കാന്തപുരത്തിന് ഗ്രാന്റ് മുഫ്തി പദം ലഭിച്ചെന്നത് വ്യാജ അവകാശവാദം; വാര്‍ത്താസമ്മേളനത്തില്‍ തെളിവുയര്‍ത്തിക്കാട്ടി ഇ.കെ സമസ്ത
Kerala
കാന്തപുരത്തിന് ഗ്രാന്റ് മുഫ്തി പദം ലഭിച്ചെന്നത് വ്യാജ അവകാശവാദം; വാര്‍ത്താസമ്മേളനത്തില്‍ തെളിവുയര്‍ത്തിക്കാട്ടി ഇ.കെ സമസ്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th April 2019, 3:10 pm

 

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ക്ക് അഖിലേന്ത്യാ ഗ്രാന്റ് മുഫ്തി പദവി ലഭിച്ചെന്ന അവകാശവാദം വസ്തുതാവിരുദ്ധമെന്ന് സമസ്ത. കഴിഞ്ഞവര്‍ഷം അന്തരിച്ച ഗ്രാന്റ് മുഫ്തി അഖ്തര്‍ റസാഖാന്റെ ഔദ്യോഗിക പിന്‍ഗാമിയായി മകന്‍ മുഫ്തി അസ്ജാദ് റസാഖാനെയാണ് നിയമിച്ചത്. ഇതിന്റെ ഔദ്യോഗിക രേഖയുള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് സമസ്ത നേതാക്കള്‍ കാന്തപുരത്തിനെതിരെ ആരോപണം ഉന്നയിച്ചത്.

കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലായിരുന്നു സമസ്ത നേതാക്കള്‍ ഇത്തരമൊരു ആരോപണം ഉയര്‍ത്തിയത്. കാന്തപുരത്തെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചെന്ന അവകാശവാദം വന്നതിനു പിന്നാലെ സമസ്തയുടെ മൂന്ന് പണ്ഡിതരുള്‍പ്പെട്ട സമിതിയെ വടക്കേ ഇന്ത്യയിലേക്ക് അയച്ചെന്നും ഇവര്‍ നടത്തിയ അന്വേഷണത്തില്‍ എ.പി വിഭാഗത്തിന്റെ അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞെന്നുമാണ് സമസ്ത നേതാക്കള്‍ ആരോപിക്കുന്നത്.

‘ഫെബ്രുവരി 24നാണ് രാം ലീലാ മൈതാനിയില്‍ കേരളത്തിലെ ഒരു വിദ്യാര്‍ഥി സംഘടന സംഘടിപ്പിച്ച സമ്മേളനത്തില്‍വെച്ച് അഖിലേന്ത്യാ ഗ്രാന്റ് മുഫ്തിയെന്ന പദവി നല്‍കപ്പെട്ടത്, നല്‍കപ്പെട്ടതായി അവര്‍ അവകാശപ്പെടുന്നത്. അപ്പോള്‍ തന്നെ അത് അവിശ്വസനീയമാണ് എന്ന സംശയം ഉണ്ടായിരുന്നു. കാരണം കേരളത്തിലുള്ള പണ്ഡിതന്മാര് പ്രത്യേകിച്ച് സമസ്ത ശാഫി മസ്ഹബാണ്. വടക്കേ ഇന്ത്യയിലുള്ള കോടിക്കണക്കിന് മുസ്‌ലീങ്ങള്‍ ഹനഫി മസ്ഹബുമാരാണ്. ഹനഫി മസ്ഹബിലുള്ള ആളുകള് ശാഫി മസ്ബഹിലുള്ള ആളുകളെ ഗ്രാന്റ് മുഫ്തിയാക്കില്ലെന്ന സത്യം, അങ്ങനെയാണ് സമസ്ത ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയത്. ‘ എന്ന മുഖവുരയോടെയാണ് നേതാക്കള്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

ഉത്തരേന്ത്യയിലെ വിവിധ ഇസ്‌ലാം മത സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന ജമാഅത്ത് റസായെ മുസ്തഫയുടെ കത്താണ് സമസ്ത തെളിവായി ഉയര്‍ത്തിക്കാട്ടിയത്. അതിന്റെ വൈസ് പ്രസിഡന്റ് ഹസന്‍ ഖാന്‍ ഒപ്പിട്ട കത്ത് ഈ അവകാശവാദം വ്യാജമാണെന്ന് തെളിയിക്കുന്നുണ്ടെന്നാണ് സമസ്ത നേതാക്കള്‍ പറയുന്നത്.

കൂടാതെ ഗ്രാന്റ് മുഫ്തിയ്ക്ക് തലപ്പാവ് അണിയിച്ചു കൊടുക്കുന്നുവെന്ന തരത്തില്‍ എ.പി വിഭാഗം പ്രചരിപ്പിച്ച ഫോട്ടോയില്‍ തലപ്പാവ് അണിയിച്ച വ്യക്തി ഇത് നിഷേധിച്ചിട്ടുണ്ടെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.

‘ജാമിയ നൂറിയ റസ്‌വിയയിലെ മന്നാന്‍ ഖാന്‍ റസ്‌വിയെന്നു പണ്ഡിതനാണ് തലപ്പാവ് അണിയിച്ചത്. അദ്ദേഹം ഇതില്‍ പറയുന്നത് ഞാന്‍ അദ്ദേഹത്തെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചിട്ടില്ലയെന്നാണ്. നമ്മുടെ നാട്ടില്‍ പൊന്നാട അണിയിച്ചു കൊടുക്കുംപോലെ അവരുടെ നാട്ടില്‍ ചെയ്യുന്നതാണ് തലപ്പാവ് ധരിപ്പിക്കല്‍.’ സമസ്ത നേതാക്കള്‍ വിശദീകരിക്കുന്നു.