മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റ്, സര്‍ക്കാരിന്റെത് സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന സമീപനം; പ്രക്ഷോഭത്തിനൊരുങ്ങി സമസ്ത
Kerala News
മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റ്, സര്‍ക്കാരിന്റെത് സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന സമീപനം; പ്രക്ഷോഭത്തിനൊരുങ്ങി സമസ്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th October 2020, 6:31 pm

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നാക്ക സംവരണത്തിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. നവംബര്‍ 2 ന് കോഴിക്കോട് നേതൃസംഗമവും അവകാശ പ്രഖ്യാപനവും നടത്തും. കേരളത്തിലെ 80 ശതമാനത്തോളം വരുന്ന പിന്നാക്ക വിഭാഗത്തിന്റെ അവകാശ സംരക്ഷണ പോരാട്ടത്തിനോട് സമസ്തയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും സമസ്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി സമസ്ത നേതാക്കള്‍ ഉടന്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കാണുമെന്നും, നവംബര്‍ ആറിന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പത്ത് ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ സമസ്ത അറിയിച്ചു.

മേഖലാ തലങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അവകാശ പ്രഖ്യാപന സംഗമങ്ങളും ലഘുലേഖാ വിതരണവും നടക്കുമെന്നും സമസ്ത പറഞ്ഞു.

കോടതികളില്‍ നല്‍കിയ കേസുകള്‍ കഴിയുന്നത് വരെ മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടപ്പിലാക്കിയ എല്ലാ നടപടി ക്രമങ്ങളും മരവിപ്പിക്കണമെന്നാണ് സമസ്തയുടെ ആവശ്യം. മുന്നാക്ക സംവരണത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റാണെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

നിരന്തരമായ പോരാട്ടത്തിലൂടെ പിന്നാക്ക വിഭാഗങ്ങള്‍ നേടിയെടുത്ത സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സവര്‍ണ്ണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പേര് പറഞ്ഞ് അധികാരസ്ഥാനങ്ങള്‍ അന്യായമായും അനര്‍ഹമായും തട്ടിയെടുക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥ പിന്‍ബലത്തോടെ നടക്കുന്നത്. പതിറ്റാണ്ടുകളായി ഈ അനീതി നടന്നു കൊണ്ടിരിക്കുന്നെന്നും സമസ്തയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

യാതൊരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കക്കാര്‍ക്കെന്ന പേരില്‍ 10% സംവരണം നടപ്പിലാക്കുന്നത്.ഭരണഘടനയുടെയും നീതിയുടെയും അന്തസ്സത്തക്ക് ഒട്ടും നിരക്കാത്തതാണ് ഈ നടപടിയെന്നും സമസ്ത പറഞ്ഞു.

സുപ്രീം കോടതിയില്‍ വ്യവഹാരം നിലനില്‍ക്കുന്ന ഈ വിഷയത്തില്‍ അതിന്റെ അന്തിമ തീര്‍പ്പിനു പോലും കാത്തിരിക്കാതെ ഇത്ര ധൃതിപ്പെട്ട് കേരളത്തില്‍ മാത്രം നടപ്പിലാക്കിയത് ദുരൂഹമാണ്. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന അടിയന്തിര വിഷയങ്ങളില്‍ പോലും ഉദാസീനതയും കാലവിളംബവും കാണിക്കുന്ന നാട്ടില്‍ ഈ നടപടിക്രമങ്ങള്‍ക്കു മാത്രം കാണുന്ന വേഗത അത്ഭുതപ്പെടുത്തുന്നതാണ്.

ജനസംഖ്യാനുപാതിക പ്രാതിനിധ്യമില്ലെന്നത് പോകട്ടെ അനുവദിക്കപ്പെട്ട നാമമാത്രമുള്ളത് പോലും പിന്നോക്കക്കാര്‍ക്ക് കിട്ടിയിട്ടില്ല.നരേന്ദ്ര കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ബാക്ക് ലോഗ് നികത്തല്‍ ഇന്നും മരീചികയായിക്കിടക്കുന്നെന്നും സമസ്ത പറഞ്ഞു.

സമസ്ത ഉന്നയിച്ച ആവശ്യങ്ങള്‍,

1. പുതുതായി പ്രഖ്യാപിച്ച 10% മുന്നോക്ക സാമ്പത്തിക സംവരണം സംബന്ധിച്ച് സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമുള്ള കേസുകള്‍ കഴിയുന്നത് വരെ ഇത് സംബന്ധമായി കേരളത്തില്‍ നടപ്പിലാക്കിയ എല്ലാ നടപടിക്രമങ്ങളും മരവിപ്പിക്കുക.

2, നരേന്ദ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലും പാലൊളി കമ്മീഷന്‍ റിപ്പോര്‍ട്ടിലും നിര്‍ദ്ദേശിക്കപ്പെട്ട ബാക്ക് ലോഗ് നികത്തല്‍ ഉടന്‍ നടപ്പിലാക്കുക.

3. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക മായി സംവരണമേര്‍പ്പെടുത്തുക.

4. പിന്നാക്ക വിഭാഗങ്ങളിലെ ഓരോ കക്ഷിക്കും വ്യത്യസ്ത തസ്തികകളില്‍ നീക്കിവെക്കപ്പെട്ട ശതമാനത്തിന്റെ തോത് നിലവില്‍ ഉള്ളതിന്റെ പരമാവധി ആക്കുക.

5. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും Socio Economic ctsa survey നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കുക.

6. സംവരണത്തില്‍ ഉദ്യോഗസ്ഥ ലോബി നടത്തിക്കൊണ്ടിരിക്കുന്ന അട്ടിമറി അവസാനിപ്പിക്കുക.
eg: മെറിറ്റില്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ള ഉദ്യോഗര്‍ത്ഥിയെ സംവരണ ക്വാട്ടയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന അട്ടിമറികള്‍.

തികച്ചും അന്യായമായ നടപടികളാണ് സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പിന്നോക്ക വിഭാഗങ്ങളെ അവഗണിച്ചു കൊണ്ട് ഒരു സര്‍ക്കാരിനും മുന്നോട്ട് പോകാന്‍ കഴിയില്ല. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി പിന്നോക്ക വിഭാഗങ്ങള്‍ ശബ്ദിക്കുമ്പോള്‍ അതിനെ വര്‍ഗീയമായി ചിത്രീകരിച്ച് അരികുവല്‍ക്കരിക്കാനുള്ള ഏതൊരു ശ്രമവും പിന്നാക്ക വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് ചെറുത്തു തോല്‍പിക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും മതിയായ പരിഗണന നല്‍കണം. സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി ആ നിലയിലും സാമൂഹ്യ മായി പിന്നോക്കമുള്ളവര്‍ക്ക് സംവരണം പോലെയുള്ള പദ്ധതികളിലൂടെയും മുമ്പോട്ട് കൊണ്ട് വരികയാണ് വേണ്ടത്.

Content Highlights: Samastha against economic reservation and state government