മലപ്പുറം: അന്യപുരുഷന്മാരുടെ മുമ്പില്‍ സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്ന് സമസ്ത കാന്തപുരം വിഭാഗം. സ്ത്രീകളും പുരുഷന്മാരും തമ്മില്‍ ഇടകലര്‍ന്നുള്ള വ്യായാമം വേണ്ടെന്നും കാന്തപുരം വിഭാഗം പറഞ്ഞു. ഇന്നലെ (വെള്ളി) നടന്ന മുശാവറ യോഗത്തിന്റേതാണ് തീരുമാനം.
വ്യായാമം മത നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കണമെന്നും മതത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള ഗാനങ്ങളും പ്രചരണങ്ങളും പാടില്ലെന്നും കാന്തപുരം വിഭാഗം പറഞ്ഞു.
മതത്തിനെതിരായ ക്ലാസുകള്‍ സംഘടിപ്പിക്കരുതെന്നും കാന്തപുരം വിഭാഗം പറഞ്ഞു. നേരത്തെ മെക് സെവന്‍ വ്യായാമ കൂട്ടായ്മയെ വിമര്‍ശിച്ച് കാന്തപുരം വിഭാഗം നേതാവായ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി രംഗത്തെത്തിയിരുന്നു.
മതത്തിനുള്ളിലേക്ക് പുത്തന്‍ ആശയങ്ങള്‍ തിരുകികയറ്റാന്‍ ജമാഅത്തെ ഇസ്‌ലാമിയാണ് ശ്രമിക്കുന്നതെന്നും ഇതിന് പിന്നിലുള്ള മറ്റു നീക്കങ്ങള്‍ പരിശോധിക്കണമെന്നുമാണ് പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പറഞ്ഞത്.
കോഴിക്കോട് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനനും മെക് സെവനുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
മെക് സെവന് പിന്നില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആണെന്നാണ് പി. മോഹനന്‍ പറഞ്ഞത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും ഈ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പരിശോധിച്ചപ്പോള്‍ അതില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഉണ്ടെന്ന് കണ്ടെത്തി എന്നുമായിരുന്നു പി. മോഹനന്‍ ആരോപിച്ചത്.
അതേസമയം മെക് സെവനുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് സംഘടനയുടെ അംബാസിഡറായ ബാവ അറക്കല്‍ പ്രതികരിച്ചിരുന്നു. 2012ലാണ് സൈന്യത്തില്‍ നിന്ന് വിരമിച്ച മലപ്പുറം തുറക്കല്‍ സ്വദേശി സലാഹുദ്ദീന്‍ എന്ന വ്യക്തി മെക് സെവന്‍ എന്ന വ്യായാമ കൂട്ടായ്മക്ക് രൂപം നല്‍കിയത്.
വിവിധ വ്യായാമ മുറകള്‍ ഏഴെണ്ണമാക്കി സംയോജിപ്പിച്ച രീതിയാണിത്. 2012ലാണ് ഒദ്യോഗികമായി തുടങ്ങിയതെങ്കിലും 2022 മുതലാണ് ഇത് സജീവമായത്.
കൊവിഡിന് ശേഷം ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്താന്‍ തുടങ്ങിയത് ഈ സംവിധാനത്തിന്റെ പെട്ടെന്നുള്ള പ്രചാരത്തിന് കാരണമായതായാണ് വിലയിരുത്തല്‍.
Content Highlight: Samasta Kanthapuram section with the controversial remark that ‘women should’nt exercise in front of other men’