Advertisement
Kerala News
മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും മിശ്രവിവാഹം നടത്തിക്കുന്നു: നാസർ ഫൈസി കൂടത്തായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Dec 06, 08:11 am
Wednesday, 6th December 2023, 1:41 pm

കോഴിക്കോട്: മിശ്രവിവാഹത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയുമാണെന്ന പരാമര്‍ശവുമായി ഇ.കെ സമസ്താ നേതാവ് നാസര്‍ ഫൈസി.

സംഘടനകള്‍ മുസ്‌ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും ഹിന്ദു യുവാക്കളുമായി വിവാഹം നടത്തുകയും ചെയ്യുന്നുവെന്ന് നാസര്‍ ഫൈസി ആരോപിച്ചു. ഈകാര്യത്തില്‍ മഹല്ലുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. കൊയിലാണ്ടിയില്‍ ജില്ലാ സുന്നി മഹല്ല് സാരഥി സംഗമത്തില്‍ സംസാരിച്ചുകൊണ്ടായിരുന്നു നാസര്‍ ഫൈസിയുടെ പരാമര്‍ശം.

മിശ്രവിവാഹം സങ്കര സംസ്‌കാരമാണെന്നും മതേതരത്വത്തിന്റെ ഭാഗമാണെന്നും സോഷ്യല്‍ മീഡിയയിലൂടെ സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും പ്രചരിപ്പിക്കുന്നുവെന്ന് നാസര്‍ ഫൈസി പ്രസംഗത്തില്‍ പറഞ്ഞു.

മുസ്‌ലിങ്ങളെ അമുസ്‌ലിങ്ങളുമായി വിവാഹം ചെയ്യിപ്പിക്കുന്നതിലൂടെയാണ് ഭാരത സംസ്‌കാരവും മത നിരപേക്ഷതയും ഉടലെടുക്കുന്നതെന്ന വാദം തെറ്റാണെന്നും നാസര്‍ ഫൈസി പറഞ്ഞു.

ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി, പത്ര ഓഫീസിലെ ഉദ്യോഗസ്ഥരും നേതാക്കന്മാരുമാണെന്നാണ് നാസര്‍ ഫൈസിയുടെ ആരോപണം. സി.പി.ഐ.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും കുതന്ത്രത്തെ മഹല്ല് ജമാഅത്തുകള്‍ ശക്തമായി പ്രതിരോധിക്കണമെന്നും നാസര്‍ ഫൈസി പറഞ്ഞു.

ഇതിന് മുമ്പേ നാസര്‍ ഫൈസി ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കമ്മ്യൂണിസം സമൂഹത്തില്‍ നിലനില്‍ക്കേണ്ട ആശയമല്ലെന്നും ആശയം ആന്യവല്‍ക്കരിക്കപ്പെട്ടുവെന്നും എസ്.എഫ്.ഐ ക്യാമ്പസുകളില്‍ മത വിരുദ്ധത പ്രചരിപ്പിക്കുണ്ടെന്നുമാണ് നാസര്‍ ഫൈസി ആരോപിച്ചിരുന്നത്.

Content Highlight: Samasta leader Nasser Faizy remarks that C.P.I(M) is working behind mixed marriages