മലയാള സിനിമയും അഭിനേതാക്കളും വലിയ സ്വാധീനമാണ് തന്നില്‍ ഉണ്ടാക്കുന്നത് എന്ന് പറയുകയാണ് സാമന്ത. അഭിനയം മറക്കുന്നത് പോലെയോ ആവര്‍ത്തനം ഉണ്ടാകുന്നത് പോലെയോ തോന്നുകയാണെങ്കില്‍ മലയാള സിനിമ കാണാറുണ്ടെന്നും സാമന്ത പറഞ്ഞു. മലയാളി അഭിനേതാക്കളെല്ലാം മികച്ച് നില്‍ക്കാറുണ്ടെന്നും ഫഹദ് ഫാസിലിന്റെ അഭിനയം കണ്ട് ഞെട്ടി പോയിട്ടുണ്ടെന്നും പുതിയ ചിത്രമായ ശാകുന്തളത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ പ്രസ് മീറ്റില്‍ സാമന്ത പറഞ്ഞു.
‘എന്തുകൊണ്ടാണ് മലയാളം പഠിപ്പിക്കാത്തത് എന്ന് ഇപ്പോഴും അമ്മയോട് ചോദിക്കും. കാരണം എന്റെ അമ്മ ആലപ്പുഴയില്‍ നിന്നുമാണ് വരുന്നത്. ഹൈദരാബാദിലായിരുന്നപ്പോള്‍ ഇത് എങ്ങനെയാണ് തെലുങ്കില്‍ പറയുന്നതെന്ന് ദേവ് ചോദിക്കുമായിരുന്നു. ഇപ്പോള്‍ ഇത് എങ്ങനെ മലയാളത്തില്‍ പറയുമെന്ന് ഞാന്‍ ദേവിനോടാണ് ചോദിക്കുന്നത്.
മലയാളത്തില്‍ എനിക്ക് ഇഷ്ടപ്പെട്ട ആക്ടറിന്റെ കൂടെ അഭിനയിക്കാന്‍ ഒരു അവസരം വന്നാല്‍ മലയാളം പഠിച്ച് ഞാന്‍ തന്നെ ഡബ്ബ് ചെയ്ത് അഭിനയിക്കും.
മലയാളി ആക്ടേഴ്‌സ് വലിയ സ്വാധീനമാണ് എന്നില്‍ ഉണ്ടാക്കുന്നത്. അഭിനയം മറക്കുന്നത് പോലെയോ അല്ലെങ്കില്‍ ആവര്‍ത്തനം ഉണ്ടാകുന്നത് പോലെയോ തോന്നുകയാണെങ്കില്‍ ഞാന്‍ മലയാളം സിനിമ കാണും. അതെനിക്ക് ഒരു ലേണിങ് എക്‌സ്പീരിയന്‍സ് ആണ്.
സൂപ്പര്‍ ഡീലക്‌സില്‍ അഭിനയിക്കുമ്പോള്‍ ഫഹദിന്റെ അഭിനയം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. അതില്‍ ഒരു ഫ്രെഷ്‌നെസ് ഉണ്ടായിരുന്നു. മലയാളിയായാല്‍ ബോണ്‍ ആക്ടിങ് ലഭിക്കുമെന്നാണ് തോന്നുന്നത്. അതെങ്ങനെ സംഭവിക്കുന്നു എന്ന് എനിക്കറിയില്ല. എല്ലാ മലയാളം ആക്ടേഴ്‌സും മികച്ച ആക്ടേഴ്‌സാണ്. മിക്ക മലയാളം സിനിമകളും കാണാറുണ്ട്, നിര്‍ഭാഗ്യവശാല്‍ സബ്‌ടൈറ്റില്‍സ് ഇട്ട്,’ സാമന്ത പറഞ്ഞു.
ഗുണ ശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളം ഏപ്രില്‍ 24നാണ് റിലീസ് ചെയ്യുന്നത്. ദേവ് മോഹനാണ് ചിത്രത്തില്‍ നായകനാവുന്നത്.
Content Highlight: samantha talks about fahad faasil’s acting