സമസ്ത- സി.ഐ.സി വിഭാഗീയത കനക്കുന്നു; സമസ്തയുടെ അനുമതി വാങ്ങാതെ കരാറുണ്ടാക്കരുതെന്ന് വാഫി, വഫിയ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം
Kerala News
സമസ്ത- സി.ഐ.സി വിഭാഗീയത കനക്കുന്നു; സമസ്തയുടെ അനുമതി വാങ്ങാതെ കരാറുണ്ടാക്കരുതെന്ന് വാഫി, വഫിയ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th November 2022, 8:04 pm

കോഴിക്കോട്: വാഫി, വഫിയ്യ സ്ഥാപനങ്ങള്‍ക്ക് പുതിയ കരാറുകളില്‍ ഒപ്പിടല്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്തയുമായി കൂടി ആലോചിച്ച് രേഖാമൂല അനുമതി വാങ്ങിയായിരിക്കണം പുതുതായി ഉണ്ടാക്കുന്ന ഏത് തരത്തിലുള്ള കരാറുകളിലും ഒപ്പിടാവൂ എന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍ദേശം നല്‍കിയത്.

സമസ്ത- സി.ഐ.സി വിഭാഗീയതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് സമസ്തയുടെ പുതിയ നിര്‍ദേശം.

വ്യാഴാഴ്ച സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ചേളാരിയില്‍ ചേര്‍ന്ന പോഷക സംഘടന ഭാരവാഹികളുടെ നേതൃയോഗം ബഹളത്തില്‍ കലാശിച്ചിരുന്നു. യോഗത്തില്‍ ബഹളം നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്.

പാണക്കാട് സാദിഖലി തങ്ങള്‍ അധ്യക്ഷനായ വാഫി-വഫിയ്യ കലോത്സവത്തില്‍ സഹകരിക്കേണ്ടെന്ന് സമസ്ത ജന. സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ സംഘടനകള്‍ക്ക് നല്‍കിയ കത്ത് കഴിഞ്ഞ ആഴ്ചകളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇസ്ലാമിക് കോളേജുകളില്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നായിരുന്നു സി.ഐ.സിയുടെ (കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജ്) വാഫി-വഫിയ്യ കലോത്സവത്തില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം പോഷക സംഘടനകള്‍ക്ക് സമസ്ത നല്‍കിയിരുന്നത്.

എന്നാല്‍ ഈ വിലക്ക് ലംഘിച്ച് പ്രധാന ഘടകങ്ങളായ എസ്.കെ.എസ്.എസ്.എഫിന്റേയും എസ്.വൈ.എസിന്റേയും സംസ്ഥാന പ്രസിഡന്റുമാര്‍ തന്നെ പരിപാടിയില്‍ പങ്കെടുത്തതാണ് ഏറെ ചര്‍ച്ചയായിരുന്നത്.

പാണക്കാട് കുടുംബത്തില്‍ നിന്ന് സി.ഐ.സി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, റശീദലി ശിഹാബ് തങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.