കോഴിക്കോട്: മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാണക്കാട് തങ്ങള്‍മാരെ വിലക്കിയിട്ടില്ലെന്ന് സമസ്ത. എന്നാല്‍ ആശയ വ്യതിയാനമുള്ള മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി എന്നിവരുടെ പരിപാടികളില്‍ സമസ്ത ആശയങ്ങള്‍ളുള്ളവര്‍ പങ്കെടുക്കരുതെന്നാണ് നിലപാട് എന്നും സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പറഞ്ഞു. പാണക്കാട് തങ്ങള്‍മാരെ വിലക്കിയെന്നത് മുജാഹിദ് സമ്മേളനത്തിന്റെ പരാജയം മറക്കാനുള്ള ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസ്റ്റ് ശക്തികളെ മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചുവെന്നും സമസ്ത കുറ്റപ്പെടുത്തി.
മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി മാറി. ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുജാഹിദ് സമ്മേളനം ന്യായീകരണം നല്‍കിയെന്നും ഉമര്‍ ഫൈസി മുക്കം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളുടെ പരിപാടികളില്‍ സമസ്തക്കാര്‍ പങ്കെടുക്കാറില്ല.
സമ്മേളനത്തിലേക്ക് പാണക്കാട് കുടുംബാംഗങ്ങളെ ക്ഷണിച്ചത് മുജാഹിദുകളുടെ പാപ്പരത്തത്തിന് തെളിവാണ്,’ ഉമര്‍ ഫൈസി പറഞ്ഞു.
സമസ്ത ആദര്‍ശ സമ്മേളത്തിന്റെ ഭാഗമായിട്ടായിരുന്നു വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുലുലൈലി, സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ജനുവരി എട്ടിന് കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് സമസ്ത ആദര്‍ശ സമ്മേളനം.
Content Highlight: Samasta says Mujahid Conference Justifies Fascist Agendas