| Thursday, 22nd October 2020, 5:00 pm

മതേതര സ്വഭാവം നഷ്ടമാകും; വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ സമസ്തയും മുജാഹിദും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യുഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ പ്രതിഷേധവുമായി സമസ്തയും മുജാഹിദ് വിഭാഗവും രംഗത്ത്.

സമസ്ത, മുജാഹിദ് നേതാക്കള്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ കണ്ട് എതിര്‍പ്പ് അറിയിച്ചു. യു.ഡി.എഫ് യോഗത്തിന് മുന്നോടിയായാണ് എതിര്‍പ്പ് അറിയിച്ച് സംഘടനകള്‍ രംഗത്തെത്തിയത്.

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരുതലത്തിലുള്ള ധാരണയുമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സമസ്ത, മുജാഹിദ് നേതൃത്വം പി.കെ കുഞ്ഞാലിക്കുട്ടിയെ കണ്ടത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ലീഗിന്റെ മതേതര സ്വഭാവം നഷ്ടപ്പെടുത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് സാമുദായിക പാര്‍ട്ടിയാണെങ്കിലും അതിന് മതേതര മുഖമുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാ മി മതമൗലികവാദ നിലപാടുള്ളവരും ഇന്ത്യന്‍ ജനാധിപത്യത്തെ തള്ളിപ്പറഞ്ഞവരുമാണ്. ഇവരുമായി സഖ്യമുണ്ടാക്കുന്നത് മുസ്‌ലിം ലീഗിന്റെ മതേതര നിലപാടിനെ കളങ്കപ്പെടുത്തുമെന്ന് സമസ്ത നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

വിവിധ മുജാഹിദ് ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘവും കുഞ്ഞാലിക്കുട്ടിയെ കണ്ട് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരുതരത്തിലുള്ള ധാരണയുമില്ലെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചതായി സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ന്യൂസ് 18നോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Samastha and Mujahideen Against Welfare Party

We use cookies to give you the best possible experience. Learn more