| Saturday, 23rd February 2019, 2:14 pm

മുസ്‌ലിം ലീഗ് സമ്മേളനത്തില്‍ ഗാനമേളയില്‍ സ്ത്രീകള്‍ പാട്ടുപാടിയതിനെതിരെ സമസ്ത: അനിസ്‌ലാമികമെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുസ്‌ലിം ലീഗിന്റെ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളകളില്‍ സ്ത്രീകള്‍ പാട്ടുപാടിയതിനെതിരെ സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ ഇ.കെ വിഭാഗം. സ്ത്രീകള്‍ വേദിയില്‍ പാടിയത് അനിസ്‌ലാമികമാണെന്നാണ് സമസ്തയുടെ ആരോപണം. ഇതിനോടുള്ള എതിര്‍പ്പ് ലീഗ് നേതാക്കളെ സമസ്ത അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച മുതലാണ് മുസ്‌ലിം ലീഗിന്റെ മലപ്പുറം ജില്ലാ സമ്മേളനം തുടങ്ങിയത്. എല്ലാ ദിവസവും രാത്രിയില്‍ ഗാനമേളകളും മറ്റും നടത്തിയിരുന്നു. ഇതില്‍ സ്ത്രീകള്‍ പങ്കെടുക്കുകയും പാട്ടുപാടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സമസ്ത രംഗത്തുവന്നത്.

“ഇസ്‌ലാമികമായ ചില ഗാനങ്ങളും ബുര്‍ദപോലുള്ള സംഗതികളും അതൊന്നും അനിസ്‌ലാമികമല്ല. ഇസ്‌ലാമിന്റെ പരിധിക്ക് അപ്പുറം പോകുന്ന, സ്ത്രീകള്‍ പരസ്യമായി വേദിയില്‍ കയറുക, ഡാന്‍സ് കളിക്കുക എന്ന കാര്യങ്ങളൊക്കെ വരുമ്പോഴാണ് സ്വാഭാവികമായും അതൊരു അനിസ്‌ലാമികതയിലേക്കു പോകുന്നത്. ഇസ്‌ലാമികത കാത്തുസൂക്ഷിക്കാന്‍ അതിന്റെ നേതാക്കള്‍ ശ്രമിക്കുമെന്നാണ് കരുതുന്നത്.” എന്നാണ് സംഭവത്തെക്കുറിച്ച് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത്.

Also read:ബി.ജെ.പിക്ക് എന്തിനും ഏതിനും മിസ്റ്റര്‍ മോദിയുണ്ടല്ലോ: ഡി.എസ് ഹൂഡയുടെ നിയമനത്തെ പരിഹസിച്ച ബി.ജെ.പി നേതാക്കള്‍ക്ക് ചിദംബരത്തിന്റെ മറുപടി

ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കോണ്‍ഫറന്‍സില്‍ പാണക്കാട് സാദിഖലി തങ്ങളുടെ സാന്നിധ്യത്തില്‍ സമസ്ത നേതാക്കള്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

സ്ത്രീകള്‍ ഇത്തരം പരിപാടികളിലൊന്നും പങ്കെടുക്കുന്നത് താല്‍പര്യമില്ലാത്തവരാണ് സമസ്തയെന്നും അതാവും സൂചിപ്പിച്ചതെന്നുമാണ് സംഭവത്തെക്കുറിച്ച് മുസ്‌ലിം ലീഗ് നേതാവ് അഡ്വ. യു.എ ലത്തീഫ് പ്രതികരിച്ചത്.

We use cookies to give you the best possible experience. Learn more