| Monday, 7th December 2020, 11:17 am

ജമാഅത്തെ ഇസ്‌ലാമി സ്വയം രാഷ്ട്രീയ പാര്‍ട്ടിയാകാതെ ഇറക്കിയ ഡമ്മിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി: സമസ്ത വിദ്യാര്‍ത്ഥി വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത വിദ്യാര്‍ത്ഥി വിഭാഗം. ജമാഅത്തെ ഇസ്‌ലാമിയുടെ തീരുമാനപ്രകാരം രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് വെല്‍ഫെയറെന്നും എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന തന്ത്രമാണ് ജമാഅത്തെ സ്വീകരിക്കുന്നതെന്നും സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) പറയുന്നു.

എസ്.കെ.എസ്.എസ്.എഫിന്റെ മുഖപത്രമായ സത്യധാരയില്‍ ‘വെല്‍ഫെയര്‍ പാര്‍ട്ടി: ഒരു കപട ഹൃദയമുണ്ടെന്നതാണ് പരാജയം’ എന്ന ലേഖനത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കും ജമാഅത്തെക്കുമെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. പി.കെ സലാം, ഇജാസ് ഹസനൈന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയിരിക്കുന്ന ലേഖനത്തില്‍ ജമാഅത്തെയുടെ ഡമ്മി മാത്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെന്നും പറയുന്നു.

‘പാകിസ്ഥാന്‍, ബംഗ്ലാദേശ്, കശ്മീര്‍ എന്നിവിടങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിക്കുന്നു. ഇവിടെയെല്ലാം ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ത്തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളിയാണ്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സ്വയം രാഷ്ട്രീയപാര്‍ട്ടിയാകാതെ ഡമ്മിയെ ഇറക്കി. അതാണ് വെല്‍ഫെയര്‍ പാര്‍ട്ടി.’ – ലേഖനത്തില്‍ പറയുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി-ജമാത്തെ ഇസ്‌ലാമി ബന്ധം മറച്ചുവെക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തെ പൈശാചികം (താഗൂത്തി) എന്നു വിളിച്ച മൗദൂദി ശിഷ്യന്മാരുടെ കാപട്യവും തന്ത്രവുമാണെന്നും ലേഖനത്തില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.

‘രാജ്യം സ്വതന്ത്രമാകുമ്പോള്‍ ജനാധിപത്യവും മതേതരത്വവും നിരാകരിച്ചവരാണ് ജമാഅത്തെ ഇസ്‌ലാമിക്കാര്‍. ഇസ്‌ലാമിക ഭരണകൂടത്തിനായാണ് അവര്‍ നിലകൊണ്ടത്. ഖുര്‍ആനും നബിചര്യയും ഉദ്ധരിച്ചാണ് ഇസ്‌ലാമിക രാഷ്ട്രമാര്‍ഗം സ്ഥാപിക്കാന്‍ മൗദൂദി ലക്ഷ്യമിട്ടത്. ബഹുഭൂരിപക്ഷം മുസ്‌ലിങ്ങളും ഇതിന്റെ പൊള്ളത്തരം ചൂണ്ടിക്കാട്ടിയിരുന്നു,’ ലേഖകന്‍ പറയുന്നു.

പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ ഇന്ത്യയില്‍ നാള്‍ക്കുനാള്‍ മോശമായി വരുമ്പോഴാണ് ജമാഅത്തെ ഇസ്‌ലാമിക്ക് ഇതെല്ലാം ഹറാമില്‍ നിന്ന് ഹലാലും പിന്നീട് പഥ്യവും ആയത്. മരണാസന്നഘട്ടത്തിലെ ശവത്തെ വാരിപ്പുണരുന്ന സ്ഥിതിയിലാണവരെന്നും ലേഖനത്തില്‍ പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി-മുസ്‌ലിം ലീഗ്-യു.ഡി.എഫ് സഖ്യവും സീറ്റ് വിഭജനവും വിവാദങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുന്ന സമയത്താണ് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗം വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ തന്നെ സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ വിഷയത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മുസ്‌ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണെന്നും അതിനാല്‍ അക്കാര്യങ്ങളില്‍ ഇടപെടില്ലെന്നും പറഞ്ഞ അദ്ദേഹം സഖ്യത്തിന്റെ ഗുണം അനുഭവിക്കുന്ന ലീഗ് തന്നെ അതിന്റെ ദോഷവും അനുഭവിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു.

‘ വെല്‍ഫെയറുമായുളള ലീഗ് കൂട്ടുകെട്ട് തെരഞ്ഞെടുപ്പില്‍ ജയിക്കാനുളള നീക്ക്പോക്കായിരിക്കും. ജമാഅത്തിന്റെ നയത്തോട് യോജിക്കില്ലായിരിക്കും. ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനം ലീഗിനുണ്ടാകുമെന്ന് കരുതുന്നില്ല. സഖ്യത്തിലെ തകരാര്‍ ജനം ചൂണ്ടിക്കാട്ടിയാല്‍ മറുപടി പറയാന്‍ ലീഗിന് കഴിയണം. അതുകൊണ്ടുതന്നെ സഖ്യത്തെക്കുറിച്ച് ആക്ഷേപം ഉയര്‍ന്നാല്‍ തരണം ചെയ്യേണ്ടതും ലീഗ് തന്നെയാണ്. വെല്‍ഫെയറുമായുളള സഖ്യത്തിന്റെ ഗുണവും ദോഷവും ലീഗ് തന്നെ അനുഭവിക്കണം,’ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

മുസ്‌ലിം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ല. അതുകൊണ്ടുതന്നെ മതസംഘടന എന്ന നിലയില്‍ ജമാഅത്തെയോട് സമസ്തയ്ക്ക് എതിര്‍പ്പുണ്ട്. മതരാഷ്ട്രവാദത്തോടും ദൈവരാജ്യത്തോടും യോജിപ്പില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Samastha against Welfare Party and Jamaat-e-Islami, and Legaue – Welfare Party alliance

We use cookies to give you the best possible experience. Learn more