| Thursday, 25th August 2022, 6:54 pm

ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ 4,000 മഹല്ലുകളില്‍ ബോധവത്കരണം നടത്താനൊരുങ്ങി സമസ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ പ്രചരണം ശക്തമാക്കാനൊരുങ്ങി സമസ്ത. സംഘടനക്ക് കീഴിലുള്ള 4,000 മഹല്ലുകളില്‍ ബോധവത്കരണം ശക്തമാക്കാനാണ് സമസ്തയുടെ തീരുമാനം. തിരുത്തേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

സമസ്ത കേരള ജംഇയത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റി നടത്തിയ ‘ജെന്‍ഡര്‍ ന്യൂട്രാലിറ്റി: തത്വം, പ്രയോഗം, ആഘാതം’ എന്ന വിഷയത്തില്‍ നടത്തിയ ഖുത്വബ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖുത്വബ സെമിനാര്‍ മാതൃകയില്‍ സംസ്ഥാനത്തെ നൂറ് മേഖലകളില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കും. ഇതില്‍ പരിശീലനം നേടിയവരെ ഉപയോഗപ്പെടുത്തി നാലായിരത്തോളം വരുന്ന സമസ്ത മഹല്ലുകളില്‍ ബോധവത്കരണ പരിപാടി നടത്താനാണ് സമസ്തയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ കൈപുസ്തകത്തിലും ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയ നടപടി സമസ്ത ആശങ്കയോടെയാണ് കാണുന്നത്. ഇതിനെതിരെ ബോധവത്കരണം സംഘടിപ്പിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുമായി ഈ മാസം 30ന് നടത്തുന്ന കൂടികാഴ്ച്ചയിലും സമസ്ത ഇക്കാര്യം ഉന്നയിക്കും.

പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ കരട് സമീപന രേഖയില്‍ മാറ്റം വരുത്തി ‘ലിംഗസമത്വ ഇരിപ്പിടം’ എന്ന വാക്ക് ഒഴിവാക്കിയതിനെ സമസ്ത സ്വാഗതം ചെയ്തിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തിലും പാഠ്യപദ്ധതി കരടിലുണ്ടായിരുന്ന പരാമര്‍ശങ്ങളിലും സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്ന് ഓഗസ്റ്റ് 11ന് ചേര്‍ന്ന സമസ്ത മുശാവറ പ്രമേയം പാസാക്കിയിരുന്നു.

അതേസമയം, വിദ്യാലയങ്ങളില്‍ ലിംഗസമത്വം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം സഭയില്‍ വ്യക്തമാക്കിയിരുന്നു.

ഒരുതരം വേഷവിധാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.

Content Highlight: Samasta going to intensify the campaign against gender neutrality; will conduct campaign in mahals

We use cookies to give you the best possible experience. Learn more