| Wednesday, 12th July 2023, 11:58 pm

ലിംഗ സമത്വം വേണമെന്ന എം.വി. ഗോവിന്ദന്റെ നിലപാട് ശരിയല്ല; മതാചാരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുത്: സുന്നി നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വ്യക്തി നിയമത്തില്‍ മാറ്റം വേണമെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടിനെതിരെ സുന്നി നേതാക്കള്‍. ലിംഗ സമത്വം വേണമെന്ന നിലപാട് ശരിയല്ലെന്നും മതാചാരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുതെന്നും സമസ്തയുടെ പോഷക സംഘടനയായ മഹല്ല് ഫെഡറേഷനാണ് വാര്‍ത്താ കുറിപ്പിറക്കിയത്.

വ്യക്തി നിയമങ്ങള്‍ സംരക്ഷിക്കാനാണ് ഏക സിവില്‍കോഡിനെ എതിര്‍ക്കുന്നതെന്നും എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. ഷാഫി ഹാജി, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് എന്നിവര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

‘ഇസ്‌ലാമിക സ്വത്തവകാശത്തില്‍ സ്ത്രീവിവേചനമില്ല. സ്ത്രീയുടെയും കുടുംബത്തിന്റെയും എല്ലാ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്. സ്ത്രീ സ്വന്തം സ്വത്തില്‍ നിന്ന് അവരുടെ ആവശ്യത്തിന് പോലും ചെലവഴിക്കേണ്ടെന്നാണ് ശരീഅത്ത് അനുശാസിക്കുന്നത്.

ഇത് ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കുന്ന മഹനീയ പരിഗണനയാണ് വ്യക്തമാകുന്നത്. എന്നിട്ടും അനന്തര സ്വത്തില്‍ നിന്ന് പുരുഷന് ലഭിക്കുന്നതിന്റെ പകുതി സ്ത്രീക്ക് നല്‍കണമെന്ന് ഇസ്‌ലാം പറയുന്നതിലൂടെ സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശമാണ് ലഭിക്കുന്നത്.

ഇതൊന്നും തിരിച്ചറിയാതെയാണ് ഇസ്‌ലാം വിമര്‍ശകര്‍ അബദ്ധങ്ങള്‍ ഉന്നയിക്കുന്നത്. ഈ വാദങ്ങള്‍ തന്നെയാണ് കമ്മ്യൂണിസ്റ്റുകാരും അനവസരത്തില്‍ ആവര്‍ത്തിക്കുന്നത്,’ ഫെഡറേഷന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഏക സിവില്‍കോഡ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത രംഗത്തെത്തിയിരുന്നു. സി.പി.ഐ.എമ്മുമായി സഹകരിക്കുമെന്നും സെമിനാറില്‍ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു.

ഏക സിവില്‍കോഡില്‍ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ശേഷം എന്ത് വേണമെന്ന് തീരുമാനിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കേരളത്തില്‍ ഈ വിഷയത്തില്‍ ആര് നല്ല പ്രവര്‍ത്തനം നടത്തിയാലും അവര്‍ക്കൊപ്പം നില്‍ക്കും. ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പവും നില്‍ക്കുമെന്നും സമസ്ത അറിയിച്ചിരുന്നു.

Content Highlights: Samasta against the women equality comment of mv govindan

Latest Stories

We use cookies to give you the best possible experience. Learn more