| Friday, 21st October 2022, 7:15 pm

മര്‍ക്കസ് നോളേജ് സിറ്റിയിലെ സ്ത്രീ പ്രാതിനിധ്യം; വിശദീകരണം തേടി സമസ്ത എ.പി വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റിയിലെ പരിപാടിയിലെ വനിതാ പങ്കാളിത്തത്തില്‍ വിശദീകരണം തേടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എ.പി സുന്നി വിഭാഗം.

മര്‍ക്കസ് കാലാവസ്ഥാ ഉച്ചകോടിയില്‍ വിദേശ വനിതകള്‍ അടക്കം പങ്കെടുത്ത സംഭവത്തിലാണ് സംഘാടകരില്‍ നിന്ന് വിശദീകരണം ചോദിച്ചത്. വനിതാ പങ്കാളിത്തത്തില്‍ ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് വിശദീകരണം തേടിയത്.

മുസ്‌ലിം സ്ത്രീകള്‍ അന്യപുരുഷന്മാരുമായി ഇടകലര്‍ന്ന് വേദി പങ്കിടുന്ന വിഷയത്തില്‍ സമസ്തയും സുന്നി പ്രസ്ഥാനവും നേരത്തെ സ്വീകരിച്ചുവരുന്ന നിലപാടുകളില്‍ യാതൊരു മാറ്റവുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ സംഘാടകരില്‍ നിന്ന് വിശദീകരണം തേടിയതായും മറുപടി കിട്ടിയ ശേഷം ഉചിതമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

മര്‍ക്കസ് നോളജ് സിറ്റിയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ നടത്തിയ ഉച്ചകോടിയെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിട്ടുള്ളത്. ആഗോള കാലാവസ്ഥാ സമ്മേളനത്തില്‍ വനിതകളടക്കമെത്തിയതാണ് എ.പി സമസ്തയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

40 രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇരുന്നൂറിലേറെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതില്‍ അന്താരാഷ്ട്ര പങ്കാളിത്തം എന്ന വിഷയത്തിലായിരുന്നു ഉച്ചകോടി.

പൊതുവേദികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നാണ് എ.പി സുന്നി നേതാവ് എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേരത്തെ മുതലുള്ള നിലപാട്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ ഹക്കിം അസ്ഹരിയുടെ നിയന്ത്രണത്തിലുള്ള പുതുപ്പാടിയിലെ നോളജ് സിറ്റിയില്‍ തന്നെയാണ് ആഗോളകാലാവസ്ഥാ സമ്മേളനം നടന്നത്.

നോളജ് സിറ്റി സഹസ്ഥാപകനും കാന്തപുരം വിഭാഗം നേതാവുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വനിത പ്രതിനിധികളുമായി വേദി പങ്കിട്ട ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

മാലദ്വീപിലെ ആവിഡ് കോളേജ് ഡയറക്ടര്‍ ഡോ. സുനീന റഷീദ്, ഈജിപ്തിലെ അല്‍അസ്ഹര്‍ മേധാവിയുടെ ഉപദേഷ്ടാവ് ഡോ. നഹ്ല സാബ്രി അല്‍സഈദി, മാലി ദ്വീപിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ ഡീന്‍ പ്രൊഫ. ഡോ. സാകിയ മൂസ, ഹോഗര്‍ ടെക്നോളജീസ് ആന്‍ഡ് ഇന്നൊവേഷന്‍ ഡയറക്ടര്‍ ജൗഹറ എന്നിവരാണ് പരിപാടിയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്.

Content Highlight: samastha kerala jamiyyathul ulama Seeking explanation Over women’s participation in climate summit at knowledge city

We use cookies to give you the best possible experience. Learn more