മലപ്പുറം: സി.ഐ.സിക്ക് കീഴിലുള്ള വാഫി കോഴ്‌സുകള്‍ വിജയിപ്പിക്കണമെന്ന പാണക്കാട് സാദിഖലി തങ്ങളുടെ ആഹ്വാനത്തെ എതിര്‍ത്ത് സമസ്ത നേതാക്കള്‍ രംഗത്തെത്തി. സമസ്ത വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ക്കരുതെന്ന് എസ്.വൈ.എസ് ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇതോടെ വാഫി കോഴ്‌സുകളെ എതിര്‍ത്ത് കൊണ്ട് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം കമ്മിറ്റിയും കോഴിക്കോട് ജില്ലാ കമ്മിറ്റിയും ഔദ്യോഗിക പ്രസ്താവനയും ഇറക്കി. ഇതോടെ സി.ഐ.സി വിഷയത്തില്‍ സമസ്തയും പാണക്കാട് കുടുംബവും തമ്മിലുള്ള തര്‍ക്കം തുറന്ന പോരിലേക്കെത്തി.
ഇസ്‌ലാമിക വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനും സമസ്തയെ വെല്ലുവിളിക്കാനുമാണ് സി.ഐ.സി ശ്രമിച്ചതെന്ന് അബ്ദുല്‍ ഹമീദ് ഫൈസി ഫെയ്‌സ് ബുക്ക് കുറിപ്പില്‍ ആരോപിച്ചു. പാണക്കാട് തങ്ങളെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഏത് സ്ഥാപനത്തില്‍ മക്കളെ ചേര്‍ത്ത് പഠിപ്പിക്കണമെന്ന് രക്ഷിതാക്കളാണ് തീരുമാനിക്കേണ്ടതെന്നും വാഫി സ്ഥാപനങ്ങളില്‍ സമസ്ത വിരുദ്ധതയാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയെ അംഗീകരിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ വേറെയുണ്ടെന്നും മക്കളെ അവിടെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാണക്കാട് സയ്യിദ് സാദിഖലി തങ്ങളടക്കം നാല് നേതാക്കന്മാരാണ് 2023ലേക്കുള്ള വാഫി-വഫിയ്യ കോഴ്‌സുകളിലേക്ക് പ്രവേശനം പ്രഖ്യാപിച്ച് വീഡിയോ പുറത്തിറക്കിയത്. എന്നാല്‍ ഇതുവരെ ഹക്കീം ഫൈസിയുടെ രാജി സമസ്ത സ്വീകരിച്ചില്ലെന്നിരിക്കെ പാണക്കാട് തങ്ങളുടെ നീക്കം സമസ്തയെ പ്രകോപിപ്പിക്കുകയായിരുന്നു.
തുടര്‍ന്നാണ് സമസ്ത യുവജന സംഘടനകളായ എസ്.വൈ.എസും, എസ്.കെ.എസ്.എസ്.എഫും സാദിഖലി തങ്ങളുടെ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയത്.
അതേസമയം പാണക്കാട് തങ്ങള്‍മാരെ അംഗീകരിക്കാത്തവരാണ് വാഫി വഫിയ്യ കോഴ്‌സുകളെ എതിര്‍ക്കുന്നതെന്ന വിമര്‍ശനവുമായി ഹക്കീം ഫൈസി വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: samastha denied sadhikali thanhal in cic issue