| Friday, 10th February 2023, 11:52 pm

'പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും'; അധിക്ഷേപ പരമാര്‍ശവുമായി നാസര്‍ ഫൈസി കൂടത്തായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ പ്രഗ്നന്‍സിയെ അധിക്ഷേപിച്ച് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ‘കോലം കെട്ടിയാലും ഗര്‍ഭം മറുലിംഗം ധരിക്കില്ല’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും എന്നോര്‍ക്കണമെന്നും നാസര്‍ ഫൈസി പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയക്കും സഹദിനും കുഞ്ഞു പിറന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കിടയിലാണ് നാസര്‍ ഫൈസി കൂടത്തായിയുടെ കുറിപ്പ്.

‘എല്ലാ ഗര്‍ഭിണികളേയും പോലെ ആ ‘ട്രാന്‍സ് ജന്‍ഡറി ”നും സുഖപ്രസവം കിട്ടട്ടെ.
ഇവിടെ പെണ്ണ് ഇന്ദ്രിയം നല്‍കുകയോ ആണ് ഗര്‍ഭം ധരിക്കുകയോ ചെയ്തിട്ടില്ല. ഒരു പെണ്‍കുട്ടി ആണാവാന്‍ കൊതിച്ച് തന്റെ സ്തനങ്ങള്‍ മുറിച്ചുമാറ്റി. ആണ്‍ കുട്ടി പെണ്‍ കോലവും കെട്ടി. അല്ലാതെന്ത്?

പെണ്‍ കോലം കെട്ടിയവന്‍ ആണ്‍ കോലം കെട്ടിയവളില്‍ നിന്ന് ഗര്‍ഭം ധരിച്ചാല്‍ പ്രകൃതിയേയും മതത്തേയും വെല്ലുവിളിച്ചേനെ. പെണ്ണിന്റെ
സ്തനം മുറിച്ചൊഴി വാക്കിയാല്‍ ആണിന്റെ ഉദരത്തില്‍ ഗര്‍ഭപാത്രം വളരില്ല. ലിംഗം മാറിയെന്ന് പറയുമ്പോഴും ഗര്‍ഭം ധരിച്ചത് പെണ്ണ് തന്നെയാണ്. പേരുകള്‍ മാറ്റിയെഴുതിയാല്‍ ഗര്‍ഭപാത്രം ഉരുണ്ടിറങ്ങി ഇണയുടെ ഉദരത്തില്‍ ഉരുണ്ടുകൂടില്ല.
പെണ്‍ കോലം കെട്ടുന്നതിന് മുമ്പ് ആണ് ലിംഗവും വൃഷ്ണവും മുറിച്ചൊഴിച്ചിരുന്നെങ്കില്‍ സംഗതി കാണാമായിരുന്നു,’ നാസര്‍ ഫൈസി പറഞ്ഞു.

അച്ഛന്‍ കോലം കെട്ടിയ ആ മാതാവ് സുഖമായി പ്രസവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാമെന്നും കുഞ്ഞിന്റെ ജന്മാവകാശമായ മൂലപ്പാല്‍ തടഞ്ഞത് മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

‘സ്തനം മുറിച്ചത് അഭിമാനത്തോടെ കാണുന്ന പെണ്‍കുട്ടി അച്ഛനഭിനയിക്കുമ്പോഴും മൂലയൂട്ടാനാവാത്ത മാതൃനൊമ്പരം ഗര്‍ഭം പൂര്‍ണതയിലേക്കടുക്കുമ്പോള്‍ വര്‍ധിക്കുകയാണ്.
കുഞ്ഞിന്റെ ജന്മാവകാശമായ മൂലപ്പാല്‍ തടഞ്ഞവര്‍ മനുഷ്യവാകാശ ലംഘനമാണ് നടത്തിയത്. ആത്മീയ ചൂഷകര്‍ മുലപ്പാല്‍ തടഞ്ഞു എന്ന് അന്തിച്ചര്‍ച്ച നടത്തിയവര്‍ ഈ കുഞ്ഞിന്റെ അവകാശം തടഞ്ഞതിനെ എങ്ങിനെ ചര്‍ച്ചക്കെടുക്കും.

അച്ഛന്‍ കോലം കെട്ടിയ ആ മാതാവ് സുഖമായി പ്രസവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
കോലം കെട്ടികളേ നിങ്ങള്‍ ഒരു പ്രകൃതിയേയും പാരമ്പര്യത്തേയും മതത്തേയും ജീവ ശാസ്ത്രത്തേയും തോല്‍പ്പിച്ചിട്ടില്ല. മാറ്റിമറിച്ചിട്ടുമില്ല. കോലം മാറിക്കെട്ടി എന്നു മാത്രം.
പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും എന്നോര്‍ക്കണം,’ നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

Content Highlight: Samasta leader Nasser Faizi has come under fire for insulting transgender pregnancy

We use cookies to give you the best possible experience. Learn more