ജെന്‍ഡര്‍ ന്യൂട്രല്‍ ആശയം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒളിയജണ്ട: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
Kerala News
ജെന്‍ഡര്‍ ന്യൂട്രല്‍ ആശയം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒളിയജണ്ട: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th August 2022, 10:29 am

കോഴിക്കോട്: സമൂഹത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒളിയജണ്ടകളുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.

ഈ വിഷയത്തില്‍ മസ്ജിദുകളില്‍ പ്രചരണം നടത്താനും തീരുമാനമായി. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം വിഷയത്തില്‍ പ്രചരണം നടത്താനാണ് പണ്ഡിത സഭയുടെ തീരുമാനം.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി, എല്‍.ജി.ബി.ടി.ക്യു വിഷയങ്ങളിലെ വ്യത്യസ്ത മാനങ്ങള്‍ മസ്ജിദുകളില്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഖത്തീബുമാരെ പങ്കെടുപ്പിച്ച് സമസ്ത ആഗസ്ത് 24ന് കോഴിക്കോട് സെമിനാര്‍ സംഘടിപ്പിക്കും.

വിഷയത്തില്‍ മുസ്‌ലിം സംഘടനകളുടെ യോഗം മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്തിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനെയും യോഗത്തില്‍ എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സമസ്തയുടെ ഇടപെടല്‍.

ഖുതുബ സമിതി അധ്യക്ഷന്‍ കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനാവുന്ന സെമിനാര്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.ടി. അബൂബക്കര്‍ ധാരിമി, ശുഹൈബുല്‍ ഹൈതമി, മുജ്തബ ഫൈസി ആനക്കര, അബ്ദുല്‍ ഹമീദ് മൗലവി, ഷഫീഖ് റെഹ്‌മാനി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും.

നേരത്തെ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മസ്ജിദുകളില്‍ പ്രതിഷേധിക്കാന്‍ മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ സമസ്ത തള്ളി രംഗത്തെത്തിയിരുന്നു. പക്ഷേ ഈ വിഷയത്തില്‍ മസ്ജിദുകളില്‍ തന്നെ പ്രശ്നം ഉന്നയിക്കാന്‍ സമസ്ത തീരുമാനിക്കുകയായിരുന്നു.

അതേസമയം, ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പിലാക്കുന്നത് മനുഷ്യവിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച ഏകദിന പണ്ഡിത ക്യാമ്പ് അഭിപ്രായപ്പെട്ടു.

ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അരക്ഷിതാവസ്ഥക്കും അരാജകത്വത്തിനും കാരണമാകുമെന്നും ക്യാമ്പ് പ്രമേയത്തിലൂടെ അംഗീകരിച്ചു. കാരന്തൂര്‍ മര്‍കസില്‍ നടന്ന ക്യാമ്പ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

Content Highlight: Samastha Kerala Jam-Iyyathul Ulema Planning campaign in mosques against gender neutrality