കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. പറ്റിയ തെറ്റ് തിരുത്തുന്നതാണ് മുസ്‌ലിം ലീഗിന് നല്ലതെന്നും ഉമര്‍ ഫൈസി മുക്കം മനോരമ ന്യൂസിനോട് പ്രതികരിച്ചു. എൽ.ഡി.എഫ് നേതാവ് എം.വി. ജയരാജനുമായി നടന്ന കൂടിക്കാഴ്ചയിലുള്ള പി.എം.എ സലാമിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എം.വി. ജയരാജനുമായി നടന്നത് വ്യക്തിപരമായ കൂടിക്കാഴ്ച. ജയരാജന്‍ എത്തിയത് നന്ദി പറയാന്‍. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളും തെരഞ്ഞെടുപ്പും ചര്‍ച്ച ചെയ്തു,’ ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു.
ജയരാജനുമായി ഒരു രാഷ്ട്രീയ ബന്ധവുമില്ല. ഇടതുപക്ഷം നടത്തിയ പല പരിപാടികളിലും പ്രത്യേകിച്ച് സി.എ.എ, ഏകീകൃത സിവില്‍കോഡ് തുടങ്ങിയവയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ പരം ബന്ധങ്ങളൊന്നും ജയരാജനുമായി തനിക്കില്ല. സമസ്തയ്ക്കും രാഷ്ട്രീയമില്ലെന്ന് ഉമര്‍ ഫൈസി പറഞ്ഞു.
സമസ്തക്ക് കോട്ടം വരുത്തുന്ന വിഷയങ്ങളില്‍ മിണ്ടാതിരിക്കില്ലെന്നും പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കാലങ്ങളില്‍ മുസ്‌ലിം ലീഗിന്റെ ഭാഗത്ത് നിന്ന് സമസ്തക്കെതിരെ പ്രചരണങ്ങള്‍ നടക്കുന്നുവെന്ന് ഉമര്‍ ഫൈസി ചൂണ്ടിക്കാട്ടി. കൂടെ നില്‍ക്കുന്ന സമസ്തയെ പുച്ഛത്തോടെ കൈകാര്യം ചെയ്യുന്ന സലാമിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അല്ലാത്തപക്ഷം അത് സമുദായത്തിനും മുസ്‌ലിം ലീഗിനും ദോഷമുണ്ടാക്കും. താന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ മനസിലാക്കേണ്ടത് ലീഗിന്റെ നേതൃത്വമാണെന്നും ഉമര്‍ ഫൈസി പറഞ്ഞു.
ഇതിനുമുമ്പും പി.എം.എ സലാമിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ഉമര്‍ ഫൈസി ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്‌ലിം ലീഗില്‍ പ്രവര്‍ത്തിക്കുന്ന 80 ശതമാനം പ്രവര്‍ത്തകരും സമസ്തക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Samasta Mushavara member Umar Faizi wants PMA Salam, state general secretary of the Muslim League, to be removed from his post