| Sunday, 4th June 2023, 10:53 pm

പുതിയ സീരീസില്‍ പ്രിയങ്കയുടെ അമ്മയാവാന്‍ സാമന്ത; അച്ഛനായി ബോളിവുഡ് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയങ്ക ചോപ്ര, റിച്ചാര്‍ഡ് മാഡന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റൂസോ ബ്രദേഴ്‌സ് ഒരുക്കിയ സിറ്റാഡല്‍ വലിയ ആരാധകരെയാണ് നേടിയെടുത്തത്. സീരിസ് ഹിറ്റായതോടെ സിറ്റാഡലിന്റെ രണ്ടാം ഭാഗവും ആമസോണ്‍ പ്രൈം പ്രഖ്യാപിച്ചിരുന്നു. സീരിസിന്റെ പ്രീക്വലായാവും രണ്ടാം ഭാഗം എത്തുക.

സീരിസിനെ പറ്റി ആകാംക്ഷയുണര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിറ്റാഡല്‍ പ്രീക്വലില്‍ പ്രിയങ്ക അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തിന്റെ അമ്മയായി സാമന്തയായിരിക്കും എത്തുക. ഈ കഥാപാത്രത്തിന്റെ അച്ഛനെ അവതരിപ്പിക്കുന്നതാവട്ടെ ബോളിവുഡ് താരം വരുണ്‍ ധവാനും.

എന്നാല്‍ ഈ വാര്‍ത്ത എത്തിയതോടെ സിറ്റാഡല്‍ ആരാധകരാകെ കണ്‍ഫ്യൂഷനിലായിരിക്കുകയാണ്. കാരണം അടുത്തിടെ സിറ്റാഡലിന്റെ ഇന്ത്യന്‍ വേര്‍ഷനില്‍ നായികാനായകന്മാരായി എത്തുന്നതും സാമന്തയും വരുണുമാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ സിറ്റാഡല്‍ പ്രീക്വലും ഇന്ത്യന്‍ വേര്‍ഷനും വ്യത്യസ്തമാണെന്നും രണ്ടും രണ്ട് കാലത്ത് നടക്കുന്ന സംഭവങ്ങളായിരിക്കുമെന്നും സീരിസിനോട് അനുബന്ധിച്ച കേന്ദ്രങ്ങള്‍ പറഞ്ഞതായി ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സാമന്ത നായികയാവുന്ന സിറ്റാഡലില്‍ പ്രിയങ്കയുടെ കഥാപാത്രം ചെറിയ കുട്ടിയായിട്ടായിരിക്കും വരിക. അവര്‍ പരസ്പരം കണ്ടുമുട്ടില്ല. ഇന്ത്യന്‍ സിറ്റാഡലിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാത്തതിനാല്‍ തന്നെ ആരാധകര്‍ക്കിടയില്‍ ഇപ്പോഴും പല ചോദ്യങ്ങളുയരുന്നുണ്ട്.

ഇന്ത്യ, ഇറ്റലി, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യു.കെ, യു.എസ് ഉള്‍പ്പെടെ ലോകമെമ്പാടും വന്‍ വിജയം സിറ്റാഡല്‍ കൈവരിച്ചിരുന്നു. യു.എസിന് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പ്രൈം വീഡിയോയുടെ രണ്ടാമത്തെ പുതിയ സീരീസും ലോകത്തെ തന്നെ നാലാമത്തെ സീരീസുമെന്ന ബഹുമതി സിറ്റാഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.

ആറ് എപ്പിസോഡുള്ള സീരീസില്‍ റിച്ചാര്‍ഡ് മാഡന്‍, പ്രിയങ്ക ചോപ്ര ജോനാസ്, സ്റ്റാന്‍ലി ടുച്ചി, ലെസ്ലി മാന്‍വില്ലെ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറ്റ് അന്താരാഷ്ട്ര ഭാഷകള്‍ എന്നിവയില്‍ 240 രാജ്യങ്ങളിലെ പ്രദേശങ്ങളിലും ഈ ആഗോള സീരീസ് സ്ട്രീം ചെയ്തിരുന്നു.

Content Highlight: Samantha will play the mother of Priyanka’s heroine in Citadel prequel

We use cookies to give you the best possible experience. Learn more