സാമന്തക്കെതിരെ വിമര്‍ശനമുന്നയിച്ച് കഴിഞ്ഞ ദിവസം നിര്‍മാതാവ് ചിട്ടി ബാബു രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സാമന്തയുടെ കരിയര്‍ അവസാനിച്ചെന്നും സിനിമാ പ്രൊമോഷനിടയില്‍ കരഞ്ഞ് മറ്റുള്ളവരുടെ അനുതാപം നേടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചിട്ടിബാബുവിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടിലൂടെയാണ് സാമന്ത നിര്‍മാതാവിന് മറുപടി നല്‍കിയത്. ‘എങ്ങനെയാണ് ആളുകള്‍ക്ക് ചെവിയില്‍ നിന്നും മുടി വളരുന്നതെന്ന്.’ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് സാമന്ത പങ്കുവെച്ചത്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ധിക്കുന്നതാണ് ചെവിയില്‍ മുടി വളരുന്നതിന്റെ കാരണമായി ഗൂഗിള്‍ മറുപടി നല്‍കിയിരിക്കുന്നത്. സ്‌ക്രീന്‍ ഷോട്ടിനൊപ്പം ‘#IYKYK’ (If you know you know) എന്നും സാമന്ത കുറിച്ചിട്ടുണ്ട്.
സാമന്തയുടെ പുതിയ ചിത്രമായ ശാകുന്തളം പരാജയപ്പെട്ടതിന് പിന്നാലെയാണ് വിമര്‍ശനമുന്നയിച്ച് ചിട്ടി ബാബു രംഗത്ത് വന്നത്.
വിവാഹമോചനത്തിന് ശേഷം സാമന്ത പുഷ്പയിലെ ‘ഓ അണ്ടാവാ’ എന്ന ഐറ്റം സോങ് ചെയ്തത് ജീവിക്കാനുള്ള മാര്‍ഗത്തിനു വേണ്ടിയാണെന്നും താരപദവി നഷ്ടപ്പെട്ടതോടെ മുന്നില്‍ വരുന്ന അവസരങ്ങളെല്ലാം അവര്‍ സ്വീകരിക്കുകയാണെന്നും ചിട്ടി ബാബു പറഞ്ഞു. ‘സൂപ്പര്‍താരം എന്ന നിലയിലുള്ള സാമന്തയുടെ കരിയര്‍ അവസാനിച്ചു. ഇനി തിരിച്ചെത്താന്‍ കഴിയുകയില്ല. ലഭിക്കുന്ന അവസരങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകാമെന്നല്ലാതെ മറ്റു വഴികളില്ല.
യശോദ സിനിമയുടെ പ്രമോഷനിടയില്‍ സാമന്ത കരഞ്ഞ് ശ്രദ്ധ നേടാന്‍ ശ്രമിച്ചു. അതിലൂടെ സിനിമ ഹിറ്റാക്കാന്‍ നോക്കുകയാണ് ചെയ്തത്. ശാകുന്തളത്തിന്റെ പ്രമോഷനും ഇതു തന്നെയാണ് അവര്‍ ചെയ്തത്. മരിക്കുന്നതിന് മുമ്പ് ഈ വേഷം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായാണ് പറഞ്ഞത്. എല്ലാ സമയത്തും സഹതാപം പിടിച്ചുപറ്റാന്‍ സാധിക്കില്ല. സിനിമ നല്ലതാണെങ്കില്‍ ജനങ്ങള്‍ കാണും. സൂപ്പര്‍താര പദവി ഇല്ലാത്ത സാമന്തയ്ക്ക് ശാകുന്തളത്തിലെ കഥാപാത്രം എങ്ങനെ ലഭിച്ചെന്ന് മനസ്സിലാകുന്നില്ല.
സാമന്തയുടെ പ്രവൃത്തി കൃത്രിമമാണ്. കഥാപാത്രത്തിന് വേണ്ടി നടീനടന്മാര്‍ നടത്തുന്ന തയ്യാറെടുപ്പുകളെ അവര്‍ വലുതാക്കി പറയുകയാണ് ചെയ്തത്. അവരുടെ എല്ലാ പ്രശ്‌നങ്ങളും പുറത്തു പറയേണ്ട യാതൊരു കാര്യവുമില്ല. അത് ശരിയല്ല. കഠിനാധ്വാനം ചെയ്യുക എന്നത് നിങ്ങളുടെ ജോലിയുടെ ഭാഗമാണ്. കഠിനാധ്വാനം ചെയ്ത നിരവധി പേരെ നമ്മള്‍ കണ്ടിട്ടുണ്ട്. അത് നടീനടന്മാരുടെ ത്യാഗമല്ല കടമയാണ്,’ ചിട്ടി ബാബു പറഞ്ഞു.
Content Hoghlight: samantha’s reply for prisucer chitti babu