| Saturday, 1st July 2023, 11:10 am

ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന്റേത് അഴകൊഴമ്പന്‍ സമീപനം; ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രതിഷേധിക്കുന്നത് തള്ളാനാവില്ല: സമസ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് അഴകൊഴമ്പന്‍ സമീപനമെന്ന് സമസ്ത സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. ചര്‍ച്ച നടത്തി നിലപാട് സ്വീകരിക്കാമെന്ന കോണ്‍ഗ്രസ് നിലപാട് ശരിയല്ലെന്നും ഇനി അക്കാര്യത്തില്‍ ഒരു ചര്‍ച്ചയും ആവശ്യമില്ലെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

‘മതേതര നിലപാടുകള്‍ക്കൊപ്പമാണ് നാളിതുവരെയായി കോണ്‍ഗ്രസ് നിന്നിട്ടുള്ളത്. രാജീവ് ഗാന്ധിയുടെ കാലഘട്ടത്തില്‍ ശരീഅത്ത് വിവാദമുയര്‍ന്നപ്പോള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലും ഏക സിവില്‍ കോഡിനെ അനുകൂലിച്ചൊരു ഘട്ടത്തിലും അതിനെ ശക്തമായി എതിര്‍ത്തത് കോണ്‍ഗ്രസാണ്.

ഇപ്പോള്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നത് ആത്മഹത്യാപരമാണ്. ചര്‍ച്ച നടത്തി നിലപാട് സ്വീകരിക്കാമെന്ന കോണ്‍ഗ്രസ് നിലപാട് ശരിയല്ല. ഇനി അക്കാര്യത്തില്‍ ഒരു ചര്‍ച്ചയും ആവശ്യമില്ല. എതിര്‍ക്കുകയാണ് വേണ്ടത്.

ഏക സിവില്‍ കോഡിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നത് തെറ്റാണ്. കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചാല്‍ ഹൈന്ദവ വിഭാഗം അടക്കം കൂടെ നില്‍ക്കും. കോണ്‍ഗ്രസ് ബഹുസ്വരത അംഗീകരിച്ചാല്‍ മാത്രമേ സ്വീകാര്യതയുണ്ടാകൂ.

മുസ്‌ലിം ലീഗിന്റെ ഒപ്പം നില്‍ക്കാമെന്ന കാന്തപുരത്തിന്റെ പ്രസ്താവനയില്‍ പുതുമയില്ല. ശരീഅത്ത് വിവാദകാലത്ത് ഏകസിവില്‍ കോഡിനെ സി.പി.ഐ.എം ഉള്‍പ്പടെയുള്ള സംഘടനകള്‍ അനുകൂലിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് അതിനെ ശക്തമായി എതിര്‍ത്തിരുന്നു.

എന്നാല്‍ ഇന്ന് കോണ്‍ഗ്രസിന് മൃദു സമീപനമാണ്. നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏക സിവില്‍ കോഡ് ന്യൂനപക്ഷ വിരുദ്ധമാകുമെന്ന് ഉറപ്പാണ്. ഏക സിവില്‍ കോഡിനെ എതിര്‍ക്കാന്‍ എല്ലാ മതസംഘടനകളും മുന്നോട്ട് വരണം,’ നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

ഒരു ഫാസിസ്റ്റ് ഭരണകൂടം ഏക സിവില്‍ കോഡ് കൊണ്ടുവരുമ്പോള്‍ അത് ന്യൂനപക്ഷവിരുദ്ധവും മുസ്‌ലിം വിരുദ്ധവുമാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ‘ഏക സിവില്‍ കോഡിന്റെ സാമ്പിള്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെങ്കിലും, ഒരു ഫാസിസ്റ്റ് ഭരണകൂടം ഏക സിവില്‍ കോഡ് കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായും അത് ന്യൂനപക്ഷവിരുദ്ധവും മുസ്‌ലിം വിരുദ്ധവുമാകുമെന്ന് ഉറപ്പാണ്.

ഇത്തരം വിഷയത്തില്‍ ചര്‍ച്ച വേണമെന്ന തരത്തില്‍ ഒരു ശക്തിയില്ലായ്മ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. അത് ശരിയല്ല. കോണ്‍ഗ്രസ് മതേതര സമൂഹത്തിന്റെ കൂടെയാണ് നാളിതുവരെ നിന്നിട്ടുള്ളത്.

കര്‍ണാടകയില്‍ പോലും 85 ശതമാനം വരുന്ന ഹൈന്ദവ ജനത കോണ്‍ഗ്രസിന് ഭൂരിപക്ഷം നല്‍കിയതും ബി.ജെ.പിയെ നിരാകരിക്കുകയും ചെയ്ത വസ്തുത കോണ്‍ഗ്രസ് ഉള്‍ക്കൊള്ളണം. അവര്‍ മതേതര സമൂഹത്തിനൊപ്പം നില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്,’ ഫൈസി കൂടത്തായി പറഞ്ഞു.

സിവില്‍ കോഡ് വിഷയത്തില്‍ അടുത്ത ശനിയാഴ്ച സമസ്ത പ്രത്യേക യോഗം ചേരും. ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രതിഷേധിക്കുന്നത് തള്ളാനാവില്ല.

Content Highlights: Samastha critinize congress stand on uniform civil code

We use cookies to give you the best possible experience. Learn more