മുശാവറ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല സി.പി.ഐ.എം സെമിനാറില്‍ സമസ്ത പങ്കെടുത്തത്: ബഹാഉദ്ദീന്‍ നദ്‌വി
Kerala News
മുശാവറ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല സി.പി.ഐ.എം സെമിനാറില്‍ സമസ്ത പങ്കെടുത്തത്: ബഹാഉദ്ദീന്‍ നദ്‌വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th July 2023, 3:22 pm

കോഴിക്കോട്: സമസ്ത മുശാവറ യോഗം ചേര്‍ന്നെടുക്കുന്നതാണ് സമസ്തയുടെ തീരുമാനമെന്ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബഹാഉദ്ദീന്‍ നദ്‌വി. അല്ലാതെ പറയുന്ന തീരുമാനങ്ങള്‍ വ്യക്തികളുടെ തീരുമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സമസ്തയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം സി.പി.ഐ.എം നടത്തുന്നുണ്ടോയെന്ന ചോദ്യത്തിന് സമസ്തയെ കൊണ്ട് സി.പി.ഐ.എമ്മിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സമസ്ത പ്രവര്‍ത്തിക്കുന്നതിനെല്ലാം സി.പി.ഐ.എം എതിരാണെന്നും നദ്‌വി പറഞ്ഞു.

‘സെമിനാറുകള്‍ ഇനിയും വരാനിരിക്കുകയാണ്. സമസ്ത മുശാവറ യോഗം ചേര്‍ന്ന് ആലോചിച്ചെടുക്കുന്ന തീരുമാനങ്ങളാണ് സമസ്തയുടെ തീരുമാനം. അല്ലാത്തവ വ്യക്തികളുടെ തീരുമാനമാണ്. സമസ്ത മുശാവറ ചേര്‍ന്നത് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. അതിന് ശേഷം പലരും പലതും പറയുന്നുണ്ടിവിടെ. പക്ഷേ അതെല്ലാം അവരവരുടെ അഭിപ്രായമാണ്.

സമസ്തയെ കൊണ്ട് സി.പി.ഐ.എമ്മിന് ഒന്നും ചെയ്യാന്‍ കഴിയില്ല. സമസ്ത പ്രവര്‍ത്തിക്കുന്നതിനെല്ലാം സി.പി.ഐ.എം എതിരാണ്. ഖുര്‍ആന്‍ ഓതല്‍, മൗലൂദ് ഓതല്‍, മജ്‌ലിസ് നൂറ്, മദ്‌റസ നടത്തല്‍ അതിനൊക്കെ അവര്‍ എതിരാണ്.

മുശാവറ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല സി.പി.ഐ.എം സെമിനാറില്‍ സമസ്ത പങ്കെടുക്കാന്‍ തീരുമാനിച്ചത്. ഇത്തരം വിഷയങ്ങള്‍ വരുമ്പോഴൊക്കെ മുശാവറ കൂടാന്‍ കഴിയില്ലല്ലോ. അപ്പോള്‍ അതിന്റെ നേതൃത്വത്തിലുള്ളവര്‍ കൂടിയാലോചിച്ച് തീരുമാനിക്കുന്നുണ്ടാകും,’ അദ്ദേഹം പറഞ്ഞു.

വ്യക്തിനിയമം മാറ്റത്തിന് വിധേയമല്ലെന്നതില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വ്യക്തികളില്‍ പല കാഴ്ചപ്പാടുകാരുണ്ടാകും. അത് ഏത് മതസ്ഥരാണെങ്കിലുമുണ്ടാകും. എല്ലാ ക്രിസ്ത്യാനിയും ഒരേ വിശ്വാസക്കാരല്ല. എല്ലാ ഹൈന്ദരവും ഒരേ വിശ്വാസക്കാരല്ല. പുരോഗമന അഭിപ്രായമുള്ളവര്‍ അഭിപ്രായം പറയുമ്പോള്‍ ഇവര്‍ മുസ്‌ലിമാണല്ലോ ഇന്ന സംഘടനയുടെ ആളാണല്ലോ എന്നൊക്കെ ജനങ്ങള്‍ വിലയിരുത്തും. അത് ഇസ്‌ലാമിക പരിപ്രേഷ്യമാകണമെന്നില്ല. അത് പറഞ്ഞയാളുടെ അഭിപ്രായമായിരിക്കും.

1970 സെപ്റ്റംബര്‍ 24ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ ഇസ്‌ലാം ആന്റ് മോഡേണ്‍ സൊസൈറ്റിയുണ്ടാക്കി. അതിന് മുമ്പിലും പണ്ഡിതന്മാരും നേതാക്കന്മാരും ഉണ്ടായരുന്നത്. പക്ഷേ മുസ്‌ലിം സമുദായത്തിന്റെ ഒരു പ്രാതിനിത്യവുമുണ്ടായിരുന്നില്ല. ഒരു ഉദാഹരണം പറയുകയാണ് ഞാന്‍. അങ്ങനെ പല സംഭവങ്ങളുമുണ്ടാകും.

ഇസ്‌ലാമിന്റെ കാര്യങ്ങള്‍ ഖുര്‍ആനിലും ഹദീസിലും അധിഷ്ഠിതമാണ്. അത് ദീനുമായി, മതവുമായി പ്രതിബന്ധതയുള്ളയാളുകള്‍ക്ക് കര്‍ശനമായി പിന്തുണക്കണമെന്നുണ്ടാകും. ചെറിയ ചെറിയ സ്വാതന്ത്ര്യമുണ്ടാകണമെന്നുള്ളവരുണ്ടാകും. അത് പതിനാലാം നൂറ്റാണ്ടിന് മുമ്പുള്ളതാണ്, അതുകൊണ്ട് പൂര്‍ണമായ സ്വാതന്ത്ര്യമുണ്ടാകണമെന്നുള്ളവരുമുണ്ടാകും.

ഇരുമ്പുഴിയില്‍ ഒരു ജബ്ബാര്‍ മാഷുണ്ട്. അദ്ദേഹത്തിന് ഒരുപാട് അഭിപ്രായമുണ്ട്. മുസ്‌ലിമിന്റെ പേരാണ്. അയല്‍വാസികളൊക്കെ മുസ്‌ലിമീങ്ങളാണ്. ധാരാളം മുസ്‌ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്. എന്നാല്‍ മൂപ്പര്‍ക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ട്,’ നദ്‌വി പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരെ ആരൊക്കെ പ്രതിഷേധം സംഘടിപ്പിച്ചാലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അവര്‍ക്കൊപ്പം ശക്തമായി കൂടെനില്‍ക്കുമെന്നായിരുന്നു സമസ്ത നേതാവ് മുക്കം ഉമര്‍ ഫൈസി സെമിനാര്‍ വേദിയില്‍ സംസാരിച്ചത്. അതിനെതിരെയാണ് നദ്‌വി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്.

‘ഏക സിവില്‍ കോഡിനെതിരെ ആരൊക്കെ പ്രതിഷേധം സംഘടിപ്പിച്ചാലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അവര്‍ക്കൊപ്പം ശക്തമായി കൂടെനില്‍ക്കുമെന്ന് പ്രസിഡന്റ് ജിഫ്രി തങ്ങള്‍ പ്രഖ്യാപിച്ചതാണ്. അണികളൊക്കെ ആ ഭാഗത്ത് തന്നെയാണ് നില്‍ക്കുന്നത്.

മറ്റ് അപശബ്ദങ്ങളൊന്നും ഇല്ല, ഉണ്ടെങ്കില്‍ അതിനെയൊക്കെ അവഗണിക്കേണ്ടതാണെന്നേ പറയാനുള്ളൂ. ഈ സെമിനാറിനുള്ള എല്ലാ പിന്തുണയും ആശീര്‍വാദവും നല്‍കുന്നു,’ എന്നായിരുന്നു മുക്കം ഉമര്‍ ഫൈസി പറഞ്ഞത്.

അതേസമയം സമസ്ത സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെ തന്നെ എതിര്‍പ്പുമായി നദ്‌വിയെത്തിയിരുന്നു. മൂന്നരപ്പതിറ്റാണ്ട് മുമ്പ് കേരളത്തിലിരുന്ന് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനനുകൂലമായി വാദിച്ചവരാണ് സി.പി.ഐ.എമ്മെന്നായിരുന്നു അന്ന് നദ്‌വി പറഞ്ഞത്.

‘എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഈ നിയമം മുസ്ലിങ്ങളുടെ പ്രശ്‌നം മാത്രമാക്കി മാറ്റാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമിക്കുന്നുണ്ട്. വിവിധ മത-ജാതികളില്‍ ബഹുമുഖ സംസ്‌കാരങ്ങളോടെ ജീവിക്കുന്നവര്‍ക്ക് അവരുടേതായ നിയമക്രമങ്ങള്‍ ഉള്ളതിനാല്‍ സര്‍വ മതസ്ഥരെയും ദലിതുകളെയും ഗോത്ര-ജാതി വിഭാഗങ്ങളെയും സാരമായി ബാധിക്കുന്ന വിഷയമാണിത്.

ഇന്ത്യയുടെ നിലവിലെ നിയമ വ്യവഹാരങ്ങള്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന്, പുതുച്ചേരിയില്‍ ഇപ്പോഴും ഫ്രഞ്ച് നിയമം നിലനില്‍ക്കുന്നു. അതുപോലെ, ഗോവയില്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പോലുള്ള നിയമങ്ങളുമുണ്ട്. മതം, ഭാഷ, സംസ്‌കാരം എന്നിവയുമായി ഇഴചേര്‍ന്നു കിടക്കുന്ന നിയമങ്ങളില്‍ ഇടപെടുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. സര്‍വ്വമതസ്ഥരെയും ഉള്‍ക്കൊള്ളിച്ച് വിവിധ സംസ്‌കാരങ്ങള്‍ക്കുള്ളിലെ അഖണ്ഡതയാണ് നാം വിഭാവനം ചെയ്യേണ്ടത്.

രാജ്യത്തിന്റെ ഐക്യത്തിന് ഹിതകരമല്ലാത്ത ബില്ലിനെതിരെ മുഴുവന്‍ മതേതര-ജനാധിപത്യ വിശ്വാസികളിലും ശക്തമായ ബോധവത്ക്കരണം നടത്തണം. നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനു പകരം ഫാസിസത്തിനെതിരെ ആശയപരമായ പ്രതിഷേധം കൂടി സാധ്യമാക്കേണ്ടതുണ്ട്.

മൂന്നരപ്പതിറ്റാണ്ട് മുമ്പ് കേരളത്തിലിരുന്ന് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനനുകൂലമായി വാദിച്ചവര്‍ ഇപ്പോള്‍ യു.സി.സി ക്കെതിരെ മുതലക്കണ്ണീരൊഴുക്കുന്നതിനു പിന്നിലെ അജണ്ട വേറെയാണ്.
അത്തരക്കാരെ പ്രത്യേകം ജാഗ്രതയോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു,’ എന്നാണ് നദ്‌വി ഫേസ്ബുക്കില്‍ കുറിച്ചത്.

content highlights: Samasta participated in CPIM seminar not based on Mushavara decision: Bahauddin Nadvi