യത്തീംഖാനകള്‍ ബാലനീതി നിയമത്തിന്റെ പരിധിയില്‍: സമസ്ത സമര്‍പ്പിച്ച ഹരജികള്‍ സുപ്രീംകോടതി പ്രത്യേകം പരിഗണിക്കും
Kerala News
യത്തീംഖാനകള്‍ ബാലനീതി നിയമത്തിന്റെ പരിധിയില്‍: സമസ്ത സമര്‍പ്പിച്ച ഹരജികള്‍ സുപ്രീംകോടതി പ്രത്യേകം പരിഗണിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st December 2019, 3:10 pm

ന്യൂദല്‍ഹി: യത്തീംഖാനകളെ ബാലനീതി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെതിരെ സമസ്ത സമര്‍പ്പിച്ച ഹരജികള്‍ പ്രത്യേകം പരിഗണിക്കാന്‍ സുപ്രീംകോടതിയുടെ തീരുമാനം.

ബാല നീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നത് യത്തീംഖാനകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കാണിച്ചാണ് സമസ്ത സുപ്രീം കോടതിയെ സമീപിച്ചത്. ഇങ്ങനെയൊരു രജിസ്‌ട്രേഷന്‍ വന്നാല്‍ യത്തീംഖാനകള്‍ അടച്ചിടേണ്ടി വരുമെന്നും സമസ്തയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് ദീപക് ഗുപ്തയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹരജികള്‍ പ്രത്യേകം പരിഗണിക്കാന്‍ തീരുമാനിച്ചത്.

ബാലനീതി നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ശിശുക്ഷേമ സ്ഥാപനത്തിന്റെ പരിധിയില്‍ തങ്ങള്‍ വരില്ലെന്ന് വ്യക്തമാക്കി തോട്ടമുഖം ആനന്ദ്ഭവന്‍ നല്‍കിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2015ലെ ബാലനീതി നിയമ പ്രകാരം ശിശുക്ഷേമ സ്ഥാപനങ്ങളായി അനാഥാലയങ്ങളെ രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കാന്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് 2017ല്‍ ഉത്തരവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന യത്തീംഖാനകള്‍ അടക്കമുള്ള അനാഥാലയങ്ങള്‍ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ഈ ഉത്തരവിനെതിരെ സമസ്ത സുപ്രീംകോടതിയില്‍ പുനപ്പരിശോധന ഹരജി നല്‍കിയിരുന്നു. എന്നാല്‍ പൊതുതാല്‍പ്പര്യ ഹരജികളില്‍ വിധി പ്രഖ്യാപിച്ചതിനാല്‍ സമസ്തയുടെ ഹരജി പ്രത്യേകമായി ലിസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്നാണ് മുന്‍ ഉത്തരവില്‍ ഭേദഗതിയും വ്യക്തതയും ആവശ്യപ്പെട്ട് സമസ്ത സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.

അനാഥാലയങ്ങളില്‍ താമസക്കാരായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ശ്രദ്ധയും പരിചരണവും നല്‍കുന്നെന്ന് ഉറപ്പാക്കാനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ നടപ്പിലാക്കിയത്.

കുട്ടികള്‍ക്ക് ആനുപാതികമായി നിശ്ചിത എണ്ണം ജോലിക്കാര്‍, അധ്യാപകര്‍, കെയര്‍ ടേക്കര്‍, ഡോക്ടര്‍, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ സേവനം ഉറപ്പാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ പറഞ്ഞിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.ജെ ആക്ട് പ്രകാരം നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ, ശ്രദ്ധയും സംരക്ഷണവും ആവശ്യമായതോ നിയമവുമായി പൊരുത്തപ്പെടാത്തതോ ആയ കുട്ടികളെ താമസിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.