ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ വിമര്‍ശിച്ച് സമസ്ത ഇ.കെ വിഭാഗത്തിന് പിന്നാലെ എ.പി വിഭാഗവും
Kerala News
ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ വിമര്‍ശിച്ച് സമസ്ത ഇ.കെ വിഭാഗത്തിന് പിന്നാലെ എ.പി വിഭാഗവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th July 2020, 10:42 am

കോഴിക്കോട്: മുസ്‌ലിം ലീഗ്-വെല്‍ഫെയര്‍പാര്‍ട്ടി ബന്ധത്തെ എതിര്‍ത്ത് സമസ്ത എ. പി വിഭാഗവും. ഇകെ വിഭാഗത്തിന് പിന്നാലെയാണ് എ.പി വിഭാഗവും വിമര്‍ശനവുമായി രംഗത്തെത്തിയത്.

സിറാജ് എഡിറ്റ് പേജില്‍ എ. പി വിഭാഗം നേതാവ് പി.കെ.എം അബ്ദുര്‍റഹ്മാന്‍ എഴുതിയ ലേഖനത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുഖ്യാധാരാ രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവിനെയും രാഷ്ട്രീയ സഖ്യ രൂപീകരണത്തെയും വിമര്‍ശിക്കുന്നത്.

‘കോട്ടക്കല്‍ കഷായത്തില്‍ പരിശുദ്ധ നെയ്‌ചേര്‍ക്കുമ്പോള്‍’ എന്ന തലക്കെട്ടിലാണ് ലേഖനം. പൊതു സമൂഹത്തില്‍ സംശയാസ്പദമായ രാഷ്ട്രീയ പശ്ചാത്തലമുള്ള ജമാഅത്തെ ഇസ്‌ലാമിക്ക് മുഖ്യധാരാ മുന്നണിയില്‍ ഇടം കൊടുക്കുന്നത് കൊണ്ട് എന്ത് സന്ദേശമാണ് ലീഗ് നല്‍കുന്നതെന്നും ലേഖനത്തില്‍ ചോദിക്കുന്നു.

ലീഗ് മുമ്പ് തീവ്രവാദ ആരോപണമുന്നയിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ജമാഅത്തെ ഇസ്‌ലാമിയോടും അവര്‍ തിരിച്ചും ഒത്തുതീര്‍പ്പാക്കി ഒരുമിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കന്നതെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

‘ലീഗിനെതിരെ ജമാ അത്ത് ഇസ്‌ലാമിക്കാര്‍ പ്രചരണം നടത്തുമ്പോഴും ലീഗ് വിളിക്കുന്ന മത സംഘടനകളുടെ യോഗത്തില്‍ ജമാഅത്തുകാര്‍ കാതോര്‍ത്തിരുന്നു. മാറാട് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് ആദ്യമായി ജമാഅത്തിന് ഇരിപ്പിടം ലഭിക്കുന്നത്. എന്നാല്‍ തീവ്രവാദ പ്രവണത ചൂണ്ടിക്കാട്ടി എന്‍.ഡി.എഫിനൊപ്പം ജമാഅത്തെ ഇസ് ലാമിയും ഒഴിവാക്കപ്പെടുകയായിരുന്നു.

ഏതായാലും തീവ്രവാദ ആരോപണങ്ങളും തിരിച്ചുള്ള പായ്യാരം പറച്ചിലുകളും പരസ്പരം സബൂറാക്കാനാണ് തീരുമാനം. വലിയ വില നല്‍കി നടന്നു തീര്‍ത്ത വഴികള്‍ സ്വയം റദ്ദാക്കിക്കൊണ്ട് എന്തിനാണ് മതേതര പ്രതിച്ഛായയുള്ള ലീഗ് ജമാഅത്തെ ഇസ്ലാമിയെ കൂടെ കൂട്ടുന്നത്?,’കെ.പി.എം അബ്ദുര്‍റഹ്മാന്‍ ചോദിക്കുന്നു.

ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ കാര്യമായ എതിര്‍പ്പ് ഉന്നയിക്കാത്തത് അവരുടെ നിഗൂഢമായ ആനന്ദത്തിന്റെ അടയാളം കൂടിയല്ലേ എന്നും ലേഖനത്തില്‍ ചോദിക്കുന്നു.

ഇടതു-വലതു വ്യത്യാസമില്ലാതെ നാട്ടിലെ വലുതും ചെറുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വര്‍ഗീയ തീവ്രവാദ സംഘടനകളുടെ വിഷലിപ്തമായ പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നേരേ കണ്ണടക്കുകയാണ്. വര്‍ഗീയ തീവ്രവാദ സ്വരൂപങ്ങളോടുള്ള മമത കൊണ്ടല്ല, തിരഞ്ഞെടുപ്പ് ഗണിതവുമായി ബന്ധപ്പെട്ട നിക്ഷിപ്ത രാഷ്ട്രീയ താത്പര്യങ്ങള്‍ കൊണ്ടാണ് ഇത്തരം ശക്തികള്‍ക്ക് ഇവിടെ നിര്‍ഭയം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്നും മുസ്‌ലിം ലീഗ് നേതാവായ കെ.എം ഷാജി മുമ്പ് പറഞ്ഞിരുന്നു.

‘മത തീവ്രവാദങ്ങള്‍ പരസ്പരം പോഷിപ്പിക്കുന്നതാണെന്നും അവയെ ഒരേ ശക്തിയില്‍ തന്നെ എതിരിടണമെന്നുമുള്ള ബോധ്യം ഇവര്‍ പണയപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ ആര്‍.എസ്.എസിനെ പോപ്പുലര്‍ ഫ്രണ്ട് വേദിയില്‍ വെച്ചും വിശ്വഹിന്ദു പരിഷത്തിനെ ജമാഅത്തെ ഇസ്ലാമി വേദിയില്‍ വെച്ചും ഇവര്‍ എതിര്‍ത്ത് ഗിരിപ്രഭാഷണങ്ങള്‍ നടത്തും. ഫലമോ? ഇത്തരം മത തീവ്രവാദ സംഘടനകളുടെ അണികള്‍ക്ക് ആവേശം. ആര്‍.എസ്.എസിനെ പോലുള്ള സംഘടനകള്‍ക്ക് നിശ്ശബ്ദമായ ആഹ്ലാദവും” എന്നും കെ.എം ഷാജി പറഞ്ഞിരുന്നു. എന്നാല്‍ ലീഗുമായി കൂട്ടുകെട്ടുണ്ടാക്കുമ്പോള്‍ ഇത് തന്നെയല്ലെ സംഭവിക്കുന്നതെന്നും ലേഖനത്തില്‍ ചോദിക്കുന്നു.

പൊതുസമൂഹവും മുസ്ലിം സമുദായവും, പലപ്പോഴും ലീഗ് തന്നെയും മാറ്റിനിര്‍ത്തിയ ഒരു വിഭാഗത്തെ ഏതാനും തദ്ദേശ വാര്‍ഡുകള്‍ മാത്രം മുന്നില്‍ക്കണ്ട് കൂടെക്കൂട്ടുന്നത് എത്രമാത്രം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പാര്‍ട്ടി ആലോചിച്ചിട്ടുണ്ടാകുമോ? എന്നും ലേഖനത്തില്‍ ചോദിക്കുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം ഉണ്ടാക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം പരിഗണനയിലുണ്ടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞിരുന്നു.

നേരത്തെ ഇതിനെ എതിര്‍ത്തുകൊണ്ട് സമസ്ത ഇ. കെ വിഭാഗം രംഗത്തെത്തിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ലീഗിന്റെ ബന്ധം സ്വയം കുളം തോണ്ടുന്നതിന് തുല്യമാണെന്ന് സുപ്രഭാതം പത്രത്തിന്റെ എഡിറ്റ് പേജില്‍ സംഘടനാ നേതാവായ ഉമര്‍ ഫൈസി എഴുതിയ ലേഖനത്തില്‍ആരോപിക്കുന്നു.

അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നത് ശരിയല്ലെന്ന് യൂത്ത് ലീഗ് വ്യക്തമാക്കിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ഒരു വര്‍ഗീയ പാര്‍ട്ടി ആണെന്നാണ് യൂത്ത് ലീഗ് പറഞ്ഞിരുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന് നേരത്തെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നെങ്കിലും മുസ്ലിം ലീഗ് നേതൃത്വം അത് എതിര്‍ക്കുകയായിരുന്നു. എന്നാല്‍ വീണ്ടും പരസ്യമായി വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ലീഗ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ