാണ്. ഇനി മേലാല്‍ അങ്ങനൊരു അബദ്ധം ഈ ക്യാംപസില്‍ വെച്ചോ ഇതിനോട് അഫ്ലിയേറ്റ് ചെയ്യപ്പെട്ട സ്ഥാപനത്തില്‍ വെച്ചോ ഒരിക്കലും ഉണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
“കുട്ടികള്‍ക്ക് കൃത്യമായ നിര്‍ദേശമുണ്ടായിരുന്നു. അത് പാലിക്കാതെയാണ് അവര്‍ നാടകം അവതരിപ്പിച്ചത്. അതില്‍ ഇസ്ലാമികമായി നമുക്ക് യോജിക്കാന്‍ പറ്റാത്തതായ ചിലത് അതില്‍ വന്നു. ഈ സ്ഥാപനത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഇസ്ലാമിക വിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല. അവസാന നാള്‍ വരെ അത്തരം അബദ്ധങ്ങള്‍ ഉണ്ടാവുകയുമില്ല” ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കലാമേളയ്ക്ക് ജഡ്ജായി പോയ മാധ്യമ പ്രവര്‍ത്തകന്‍ ഷെരീഫ് സാഗര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച അനുഭവക്കുറിപ്പാണ് നാടക വിവാദത്തിന് വഴിവെച്ചത്. “ദഅ്വ സ്‌കിറ്റ് എന്ന മത്സരയിനത്തിന്റെ ജഡ്ജായിട്ടായിരുന്നു ക്ഷണം. സാധാരണ പരിപാടി പ്രതീക്ഷിച്ചു പോയ എനിക്ക് അവരുടെ നാടകങ്ങള്‍ കണ്ട് കണ്ണുതള്ളി. പലപ്പോഴും പഴയ കാമ്പസ് നാടകക്കാലത്തേക്ക് മനസ്സ് നൊസ്റ്റിയടിച്ചു. ഒരു മത കലാലയം എത്രമേല്‍ സ്വാതന്ത്ര്യത്തോടെയാണ് കലയുടെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുന്നതെന്ന അതിശയം. എന്തു പേരിട്ടാലും ഇത് അമേച്വര്‍ നാടകങ്ങളെ വെല്ലുന്ന രംഗങ്ങളാണല്ലോ എന്ന അമ്പരപ്പും. സാങ്കേതിക തികവുള്ള രംഗ സജ്ജീകരണം. കലാമികവു തെളിയിക്കുന്ന രംഗപടങ്ങള്‍. കഥാപാത്രങ്ങളെ അറിഞ്ഞുള്ള നാട്യവഴക്കങ്ങള്‍. ഭാവിയില്‍ ഉസ്താദുമാരും പള്ളി ഇമാമുമാരുമൊക്കെയാകാന്‍ പോകുന്നവരില്‍ ഈ കുട്ടികളുമുണ്ടല്ലോ എന്ന തിരിച്ചറിവ് മനസ്സിലുണ്ടാക്കിയ സന്തോഷം ചെറുതല്ല. സമുദായം മാറുകയാണ്. മാറിനിന്നിട്ടല്ല, മാറേണ്ടത്. കാലത്തോടു സംവദിക്കാന്‍ ഏറ്റവും ശക്തമായ ടൂളുകള്‍ ഉപയോഗിച്ചുകൊണ്ടാണ്. അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്” എന്നായിരുന്നു കുറിപ്പ്.
പിന്നാലെ നാടകത്തിനെതിരെ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി. “ഇസ്ലാം മത വിശ്വാസം അനുസരിച്ച് അഭിനയം ഹറാമാണെന്നിരിക്കെയാണ് ഇ.കെ വിഭാഗം സുന്നികള്‍ക്ക് കീഴിലുള്ള സ്ഥാപനത്തില്‍ നടക്കുന്ന കലാമേളയില്‍ ഇവ രണ്ടും സ്ഥാനം പിടിച്ചത്. ഇസ്ലാമിക് ദഅ്വ സ്‌കിറ്റ് എന്ന പേരിലാണ് നാടക മത്സരങ്ങള്‍ അരങ്ങേറിയത്. ഇസ്ലാമിന്റെ സന്ദേശം വ്യത്യസ്ത വിഭാഗങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലാണ് നാടകങ്ങളുടെയെല്ലാം ആവിഷ്‌കാരമെന്നും എന്നാല്‍ തികച്ചും വ്യത്യസ്തമായ വേഷ വിധാനങ്ങളോടെയാണ് വിദ്യാര്‍ഥികള്‍ അരങ്ങിലെത്തിയതെന്നുമായിരുന്നു ഉയര്‍ന്ന വിമര്‍ശനം.
എന്നാല്‍ ഇതിനെ ന്യായീകരിച്ചു കൊണ്ട് ദാറുല്‍ ഹുദയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്തെത്തി. ഞങ്ങള്‍ സ്ഥാപനത്തിനകത്ത് വെച്ച് ഔദ്യോഗികമായി സിനിമ കണ്ടിട്ടുണ്ടെന്നും അത് ബാപ്പുട്ടി ഹാജിയും ചെറുശ്ശേരി ഉസ്താദും ദാറുല്‍ ഹുദായെ നയിച്ച കാലത്ത് തന്നെയായിരുന്നെന്നുമായിരുന്നു അവരുടെ വെളിപ്പെടുത്തല്‍.
“സംഘടനാസ്നേഹികള്‍ ഞെട്ടുമോ എന്നറിയില്ല; ഞെട്ടിയാലും ഒരു കുഴപ്പവുമില്ല – The message, Children of Heaven, Colour of paradise, Planet of the apes, No man”s land, 1921 തുടങ്ങിയ സിനിമകള്‍ ഞങ്ങള്‍ കണ്ടത് ദാറുല്‍ ഹുദായില്‍ വെച്ചായിരുന്നു. ഒളിച്ചും പാത്തുമല്ല, ഔദ്യോഗികമായി വിദ്യാര്‍ത്ഥി സംഘടന – അസാസ് – സംഘടിപ്പിച്ചിരുന്ന പ്രദര്‍ശനങ്ങളില്‍ തന്നെ. കണിശമായ പരിശോധനയ്ക്കു ശേഷം അനുവദിക്കപ്പെട്ടിരുന്ന ആ പ്രദര്‍ശനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമാണ്, ദോഷമല്ല ഉണ്ടാക്കുക എന്ന ബോധം ഫൈസിമാരും ബാഖവിമാരുമടങ്ങുന്ന ഉസ്താദുമാര്‍ക്ക് അക്കാലത്തു തന്നെ ഉണ്ടായിരുന്നു. എന്തിന്, ബാപ്പുട്ടി ഹാജിയും ചെറുശ്ശേരി ഉസ്താദും ദാറുല്‍ ഹുദായെ നയിച്ച കാലം തന്നെയായിരുന്നു അത്”. എന്നായിരുന്നു മുഹമ്മദ് ശാഫി എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി ഫേസ്ബുക്കില്‍ കുറച്ചത്.