തിരുവനന്തപുരം: സുപ്രഭാതം പത്രത്തിനും സമസ്താ നേതാക്കള്‍ക്കുമെതിരായ പ്രസ്താവനയില്‍ ബഹാവുദ്ദീന്‍ നദ്‌വിക്ക് സമസ്തയുടെ കാരണം കാണിക്കല്‍ നോട്ടീസ്. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
സുപ്രഭാതത്തിന് നയം മാറ്റം സംഭവിച്ചെന്നായിരുന്നു പത്രത്തിന്റെ ചീഫ് എഡിറ്റര്‍ കൂടി ആയ നദ്‌വി നടത്തിയ പ്രസ്താവന. അടുത്തിടെയാണ് സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനം നടന്നത്. പരിപാടിയില്‍ ബഹാവുദ്ദീന്‍ നദ്‌വി പങ്കെടുത്തിരുന്നില്ല.
തുടര്‍ന്ന് എന്തുകൊണ്ടാണ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്ന് വിശദീകരിച്ച് നദ്‌വി രംഗത്തെത്തുകയായിരുന്നു. സുപ്രഭാതത്തിന് അടുത്തകാലത്തായി ചെറിയ തോതില്‍ നയം മാറ്റമുണ്ടായി. അതിനാലാണ് താന്‍ പരിപാടിയില്‍ നിന്ന് വിട്ട് നിന്നതെന്ന് നദ്‌വി പറഞ്ഞു.
സമസ്തയുടെ പണ്ഡിത സഭയില്‍ ഈ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്തക്കെതിരെയും സുപ്രഭാതത്തിനെതിരെയും നടത്തിയ ഈ പരസ്യ പ്രസ്താവനയാണ് നദ്‌വിക്ക് നോട്ടീസ് അയച്ചതിന്റെ കാരണം. നേതാക്കള്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ വിശദീകരണം നല്‍കണമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
അടുത്തിടെ, സുപ്രഭാതം ഗള്‍ഫ് എഡിഷന്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും ക്ഷണം ലഭിച്ചെങ്കിലും ആരും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. സംസ്ഥാന കമ്മറ്റി യോഗം നടക്കുന്നതിനാല്‍ വരാനാകില്ലെന്നാണ് ഇരു പാര്‍ട്ടികളും നല്‍കിയ വിശദീകരണം.
അടുത്തിടെ, എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പരസ്യം സുപ്രഭാത്തിന്റെ ഒന്നാം പേജില്‍ നല്‍കിയതും വലിയ വിവാദമായിരുന്നു. പിന്നാലെ സമസ്തയും ലീഗും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരസ്യമാക്കി നേതാക്കളും രംഗത്തെത്തി. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമാണ് സമസ്തയും ലീഗും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് സമസ്തയുടെ ആഗ്രഹമെന്നും സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം അടുത്തിടെ പറഞ്ഞിരുന്നു.
Content Highlight: Samastha against leader Bahaudeen Nadwi