കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നേതാവും ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഫ്‌സല്‍ ഖാസിമി പ്രവാചക ചരിത്രം തെറ്റായി ഉദ്ധരിച്ചെന്ന ആരോപണവുമായി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. വിദ്വേഷ പ്രചരണത്തിനാണ് പോപ്പുലര്‍ ഫ്രണ്ട് വേദിയില്‍ പ്രവാചക ചരിത്രം വളച്ചൊടിച്ചതെന്ന് അബ്ദുസമദ് ചൂണ്ടിക്കാണിച്ചു.
ഇസ്‌ലാമിക ചരിത്രത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തി തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവാചകചരിത്രം ഉദ്ധരിക്കുമ്പോള്‍ യഥാര്‍ത്ഥ വശമാണ് ഉദ്ധരിക്കേണ്ടത്. ഭാഗികമായോ വളച്ചൊടിച്ചോ പറയുമ്പോള്‍ അതുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ മനസിലാക്കണമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് കോഴിക്കോട് നടന്ന ജനമഹാസമ്മേളനത്തില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഖാസിമി നടത്തിയ പ്രസംഗമാണ് വിമര്‍ശനത്തിനിടയാക്കിയത്. ഖുര്‍ആന്‍ തെറ്റായി വ്യാഖ്യാനിച്ച് കൊല്ലാന്‍ വന്നവന് മാപ്പ് നല്‍കിയ നബിയെ പ്രതികാരം പഠിപ്പിച്ചയാളാക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടെന്നാണ് പ്രസംഗത്തിനെതിരെ ഉയരുന്ന വിമര്‍ശനം.
‘ചരിത്രത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തി തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവാചക ചരിത്രം ഉദ്ധരിക്കുമ്പോള്‍ യഥാര്‍ത്ഥ വശമാണ് ഉദ്ധരിക്കേണ്ടത്. ഭാഗികമായോ വളച്ചൊടിച്ചോ പറയുമ്പോള്‍ അതുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ മനസിലാക്കണം. ജീവിതത്തില്‍ ഏറ്റവും നല്ല മാര്‍ഗമാണ് നബി സ്വീകരിച്ചത്. എന്നിട്ട് പറഞ്ഞൊരു വാക്കുണ്ട്, നിനക്കൊരാളെ സുഹൃത്താക്കാന്‍ കഴിയില്ലെങ്കിലും അവനെ ശത്രുവാക്കരുത്. ഞാന്‍ പറഞ്ഞത് ഹദീസിലുള്ള വചനങ്ങളാണ്. മഹാന്‍മാര്‍ രേഖപ്പെടുത്തി വച്ചതാണ്. ആ പ്രസംഗത്തിന്റെ ക്ലിപ്പ് കേട്ട് നോക്കൂ. അതില്‍ തെറ്റിദ്ധാരണാപരമായ വശങ്ങളുണ്ട്.
ഈ സന്ദേശം സമൂഹത്തിലെ ചെറുപ്പക്കാരിലെത്തിയാല്‍ ക്രിമിനല്‍ മനോഭാവം വളരുമോയെന്ന് ആരെങ്കിലും സന്ദേഹിച്ചാല്‍ തെറ്റല്ലല്ലോ. ഇസ്‌ലാമിലെ സമാധാന സന്ദേശമാണ് നമ്മള്‍ സമൂഹത്തിന് നല്‍കേണ്ടത്. ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ക്ക് പ്രതിസന്ധിയുണ്ട്, പ്രയാസങ്ങളുണ്ട്. അതിന് നമുക്ക് ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ നമ്മുടെ സമൂഹത്തെ ഉയര്‍ത്തി കൊണ്ടുവരണം. ജനാധിപത്യ മാര്‍ഗത്തിലൂടെ മുന്നോട്ട് പോകണം. യഥാര്‍ത്ഥ മുസ്‌ലീമിന്റെ ചരിത്രം മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുത്ത് ഇസ്‌ലാമിനോട് മതിപ്പുണ്ടാക്കുന്ന തരത്തിലാണ് നമ്മള്‍ പ്രസംഗിക്കേണ്ടത്. ഞാനതിന്റെ വസ്തുതകള്‍ ഉദ്ധരിച്ചെന്ന് മാത്രം. ആര്‍ക്കെങ്കിലും മറുപടിയായോ ആക്ഷേപമായോ അല്ല. വസ്തുത അങ്ങനെയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ആളുകള്‍ക്ക് ബോധ്യപ്പെടുന്നതിന് വേണ്ടി ഇത് പരിശോധിക്കാന്‍ അവസരമുണ്ടല്ലോ. ആര്‍ക്കും പരിശോധിക്കാം. കിതാബുകളില്‍ രേഖപ്പെടുത്തിയ സംഭവങ്ങളാണ്. പണ്ഡിതന്‍മാരോട് ചോദിച്ചാല്‍ മനസിലാകുന്ന ഒന്നാണ്.’ എന്നാണ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത്.
അതേസമയം, അഫ്സല്‍ ഖാസിമിയുടെ വാദത്തിനെതിരെ മുസ്‌ലിം ജമാഅത്ത് നേതാവ് പേരോട് അബ്ദുറഹ്‌മാന്‍ സഖാഫിയും, എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂരും, എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലവും രംഗത്തെത്തിയിരുന്നു.
പ്രവാചകചരിത്രം വളച്ചൊടിച്ച് വിശ്വാസികളെ വഴിതെറ്റിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് മുസ്‌ലിം ജമാഅത്ത് നേതാവ് പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പറഞ്ഞു. ചില വര്‍ഗീയവാദികള്‍ ഇസ്‌ലാമിനെ വര്‍ഗീയതയുടെ മതമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്നും, സംഘടന വളര്‍ത്താന്‍ വിശ്വാസികളെ പോപ്പുലര്‍ ഫ്രണ്ട് വഴിതെറ്റിക്കുകയാണെന്നും അബ്ദുറഹ്‌മാന്‍ സഖാഫി കുറ്റപ്പെടുത്തി.
പ്രവാചകന്റെ ജീവിതത്തിലെ സഹിഷ്ണുതയുടെ അധ്യായങ്ങളെ പോലും വളച്ചൊടിച്ച് അപകടകരമായി ഉദ്ധരിക്കുന്നവര്‍ അദ്ദേഹത്തിന്റെ ചരിത്രത്തെയും വ്യക്തിത്വത്തെയും പരസ്യമായി ആക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് മുഹമ്മദ് ഫാറൂഖ് നഈമി വിമര്‍ശിച്ചു.
കൊല്ലാന്‍ വന്നവന്റെ വാള് വീണ് കിട്ടിയപ്പോള്‍ മാപ്പു കൊടുത്ത പ്രവാചകനെ പ്രതികാരം പഠിപ്പിച്ച നബിയായി അവതരിപ്പിക്കുന്നവര്‍ സ്വന്തം താത്പര്യത്തിനായി മതത്തെ ദുരുപുയോഗം ചെയ്യുകയാണ്. ഇസ്‌ലാമിനെയും സമുദായത്തെയും എതിര്‍ക്കുന്നവര്‍ക്ക് വാള് കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും മുഹമ്മദ് ഫാറൂഖ് നഈമി കൂട്ടിച്ചേര്‍ത്തു.
വൈകാരിതയും തീവ്രചിന്തയും ഇളക്കി വിടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ഇമാമിന് ചരിത്രം മുഴുവന്‍ വേണ്ട. പ്രവാചകന്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചു എന്നു തോന്നിപ്പിക്കുന്നയിടം വരെ എത്തിച്ച് അണികളില്‍ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കിയാല്‍ മാത്രം മതി. ചരിത്രത്തില്‍ ബാക്കിയുള്ള സഹിഷ്ണുതയുടെ കഥ ഇവര്‍ക്ക് വേണ്ടെന്നും എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂരും വിമര്‍ശിച്ചു.