ആലപ്പാട് ഖനനം നിര്‍ത്തിവെച്ചശേഷം ചര്‍ച്ചയാകാമെന്ന് സമരസമിതി
#Save_Alappad
ആലപ്പാട് ഖനനം നിര്‍ത്തിവെച്ചശേഷം ചര്‍ച്ചയാകാമെന്ന് സമരസമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 10:47 am

 

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിയശേഷം ചര്‍ച്ചയാകാമെന്ന് സമരസമിതി. സര്‍ക്കാര്‍ ആലപ്പാടെ ജനത്തെ വിശ്വാസത്തിലെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഖനനം നിര്‍ത്തിയശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന തീരുമാനം സമരസമിതി കൈക്കൊണ്ടിട്ടുള്ളതെന്നും സമരസമിതി നേതാവ് ശ്രീകുമാര്‍ പറഞ്ഞു.

തികച്ചും ശാസ്ത്രീയമായ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇനിയും ഖനനം തുടരരുതെന്ന് സമിതി ആവശ്യപ്പെടുന്നത്. വളരെ നിഷേധാത്മകമായ നിലപാടാണ് സര്‍ക്കാര്‍ സമരത്തോട് ഇതുവരെ സ്വീകരിച്ചുവന്നത്. കായലിനും കടലിനും ഇടയില്‍ മണല്‍ ബണ്ടുപോലെയാണ് ഈ പ്രദേശം. അതുകൊണ്ടുതന്നെ അശാസ്ത്രീയമായുള്ള ഈ ഖനനം താങ്ങാനുള്ള ശക്തി ഈ ഭൂമിക്ക് ഇല്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.

Also read:“”ഡിസാസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ “”എന്ന പേരില്‍ മറ്റൊരു സിനിമ എടുക്കേണ്ടിയിരിക്കുന്നു; മോദിക്കെതിരെ മമത ബാനര്‍ജി

മണല്‍ കൊണ്ടുപോയ കായലിനു കിഴക്കുവശത്തുള്ള പ്രദേശത്ത് ഉപ്പുവെള്ളം കയറുമെന്ന യാഥാര്‍ത്ഥ്യം കൂടി സമരസമിതിക്കു മുമ്പിലുണ്ട്. ഇത് കേവലം ആലപ്പാടിന്റെ മാത്രം പ്രതിരോധമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപാധികള്‍ മുന്നില്‍വെച്ചു മാത്രമേ ചര്‍ച്ചയുള്ളൂ എന്ന നിലപാടില്‍ നിന്ന് സമരസമിതി പിന്മാറണമെന്ന് കരുനാഗപ്പള്ളി എം.എല്‍.എ ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. സമരസമിതി അതിന് തയ്യാറാകണമെന്നും രാമചന്ദ്രന്‍ പറഞ്ഞു.