കോഴിക്കോട്: സമസ്ത കേരള ജംയ്യത്തുല്‍ ഉലമ ഇ.കെ വിഭാഗം നടത്തുന്ന നന്തി അറബിക് കോളെജ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ സേവ് ജാമിഅ ദാറുസലാം കൂട്ടായ്മ. കോളജുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കോര്‍പറേറ്റ് കമ്പനിയായ ‘ഗീ പാസു’മായി കൈകോര്‍ത്ത് മുചുകുന്ന് വലിയമലയിലെ കെട്ടിടത്തിലേക്കു മാറ്റാന്‍ നീക്കം നടത്തുന്നതായാണ് കൂട്ടായ്മയുടെ ആരോപണം.
സ്ഥാപനത്തിന്റെ ജനറല്‍ സെക്രട്ടറി നടപ്പാക്കുന്നത് സ്വജനപക്ഷപാതവും ഏകാധിപത്യ പ്രവണതകളുമാണെന്ന് കൂട്ടായ്മ ആരോപിച്ചു. കോളേജുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ മാറ്റാനുള്ള നീക്കം തടയുമെന്ന് കൂട്ടായ്മ പറഞ്ഞു.
നിരവധി സ്ഥാപനങ്ങളുള്ള കോളജിന്റെ 15 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കോര്‍പറേറ്റ് കമ്പനിക്ക് തീറെഴുതാനുള്ള ശ്രമം നടത്തുന്നതെന്നാണ് കൂട്ടായ്മ പറയുന്നത്.
നന്തിബസാറിലെ സ്ഥാപനത്തിനു മുന്നില്‍ ബുധനാഴ്ച സേവ് ജാമിഅയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.
2018 ലാണ് ഗീ പാസ് എന്ന കമ്പനി മുചുകുന്നില്‍ ഒരു കെട്ടിടമുണ്ടാക്കാന്‍ മുന്നോട്ടുവന്നത്. ആ കമ്പനിയുടെ ഉദ്ദേശ്യമെന്താണെന്ന് കമ്മിറ്റി ഭാരവാഹികള്‍ അന്വേഷിച്ചപ്പോള്‍ സെക്രട്ടറി പറഞ്ഞത് അവര്‍ കെട്ടിടമുണ്ടാക്കി താക്കോല്‍ നമുക്ക് കൈമാറുമെന്നാണെന്ന് പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്ത് കൊണ്ട് പുതിയേക്കല്‍ ബഷീര്‍ പറഞ്ഞു.
‘കെട്ടിട നിര്‍മാണം പൂര്‍ത്തിയായതോടെ ഈ സ്ഥാപനങ്ങള്‍ മൊത്തം എങ്ങനെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തീറെഴുതാന്‍ സാധിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളായി,’ ബഷീര്‍ പറയുന്നു.
കോളജ് ജനറല്‍ സെക്രട്ടറിക്കെതിരെ സോഷ്യല്‍ മീഡിയയിലും വലിയ ആരോപണമുയരുന്നുണ്ട്. ട്രസ്റ്റിലും കമ്മിറ്റിയിലും കമ്പനിയുടെയും ജനറല്‍ സെക്രട്ടറിയുടെയും സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ നീക്കം നടക്കുന്നതായും അവര്‍ പറഞ്ഞു.