മുസ്‌ലിം പെണ്‍കുട്ടികള്‍ ഇങ്ങനെ സംസാരിച്ചു തുടങ്ങുന്നത് ലോകാവസാനത്തിന്റെ അടയാളമാണ്. പെണ്‍കുട്ടികള്‍ക്ക് 'യുക്തി' കൂടുന്നതാണ് പ്രശ്‌നം
മുമ്പ് മാടായിയില്‍ നടന്ന ഒരു തമാശയാണ്. ഒരു മസ്ജിദില്‍ അസര്‍ നമസ്‌കാരത്തിന് ശേഷം അല്‍പം ശബ്ദമുയര്‍ത്തി ഇങ്ങനെ ദുആ ചെയ്തു തുടങ്ങി:
‘പടച്ചോനെ, എന്റെ സമസ്താപരാധങ്ങളും പൊറുക്കണേ!’
ആ ഒരു പ്രാര്‍ഥന അയാള്‍ ഉറക്കെയുറക്കെ ആവര്‍ത്തിച്ചപ്പോള്‍ പള്ളി ഇമാമിന് ഒരു സംശയം, ഇത് ആളെ മക്കാറാക്കുന്ന ദുആ ആണല്ലോ! കേരളത്തിലെ മുസ്‌ലിങ്ങളുടെ’ ആധികാരിക മത സംഘടനയായ ‘സമസ്തയുടെ അപരാധങ്ങള്‍’ പൊറുക്കണമെന്നാണോ ആ മനുഷ്യന്‍ ദുആ ചെയ്യുന്നത്?
മൗലവി ദുആ ചെയ്യുന്ന ആളുടെ പുറത്തു തട്ടി പറഞ്ഞു: ‘പതുക്കെ ദുആ ചെയ്താലും പടച്ചോന്‍ കേള്‍ക്കും.’ അയാള്‍ എടുത്തിട്ട പോലെ മൗലവിയോട് പറഞ്ഞു:
‘എനിക്കും ഉസ്താദിനോട് അതാ പറയാനുള്ളത്. വെറുതെ ഒച്ചയുണ്ടാക്കി മതത്തിന്റെ ബര്‍ക്കത്ത് കളയരുത്. പടച്ചോന്‍ എല്ലാം കാണുന്നുണ്ട്.’
ഇതേ തമാശ മറ്റൊരു വിധത്തില്‍ ഞങ്ങളുടെ നാട്ടിലെ അമ്മായി മുസ്തഫ ആവര്‍ത്തിച്ചിട്ടുണ്ട്. ആ കഥ ഇതാണ്:
ജീവിച്ചിരിക്കുമ്പോള്‍ ഒട്ടും ചെവി കേള്‍ക്കാതിരുന്ന ഒരാള്‍ മരിച്ചു. ഖബറടക്കിയ ശേഷം മൗലവി ‘തലക്കീന്‍’ (മൗലവി കുത്തിയിരുന്ന്ഖബറിന്റെ തല ഭാഗം നോക്കി ഓതുന്ന ഹ്രസ്വമായ പ്രാര്‍ഥന. ഖബറില്‍ മലക്കുകള്‍ വന്ന് നിന്റെ റബ്ബേത്, നിന്റെ ദീനേത്… തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മയ്യിത്തിന് ഉത്തരം കിട്ടാന്‍ വേണ്ടിയാണ് ‘തലക്കീന്‍’ ഓതാറുള്ളത്. പരമ്പരാഗത സുന്നി മുസ്‌ലിങ്ങള്‍ മാത്രമാണ് ഇത് ചെയ്യാറുള്ളത്) ഓതുമ്പോള്‍ അതു കേട്ടുനിന്ന അമ്മായി മുസ്തൂക്ക മൗലവിയെ നോക്കി പറഞ്ഞു: ജീവിച്ചിരിക്കുമ്പോ നിങ്ങ പറയുന്നത് അയാള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയല്ലെ മയ്യിത്തായപ്പോ…’
‘സമസ്ത’ (കേരള മുസ്‌ലിങ്ങളുടെ ആധികാരിക മത സംഘടന) കമ്യൂണിസത്തിനുംയുക്തിവാദത്തിനുമെതിരെ ഒരു ക്യാംപയിന്‍ സംഘടിപ്പിക്കുകയാണ്. തീര്‍ച്ചയായും അത് മത ആശയ പ്രചാരണത്തിന് ഇന്ത്യയില്‍ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലികമായ സ്വാതന്ത്ര്യമാണ്. ഡി.വൈ.എഫ്.ഐക്ക് കമ്യൂണിസം പ്രചരിപ്പിക്കുന്നതു പോലെ സമസ്തയ്ക്ക് ഇസ്‌ലാം പ്രചരിപ്പിക്കാം. ഒരു ബഹുസ്വര സമൂഹത്തില്‍ ഇത്തരം ആശയ പ്രചാരണ രീതി സ്വാഭാവികമാണ്. അതുകൊണ്ട് ഡി.വൈ.എഫ്.ഐക്ക് ഹാലിളകേണ്ട കാര്യമൊന്നുമില്ല. സമസ്തയക്ക് സമസ്തയുടെ ദീന്‍, ഡി.വൈ.എഫ്.ഐ ക്ക് ഡി.വൈ.എഫ്.ഐ യുടെ പാര്‍ട്ടി.
പക്ഷെ, ഈ ആശയ പ്രചരണത്തിന് ഇങ്ങനെയൊരു വിഷയം തിരഞ്ഞെടുക്കാന്‍ കാരണം? ഈ കൊവിഡ് കാലം തന്നെ ഇങ്ങനെയൊരു ക്യാംപയിന്‍? അതാണ് ചര്‍ച്ച ചെയ്യേണ്ടത്. അപ്പോള്‍, സമസ്തയുടെ ഉള്ളിലെ ഇരമ്പലുകള്‍ നമുക്ക് മനസ്സിലാകും:
ഒന്ന്:
മുസ്‌ലിം പെണ്‍കുട്ടികള്‍ സംസാരിച്ചു തുടങ്ങുന്നു. ‘ഹരിത’ വിവാദം ആന്തരികമായി സ്വാസ്ഥ്യം കെടുത്തിയത് സമസ്തയെയാണ്. മുസ്‌ലിം പെണ്‍കുട്ടികള്‍ ഇങ്ങനെ സംസാരിച്ചു തുടങ്ങുന്നത് ലോകാവസാനത്തിന്റെ അടയാളമാണ്. പെണ്‍കുട്ടികള്‍ക്ക് ‘യുക്തി’ കൂടുന്നതാണ് പ്രശ്‌നം.
എം.എം. അക്ബറും ഇ.എ. ജബ്ബാറും നടത്തിയ യുക്തിവാദ സംവാദത്തിന്റെ പുസ്തക രൂപം പ്രകാശനം ചെയ്തുകൊണ്ട് യുക്തിവാദ സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.എന്‍. അനില്‍ കുമാര്‍ നടത്തിയ മനോഹരമായ പ്രസംഗത്തില്‍ ചില കാര്യങ്ങള്‍ വളരെ ഭംഗിയായി സൂചിപ്പിക്കുന്നുണ്ട്.
അതിലൊന്ന്, മുസ്‌ലിം സ്ത്രീകള്‍ക്ക് പുരുഷന്മാരെ മൊഴി ചൊല്ലാന്‍ അവകാശം നല്‍കുന്ന ഹൈക്കോടതി വിധിയാണ്. മുസ്‌ലിം സ്ത്രീകള്‍ക്ക് വിവാഹ മോചനത്തിന് വ്യക്തിനിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താക്, സി.എസ്.ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെതാണ് വിധി.
രാജ്യത്ത് നിലവിലുള്ള, മുസ്‌ലിം സ്ത്രീകളുടെ വിവാഹ മോചന നിയമപ്രകാരം മാത്രമേ വിവാഹമോചനം പാടുള്ളു എന്ന നിയമ വ്യവസ്ഥ തിരുത്തുന്നതാണ് സുപ്രധാന വിധി. മൊഴിചൊല്ലാന്‍ സ്ത്രീകള്‍ക്കും അവകാശം നല്‍കുന്ന വ്യക്തിനിയമത്തിലെ വ്യവസ്ഥകള്‍ സാധുവാണെന്നാണ് കോടതി വിധി. ഇതോടെ വിവാഹ മോചനത്തിന് മുസ്‌ലിം സ്ത്രീകള്‍ക്കും മുന്‍കൈ എടുക്കാമെന്ന നിലയായി. ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബഞ്ച് വിധി.
‘മതം’ അനുവദിച്ചതും ‘ഉലമാ’ക്കള്‍ മിണ്ടാതിരുന്നതുമായ ചില നിയമങ്ങളെക്കുറിച്ചെങ്കിലും ചില അറിവുകള്‍ കിട്ടുന്നുണ്ട്.
രണ്ട്:
‘എക്‌സ് നക്‌സല്‍’ എന്നു പറയുന്നതു പോലെ ‘എക്‌സ് മുസ്‌ലിം’ എന്ന പുതിയൊരു സംവര്‍ഗം രൂപപ്പെടുന്നുണ്ട്. അവര്‍ പലതും നിര്‍ഭയമായി തുറന്നു പറയുന്നുണ്ട്. ഇത് വലിയൊരു പ്രസ്ഥാനമായി വളരുമോ എന്ന് ‘സമസ്ത’ ഭയക്കുന്നു.
മൂന്ന്:
മുസ്‌ലിം ലീഗ് മുമ്പെങ്ങുമില്ലാത്ത വിധംഅകത്ത് നിന്നുള്ള ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാവുകയാണ്. പല പല ചോദ്യമുനകള്‍. ‘അടിയന്‍ ലച്ചിപ്പോം’ എന്ന മട്ടില്‍ ചാടി വീണ് മുസ്‌ലിം ലീഗിന് പ്രതിരോധം തീര്‍ക്കേണ്ട പ്രസ്ഥാനമേതാ? സമസ്ത.
അതുകൊണ്ട് പ്രിയപ്പെട്ട സമസ്തക്കാരെ, ദൈവത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ ഒരു ആകുലതയും സാധാരണ മുസ്‌ലിം ജനവിഭാഗത്തിനില്ല. പള്ളിയില്‍ പോകേണ്ടവര്‍ പോകുന്നു, പോകാത്തവര്‍ പഴയ പോലെ പോകുന്നുമില്ല. നിസ്‌കരിക്കാന്‍ ആളില്ലാത്തതു കൊണ്ട് കേരളത്തില്‍ ഒരു പള്ളിയും പൂട്ടിപ്പോയിയിട്ടുമില്ല. ഒരു ജുമുഅക്ക് ഉള്ള പകുതി ആളുകള്‍ പോലും യുക്തിവാദ സംഘടനകളുടെ സംസ്ഥാന സമ്മേളനത്തിന് പോലും ഉണ്ടാകാറില്ല. അത്രയും തിക്കിത്തിരക്കാണ് മുസ്‌ലിം പള്ളികളില്‍.
എന്നിട്ടും, യുക്തിവാദത്തിനും കമ്യൂണിസത്തിനുമെതിരെയുള്ള ഈ ക്യാംപയിന് മേല്‍പറഞ്ഞ കാരണങ്ങള്‍ കൂടാതെ മറ്റൊരു കാരണം കൂടിയുണ്ട്, പിണറായി സര്‍ക്കാറിന്റെ ഭരണത്തുടര്‍ച്ച. ഇങ്ങനെ എല്ലാവരെയും പോലെ മുസ്‌ലിങ്ങളും ചിന്തിച്ചാല്‍ മുസ്‌ലിം ലീഗ് എന്തിനാ? സമസ്ത എന്തിനാ? അങ്ങനെ വെറുതെ വിടാന്‍ പറ്റുമോ ഈ ചിന്തിക്കുന്ന മുസ്‌ലിങ്ങളെ?
ലേഖനത്തിന്റെ തുടക്കത്തില്‍ ഉള്ള തമാശ സമസ്ത പണ്ഡിതന്മാര്‍ ഓര്‍ക്കുന്നത് നല്ലത്. മതത്തിലെ ആശങ്കാകുലമായ മൗലിക വാദങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ലോകം മുസ്‌ലിങ്ങളോട് ആവശ്യപ്പെടുന്ന കാലമാണിത്. നിങ്ങള്‍ താലിബാനെതിരെ സംസാരിക്കൂ.