| Friday, 25th November 2022, 10:41 am

ഫുട്‌ബോള്‍ ലഹരിയാകരുത്; ധൂര്‍ത്തടിച്ച് കട്ടൗട്ടുകള്‍ വെക്കുന്ന താരാരാധനക്കെതിരെ വെള്ളിയാഴ്ച പള്ളികളില്‍ നിര്‍ദേശം നല്‍കും; സമസ്ത ഖുത്വുബ കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിനിടെ ഫുട്‌ബോള്‍ ലഹരിയാകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമുള്ള മുന്നറിയിപ്പുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഖുത്വുബ കമ്മിറ്റി.

കളിയെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആരാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ലെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നത്.

“ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ രാത്രിയിലും അർധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളിൽ കളി കാണുന്നവർ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങൾക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്‌ബോൾ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്,’  എന്നാണ് ഖുത്വുബ കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നത്.

പള്ളികളില്‍ വെള്ളിയാഴ്ച ജുമഅക്ക് ശേഷം ഇതുസംന്ധിച്ച് നിര്‍ദേശം നല്‍കുമെന്ന് ഖുത്വുബ സംസ്ഥാന കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

കളിയെ കളിയായി മാത്രം കാണേണ്ടതുണ്ടെന്നും അതിനപ്പുറത്തുള്ള ഒരുതരം ജ്വരത്തിലേക്ക് മാറ്റരുതെന്നും നാസര്‍ ഫൈസി പറഞ്ഞു. തങ്ങള്‍ പുതിയ തലമുറയുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്, പക്ഷെ അത് ജ്വരമായി മാറരുത്. വമ്പിച്ച ധൂര്‍ത്ത് നടത്തുന്നതും ശരിയായ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ഫുട്‌ബോളിനെ കാണണം. അതിന് പകരം ഒരു താരാരാധനയിലേക്കും, അന്യ ദേശത്തിന്റെ പതാകകള്‍ സ്വന്തം ദേശത്തെക്കാളേറെ സ്‌നേഹിക്കത്ത വിധത്തിലേക്ക് കാര്യങ്ങള്‍ മാറുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍, ഭക്ഷണത്തിന് പോലും മനുഷ്യന്‍ പ്രയാസമനുഭവിക്കുമ്പോള്‍, വലിയ സമ്പത്താണ് കട്ടൗട്ടുകള്‍ ഉയര്‍ത്താനും മറ്റും ചെലവഴിക്കുന്നത്.

കുട്ടികളുടെ പഠനങ്ങള്‍ക്ക് പോലും ഭംഗം വരുന്നതിലേക്ക് കാര്യങ്ങള്‍ പോകുന്നുണ്ട്. പലരും പള്ളികളില്‍ പ്രാര്‍ത്ഥനക്ക് എത്തേണ്ട സമയത്ത്, കളികാണാന്‍ വേണ്ടി സമയം ചെലഴിക്കുകയാണ്,’ നാസര്‍ ഫൈസി പറഞ്ഞു.

മുമ്പും സമസ്ത ഇത്തരം ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. ഇതില്‍ ഒരു യാഥാസ്ഥിതികത ഇല്ലെന്നും പുരോഗമനവാദികള്‍ എന്ന് പറയുന്നവര്‍ പോലും ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളി കളിയായി കണ്ട് മാത്രം അതിനെ ആസ്വദിക്കാനാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഖുതുബ കമ്മിറ്റി നിര്‍ദേശം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Samasta Kerala Jamiyatul Ulama Qutuba Committee warns against getting addicted to football and star worship during World Cup football excitement

We use cookies to give you the best possible experience. Learn more