ദിലീപ് നായകനായ ക്രേസി ഗോപാലനില്‍ ആദ്യം നായിക ആവേണ്ടിയിരുന്നത് സാമന്ത ആയിരുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. സാമന്തയെ പിന്നീട് ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ സാമന്ത തന്നെ മറുപടി നല്‍കുകയാണ്.
ശാകുന്തളം എന്ന പുതിയ ചിത്രത്തിന്റെ കൊച്ചിയിലെ പ്രസ് മീറ്റിലാണ് സാമന്തയുടെ തുറന്ന് പറച്ചില്‍. അന്ന് ദിലീപ് ചിത്രത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്, ഇന്ന് ശാകുന്തളത്തിന്റെ പ്രൊമോഷനായി കേരളത്തില്‍ എത്തിനില്‍ക്കുന്നു, പിറകിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ എന്ത് തോന്നുന്നു എന്നായിരുന്നു ചോദ്യം.
‘ഒരുപാട് ഓഡിഷനുകളില്‍ നിന്നും റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ മറന്നുപോയി. കരിയറിന്റെ തുടക്കത്തില്‍ റിജക്ട് ചെയപ്പെട്ടിട്ടുണ്ട് എന്നത് ഓര്‍ക്കുന്നുണ്ട്.
ഇതുവരെയുള്ള യാത്രയില്‍ എനിക്ക് ഫുള്‍ ക്രെഡിറ്റ് എടുക്കാനാവില്ല. ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ആളുകളുമൊത്ത് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. എന്റെ വിജയം അവര്‍ക്കൊപ്പം പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ കരിയറില്‍ പല സമയത്ത് ഒരു സ്റ്റെപ്പ് കൂടുതല്‍ മുന്നോട്ട് വെക്കാന്‍ സഹായിച്ചത് അവരാണ്,’ സാമന്ത പറഞ്ഞു.
മലയാളി താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതിനെ പറ്റിയും സാമന്ത സംസാരിച്ചു. ‘മലയാളി താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നത് ഒരു ആക്ടിങ് സ്‌കൂളില്‍ പോകുന്നത് പോലെയാണ്. സാധാരണ ഗതിയില്‍ ആക്ടേഴ്‌സിന് ഒരു റിഥമുണ്ട്. ഈ സീനില്‍ സാമന്ത ഇതായിരിക്കും ചെയ്യാന്‍ പോവുക എന്ന് പറയാന്‍ പറ്റും. എന്നാല്‍ മലയാളി ആക്ടേഴ്‌സിന്റെ കാര്യത്തില്‍ സര്‍പ്രൈസുകള്‍ സംഭവിക്കാറുണ്ട്. അവര്‍ നിങ്ങളെ സര്‍പ്രൈസ് ചെയ്യും.
ഫഹദ് ഫാസില്‍ ഇതായിരിക്കും ചെയ്യുക എന്ന് വിചാരിക്കും. എന്നാല്‍ അദ്ദേഹം അതായിരിക്കില്ല ചെയ്യുക. മിക്ക മലയാളി ആക്ടേഴ്‌സിന് അഭിനയത്തില്‍ ആ എഡ്ജ് ഉണ്ട്. അത് വളരെ ഇന്‍സ്‌പൈറിങ്ങാണ്,’ സാമന്ത പറഞ്ഞു.
Content Highlight: samantha’s response for being rejected from dileep movie