| Wednesday, 8th May 2024, 3:10 pm

ലീഗിന്റെ ഭാരവാഹികളെ തീരുമാനിക്കുന്നത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യം, പി.എം.എ സലാമിനെ മാറ്റാന്‍ സമസ്ത പറഞ്ഞിട്ടില്ല: സാദിഖലി തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി.എം.എ. സലാമിനെ മാറ്റണമെന്ന് പറഞ്ഞ സമസ്താ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ സാദിഖലി തങ്ങള്‍. മുസ്‌ലിം ലീഗിന്റെ ഭാരവാഹികളെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

ലീഗിന്റെ സംസ്ഥാന കൗണ്‍സിലാണ് ഭാരവാഹികളെ തീരുമാനിക്കുക. ലീഗിന്റെ ജനറല്‍ സെക്രട്ടറിയെ മാറ്റാന്‍ സമസ്ത പറഞ്ഞിട്ടില്ലെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫ് വിജയിക്കും. പൊന്നാനിയില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മത്സരം നടന്നത്. മറ്റൊരു ഘടകവും പൊന്നാനിയില്‍ ഉണ്ടായിട്ടില്ല,’ സാദിഖലി തങ്ങള്‍ പറഞ്ഞു. പൊന്നാനിയില്‍ സമസ്തയുടെ പിന്തുണ തനിക്കാണെന്ന എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.എസ്. ഹംസയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പി.എം.എ. സലാമിനെതിരെ നേരത്തെ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സമസ്തയും ലീഗും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം പി.എം.എ. സലാം ആണെന്നായിരുന്നു ഉമര്‍ ഫൈസി പറഞ്ഞത്. ലീഗിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നതെന്നും ഉമര്‍ ഫൈസി പറഞ്ഞിരുന്നു.

പൊന്നാനിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ഹംസയെ സമസ്ത പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് കാരണമായി. മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.കെ. നജാഫ് ഉള്‍പ്പടെയുള്ളവര്‍ ഉമര്‍ ഫൈസിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.

Content Highlight: Samasta has not said to change PMA Salam; Sadiq Ali Shihab Thangal

We use cookies to give you the best possible experience. Learn more