കോഴിക്കോട്: ലീഗ് നേതാക്കളുടെ പരസ്യപ്രസ്താവനയില്‍ പ്രതിഷേധവുമായി സമസ്ത. ഉത്തരവാദിത്തപ്പെട്ട ലീഗ് നേതാക്കള്‍ സമസ്ത നേതാക്കളെ പരിഹസിക്കുന്നുവെന്നാണ് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാമിനെതിരെയും വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെയുമാണ് സമസ്ത നേതാക്കളുടെ പരാതി. വാര്‍ത്താസമ്മേളനത്തില്‍ പി.എം.എ. സലാം നടത്തിയ പരാമര്‍ശങ്ങള്‍ക്കും അബ്ദുറഹ്മാന്‍ കല്ലായി കണ്ണൂര്‍ ധര്‍മടത്ത് പൊതുവേദിയില്‍ നടത്തിയ പ്രസ്താവനയുടെയും പശ്ചാത്തലത്തിലാണ് പരാതി.
‘സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെയും ആദരണീയരായ ഉസ്താദുമാരെയും സംഘടന സംവിധാനങ്ങളെയും പൊതുവേദികളിലും സമൂഹ മാധ്യമങ്ങളിലും ലീഗിന്റെ ഉത്തരവാദപ്പെട്ട നേതാക്കള്‍ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നു.
പാര്‍ട്ടിയുടെ ഉത്തരവാദത്തപ്പെട്ടവരില്‍ നിന്ന് നിരന്തരമുണ്ടാകുന്ന ഇത്തരം സമീപനങ്ങള്‍ സുന്നി പ്രസ്ഥാനരംഗത്ത് വളരെയധികം പ്രയാസമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തന്നതിനൊപ്പം സമുദായത്തിന്റെ പൊതുവായ കെട്ടുറപ്പിന് എതിരായ സമീപനങ്ങളില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വിട്ടുനില്‍ക്കാന്‍ നടപടി സ്വീകരിക്കണം,’ സമസ്ത പ്രതിനിധികളുടെ കത്തില്‍ പറയുന്നു.
സമസ്തയുടെയും പോഷക സംഘടനകളുടെയും 21 നേതാക്കള്‍ ഒപ്പിട്ടാണ് പരാതി നല്‍കിയത്. എന്നാല്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ അടക്കമുള്ള സമസ്തയിലെ ലീഗ് അനുകൂലികള്‍ കത്തില്‍ ഒപ്പുവെച്ചിട്ടില്ല.
‘മുഖ്യമന്ത്രിയുടെ ഫോണ്‍കോള്‍ കിട്ടിയാല്‍ എല്ലാമായി എന്ന് വിചാരിക്കുന്ന ആളുകള്‍ നമ്മുടെ സമുദായത്തില്‍ ഉണ്ട്. ഇത്തരമൊരു നയവുമായി (തട്ടം വിവാദം) നീങ്ങുന്ന പാര്‍ട്ടിയോടുള്ള സമീപനം എന്താണെന്ന് അവര്‍ പറയണം,’ പി.എം.എ. സലാം പറഞ്ഞു. പൊതുയോഗത്തില്‍ സമസ്തയുടെ മുഖപത്രം സുപ്രഭാതത്തെ ഇകഴ്ത്തി സംസാരിച്ചതാണ് അബ്ദുറഹ്മാന്‍ കല്ലായിക്കെതിരായ പരാതിക്ക് കാരണം.
Content Highlight: Samasta protested against the announcement of the league leaders