| Friday, 4th January 2019, 10:33 am

വനിതാമതില്‍ പരാമര്‍ശം; അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്തു, സമസ്ത മുശാവറയില്‍ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വനിതാ മതിലുമായി സമസ്ത സഹകരിക്കില്ലെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിന് സമസ്ത മുശാവറയില്‍ വിമര്‍ശനം. സ്വന്തം നിലപാട് വ്യക്തമാക്കാന്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്തത് അനുചിതമാണെന്ന് മുശാവറ യോഗം വിലയിരുത്തിയതായി മീഡിയ വണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാമതിലുമായി സഹകരിക്കില്ലെന്നും മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അബ്ദുസമദ് പറഞ്ഞിരുന്നു.

സമസ്തയുടെ വിലക്ക് ലംഘിച്ച് മലബാറില്‍ മുസ്‌ലിം സ്ത്രീകള്‍ വനിതാ മതിലിനെത്തി എന്ന് പ്രതീതി ഉളവാക്കാന്‍ അബ്ദുസ്സമദിന്റെ പ്രസ്താവന കാരണമായെന്ന് സമസ്ത വിലയിരുത്തി. സ്ത്രീകള്‍ രാഷ്ട്രീയകാര്യങ്ങള്‍ക്കും മറ്റും തെരുവിലിറങ്ങുന്നതിനെതിരെയുള്ള എതിര്‍പ്പ് തത്വാധിഷ്ഠിതമാണെന്നും വനിതാ മതിലിന്റെ കാര്യത്തില്‍ മാത്രമായി പ്രത്യേകം മാധ്യമങ്ങളോട് എതിര്‍പ്പ് അറിയിച്ചത് അംഗീകരിക്കാനാവില്ലെന്നും സമസ്ത മുശാവറയില്‍ അഭിപ്രായമുണ്ടായി.

അതേസമയം, മുസ്‌ലിം ലീഗിന്റെ പരിപാടിയില്‍ സ്ത്രീകള്‍ പങ്കെടുക്കുകയും വനിതാമതിലില്‍ പങ്കെടുക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കുന്ന നടപടിയെ വിമര്‍ശിച്ച് കെ.ടി.ജലീല്‍ രംഗത്തെത്തിയിരുന്നു. അബ്ദുസമദിന്റെ പ്രസ്താവനയാണ് കെ.ടി. ജലീലിനെ പ്രകോപിപ്പിച്ചതെന്ന് ഡോ: ബഹാവുദ്ദീന്‍ കൂരിയാട് മുശാവറിയില്‍ അഭിപ്രായപ്പെട്ടു. സമസ്തയ്‌ക്കെതിരെയുള്ള കെ.ടി ജലീലിന്റെ പ്രസ്താവനകള്‍ക്കെതിരെ സമസ്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.

അതേസമയം പരപുരുഷന്മാരോടൊപ്പം വേദി പങ്കിടുന്നതും പ്രകടനം നടത്തുന്നതും ഇസ്‌ലാമിക വിരുദ്ധം തന്നെയെന്ന് സമസ്ത പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മതനിയമങ്ങളില്‍ സമസ്ത പാര്‍ട്ടി വിവേചനം കാണിക്കാറില്ലെന്ന നിലപാടാണ് സമസ്തയുടേത്.

We use cookies to give you the best possible experience. Learn more