| Wednesday, 12th February 2020, 7:15 pm

'അറപ്പുളവാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ബഹുസ്വരതയുടെ സൗന്ദര്യം കളങ്കപ്പെടുത്തി'; ജമാഅത്തെഇസ്‌ലാമിക്കും എസ്.ഡി.പി.ഐക്കുമെതിരെ സമസ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പിയേയും വിമര്‍ശിച്ച് സമസ്ത.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ നുഴഞ്ഞുകയറി അറപ്പുളവാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ബഹുസ്വരതയുടെ സൗന്ദര്യം കളങ്കപ്പെടുത്താന്‍ മത്സരിക്കുകയായിരുന്നു എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളെന്നാണ് സമസ്തയുടെ കുറ്റപ്പെടുത്തല്‍.

സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ എഴുതിയ ലേഖനത്തിലാണ് പൗരത്വ സമരത്തില്‍ സ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകള്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ ജനാധിപത്യ- മതേതര കക്ഷികള്‍ ഒന്നിക്കുമ്പോള്‍ മുസ് ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും ഒറ്റപ്പെടുത്താനും വേട്ടക്കാര്‍ക്ക് ഇരകളാക്കി പാകപ്പെടുത്തിക്കൊടുക്കാനും സഹായിക്കുകയായിരുന്നു ഈ വികാരജീവികളെന്ന് ‘കാക്കിക്കുള്ളിലെ കാവിയും സമരങ്ങളുടെ ഭാഷയും’ എന്ന ലേഖനത്തില്‍ പറയുന്നു.

ഇന്ത്യയെ സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും തകര്‍ത്ത പൗരത്വ നിഷേധത്തിന് എതിരായി ഇന്ത്യന്‍ മനസ്സ് ഒന്നിക്കേണ്ട ഘട്ടത്തില്‍ ജാഥകളില്‍ നുഴഞ്ഞുകയറി നാല് തെറി വിളിക്കുന്ന രാഷ്ട്രീയം തിരുത്തപ്പെടേണ്ട നെറികേട് തന്നെയാണ്.

വാടക പ്രഭാഷകരെ വച്ച് തെരുവുകളില്‍ നടത്തിയ പ്രസംഗങ്ങള്‍ സാമുദായിക ഭദ്രത തകര്‍ക്കുന്നതിനാണ് ഉപയോഗപ്പെടുത്തിയത്. സൗഹൃദത്തിന്റെ കൂട്ടായ്മക്ക് മാത്രമേ ഇന്ത്യ നേരിടുന്ന വെല്ലുവിളി നേരിടാനാകൂ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മതപരമായ സ്വത്വബോധത്തെ ആസ്പദമാക്കി രാഷ്ട്രീയരംഗത്ത് ഇറങ്ങുന്നവര്‍ ജനസമൂഹങ്ങളുടെ സ്വത്വ ബഹുത്വത്തെ നിരാകരിക്കുന്നത് നൈതികത നിഷേധിക്കലാണെന്നും എല്ലാ മത വിഭാഗങ്ങള്‍ക്കും അവരുടേതായ സ്വത്വബോധമുണ്ടെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

പരസ്പരം മാനിക്കാനും വിലമതിക്കാനും മനസ്സുണ്ടാവണം. ഇത്തരം തീവ്ര സ്വത്വവാദ സംഘടനകള്‍ക്ക് സൃഷ്ടിപരമായി ബഹുസ്വര സമൂഹത്തില്‍ ഇടംനേടാന്‍ സാധിച്ചില്ല. മതനിരപേക്ഷ- ജനാധിപത്യ വിശ്വാസികളെ അണിനിരത്തിയ ജാഥകളും സമ്മേളനങ്ങളും അലങ്കോലപ്പെടുത്തി അപമാനിക്കാനാണ് ഇവര്‍ സമയം കണ്ടെത്തിയത്. ഇന്ത്യയുടെ വൈരുധ്യങ്ങളും വൈവിധ്യങ്ങളും പരിഗണിച്ചും മാനിച്ചും നിലനിര്‍ത്തിയും വേണം എല്ലാ സ്വത്വബോധവും പ്രകടിപ്പിക്കേണ്ടതെന്ന അടിസ്ഥാന ആശയവും ഉള്‍ക്കൊള്ളാനായില്ലെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

ഭാരതത്തിന്റെ ക്ഷുഭിതയൗവനം ഭാവി പ്രതീക്ഷയാണെന്നും അവിടെ നുഴഞ്ഞുകയറി ഈ മഹത്തായ ധര്‍മ പോരാട്ടത്തെ കളങ്കപ്പെടുത്തുന്നത് മാപ്പര്‍ഹിക്കാത്ത ചരിത്ര അപരാധമല്ലാതെ മറ്റെന്താണെന്നും ലേഖനം ചോദിക്കുന്നു. പൗരത്വ നിയമ ഭേദഗതി മുസ്‌ലിമിനെ മാത്രം ബാധിക്കുന്ന വിഷയമല്ല. പൊലീസ് വര്‍ഗീയത ശക്തി പ്രാപിക്കുകയാണെന്നും ലേഖനം വിമര്‍ശിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more